1 ശമൂവേൽ 30 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ചു സിക്ലാഗിനെ ജയിച്ചു അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു. 2 അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല. 3 ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോൾ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു. 4 അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു. 5 യിസ്രെയേല്ക്കാരത്തി അഹീനോവം, കർമ്മേല്ക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു. 6 ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു. 7 ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർപുരോഹിതനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. 8 എന്നാറെ ദാവീദ് യഹോവയോടു: ഞാൻ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി. 9 അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോർതോട്ടിങ്കൽ എത്തി; ശേഷമുള്ളവർ അവിടെ താമസിച്ചു. 10 ബെസോർതോടു കടപ്പാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേർ പുറകിൽ താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടർന്നുചെന്നു. 11 അവർ വയലിൽവെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവൻ തിന്നു; അവന്നു കുടിപ്പാൻ വെള്ളവും കൊടുത്തു. 12 അവർ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോൾ അവന്നു ഉയിർവീണു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു. 13 ദാവീദ് അവനോടു: നീ ആരുടെ ആൾ? എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു അവൻ: ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു. 14 ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു. 15 ദാവീദ് അവനോടു: അപ്പരിഷയുടെ അടുക്കലേക്കു നീ വഴികാണിച്ചുതരുമോ എന്നു ചോദിച്ചതിന്നു അവൻ: നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യിൽ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ അപ്പരിഷയുടെ അടുക്കലേക്കു വഴികാണിച്ചുതരാം എന്നു പറഞ്ഞു. 16 അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ള നിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു. 17 ദാവീദ് അവരെ സന്ധ്യമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചുപോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല. 18 അമാലേക്യർ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു. 19 അവർ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു. 20 ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്ക്കാലികൾക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടു: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു. 21 ദാവീദിനോടുകൂടെ പോകുവാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോർതോട്ടിങ്കൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു. 22 എന്നാൽ ദാവീദിനോടു കൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്കു ഒന്നും കൊടുക്കരുതു, അവരെ അവർ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു. 23 അപ്പോൾ ദാവീദ്: എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്നിരുന്ന പരിഷയെ നമ്മുടെ കയ്യിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ടു നിങ്ങൾ ഇങ്ങനെ ചെയ്യരുതു. 24 ഈ കാര്യത്തിൽ നിങ്ങളുടെ വാക്കു ആർ സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്റെ ഓഹരിയും സാമാനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു. 25 അന്നുമുതൽ കാര്യം അങ്ങനെ തന്നേ നടപ്പായി; അവൻ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി. 26 ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്നു നിങ്ങൾക്കു ഒരു സമ്മാനം എന്നു പറഞ്ഞു. 27 ബേഥേലിൽ ഉള്ളവർക്കും തെക്കെ രാമോത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും 28 അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും 29 രാഖാലിലുള്ളവർക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവർക്കും 30 ഹൊർമ്മയിലുള്ളവർക്കും കോർ-ആശാനിൽ ഉള്ളവർക്കും അഥാക്കിലുള്ളവർക്കും ഹെബ്രോനിലുള്ളവർക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.