1 ശമൂവേൽ 18 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അവൻ ശൗലിനോടു സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. 2 ശൗൽ അന്നു അവനെ ചേർത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല. 3 യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു. 4 യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു. 5 ശൗൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൗൽ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സർവ്വജനത്തിന്നും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു. 6 ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു. 7 സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. 8 അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു, എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു. 9 അന്നുമുതൽ ശൗലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി. 10 പിറ്റെന്നാൾ ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു. 11 ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ടു ശൗൽ കുന്തം ചാട്ടി; എന്നാൽ ദാവീദ് രണ്ടുപ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. 12 യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൗൽ ദാവീദിനെ ഭയപ്പെട്ടു. 13 അതുകൊണ്ടു ശൗൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു. 14 ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. 15 അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗൽ കണ്ടിട്ടു അവങ്കൽ ആശങ്കിതനായ്തീർന്നു. 16 എന്നാൽ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു. 17 അനന്തരം ശൗൽ ദാവീദിനോടു: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്നു ശൗൽ വിചാരിച്ചു. 18 ദാവീദ് ശൗലിനോടു: രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു. 19 ശൗലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാര്യയായി കൊടുത്തു. 20 ശൗലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൗലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി. 21 അവൾ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴേണ്ടതിന്നും ഞാൻ അവളെ അവന്നു കൊടുക്കും എന്നു ശൗൽ വിചാരിച്ചു ദാവീദിനോടു: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു. 22 പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോടു: നിങ്ങൾ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചു: ഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിൻ എന്നു കല്പിച്ചു. 23 ശൗലിന്റെ ഭൃത്യന്മാർ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്: രാജാവിന്റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങൾക്കു തോന്നുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു. 24 ശൗലിന്റെ ദൃത്യന്മാർ: ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു. 25 അതിന്നു ശൗൽ: രാജാവിന്റെ ശത്രുക്കൾക്കു പ്രതികാരം ആകുവാൻ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങൾ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൗൽ കരുതിയിരുന്നു. 26 ഭൃത്യന്മാർ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന്നു സന്തോഷമായി; 27 അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചർമ്മം കൊണ്ടുവന്നു താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണംകൊടുത്തു. ശൗൽ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു. 28 യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൗലിന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൗൽ കണ്ടറിഞ്ഞപ്പോൾ, 29 ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്റെ നിത്യശത്രുവായ്തീർന്നു. 30 എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന്നു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാർത്ഥനായിരുന്നു; അവന്റെ പേർ വിശ്രുതമായ്തീർന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.