Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ശമൂവേൽ 14 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ല താനും.

2 ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ.

3 ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല.

4 യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേർ.

5 ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.

6 യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നമുക്കു ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.

7 ആയുധവാഹകൻ അവനോടു: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

8 അതിന്നു യോനാഥാൻ പറഞ്ഞതു: നാം അവരുടെ നേരെ ചെന്നു അവർക്കു നമ്മെത്തന്നെ കാണിക്കാം;

9 ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്നു അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്ക്കേണം.

10 ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും.

11 ഇങ്ങനെ അവർ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോൾ: ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു.

12 പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോടു: എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

13 അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവർ യോനാഥന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.

14 യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്റെ പാതി നീളത്തിന്നകം ഇരുപതുപേർ വീണു.

15 പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.

16 അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്നു ശൗലിന്റെ കാവല്ക്കാർ നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഓടുന്നതു കണ്ടു.

17 ശൗൽ കൂടെയുള്ള ജനത്തോടു: എണ്ണിനോക്കി നമ്മിൽനിന്നു പോയവർ ആരെന്നറിവിൻ എന്നു കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.

18 ശൗൽ അഹീയാവിനോടു: ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്തു യിസ്രായേൽമക്കളുടെ അടുക്കൽ ഉണ്ടായിരുന്നു.

19 ശൗൽ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വർദ്ധിച്ചുവന്നു. അപ്പോൾ ശൗൽ പുരോഹിതനോടു: നിന്റെ കൈ വലിക്ക എന്നു പറഞ്ഞു.

20 ശൗലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവർ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.

21 മുമ്പെ ഫെലിസ്ത്യരോടു ചേർന്നു ചുറ്റുമുള്ള ദേശത്തുനിന്നു അവരോടുകൂടെ പാളയത്തിൽ വന്നിരുന്ന എബ്രായരും ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം തിരിഞ്ഞു.

22 അങ്ങനെ തന്നേ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും ഫെലിസ്ത്യർ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേർന്നു അവരെ പിന്തുടർന്നു.

23 അങ്ങനെ യഹോവ അന്നു യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻവരെ പരന്നു.

24 സന്ധ്യക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ശൗൽ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്നു വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.

25 ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേൻ ഉണ്ടായിരുന്നു.

26 ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.

27 യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു.

28 അപ്പോൾ ജനത്തിൽ ഒരുത്തൻ: ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു പറഞ്ഞു നിന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.

29 അതിന്നു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?

30 ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്നു അവർ എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്രനന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.

31 അവർ അന്നു മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി.

32 ആകയാൽ ജനം കൊള്ളക്കു ഓടിച്ചെന്നു ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു.

33 ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൗലിന്നു അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു.

34 പിന്നെയും ശൗൽ: നിങ്ങൾ ജനത്തിന്റെ ഇടയിൽ എല്ലാടവും ചെന്നു അവരോടു ഓരോരുത്തൻ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്നു ഇവിടെവെച്ചു അറുത്തു തിന്നു കൊൾവിൻ; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുതു എന്നു പറവിൻ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്നു അവിടെവെച്ചു അറുത്തു.

35 ശൗൽ യഹോവെക്കു ഒരു യാഗപീഠം പണിതു; അതു അവൻ യഹോവെക്കു ആദ്യം പണിത യാഗപീഠം ആയിരുന്നു.

36 അനന്തരം ശൗൽ: നാം രാത്രിയിൽ തന്നേ ഫെലിസ്ത്യരെ പിന്തുടർന്നു പുലരുവോളം അവരെ കൊള്ളയിടുക; അവരിൽ ഒരുത്തനെയും ശേഷിപ്പിക്കരുതു എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെ ഒക്കെയും ചെയ്തുകൊൾക എന്നു അവർ പറഞ്ഞപ്പോൾ: നാം ഇവിടെ ദൈവത്തോടു അടുത്തുചെല്ലുക എന്നു പുരോഹിതൻ പറഞ്ഞു.

37 അങ്ങനെ ശൗൽ ദൈവത്തോടു: ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാൽ അന്നു അവന്നു അരുളപ്പാടു ലഭിച്ചില്ല.

38 അപ്പോൾ ശൗൽ: ജനത്തിന്റെ പ്രധാനികൾ ഒക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചതു ഏതു കാര്യത്തിൽ എന്നു അന്വേഷിച്ചറിവിൻ;

39 യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അതു എന്റെ മകൻ യോനാഥാനിൽ തന്നേ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാൽ അവനോടു ഉത്തരം പറവാൻ സർവ്വ ജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.

40 അവൻ എല്ലായിസ്രായേലിനോടും: നിങ്ങൾ ഒരു ഭാഗത്തു നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നില്ക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൗലിനോടു പറഞ്ഞു.

41 അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോടു: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൗലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.

42 പിന്നെ ശൗൽ: എനിക്കും എന്റെ മകനായ യോനാഥാന്നും ചീട്ടിടുവിൻ എന്നു പറഞ്ഞു; ചീട്ടു യോനാഥാന്നു വീണു.

43 ശൗൽ യോനാഥാനോടു: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാൻ അവനോടു: ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.

44 അതിന്നു ശൗൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു.

45 എന്നാൽ ജനം ശൗലിനോടു: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവർത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല.

46 ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.

47 ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു.

48 അവൻ ശൗര്യം പ്രവർത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്നു വിടുവിക്കയും ചെയ്തു.

49 എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്കു മേരബ് എന്നും ഇളയവൾക്കു മീഖാൾ എന്നും പേരായിരുന്നു.

50 ശൗലിന്റെ ഭാര്യക്കു അഹീനോവം എന്നു പേർ ആയിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്കു അബ്നേർ എന്നു പേർ; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.

51 ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.

52 ശൗലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ യാതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേർത്തുകൊള്ളും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan