1 കൊരിന്ത്യർ 3 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു. 2 ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ. 3 നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? 4 ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ? 5 അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. 6 ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. 7 ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല. 8 നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും. 9 ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം. 10 എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. 11 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല. 12 ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; 13 ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും. 14 ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും. 15 ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ. 16 നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? 17 ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ. 18 ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. 19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു” എന്നും 20 “കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ. 21 ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു; സകലവും നിങ്ങൾക്കുള്ളതല്ലോ. 22 പൗലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളതു. 23 നിങ്ങളോ ക്രിസ്തുവിന്നുള്ളവർ; ക്രിസ്തു ദൈവത്തിന്നുള്ളവൻ. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.