Biblia Todo Logo
Bìoball air-loidhne

- Sanasan -

1 കൊരിന്ത്യർ 16 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 വിശുദ്ധന്മാർക്കു വേണ്ടിയുള്ള ധർമ്മശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.

2 ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.

3 ഞാൻ എത്തിയശേഷം നിങ്ങളുടെ ധർമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.

4 ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവർക്കു എന്നോടു കൂടി പോരാം.

5 ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.

6 ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.

7 കർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.

8 എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും.

9 എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.

10 തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.

11 ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.

12 സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.

13 ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.

14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‌വിൻ.

15 സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

16 ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

17 സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു.

18 അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.

19 ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.

20 സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‌വിൻ.

21 പൗലൊസായ എന്റെ കയ്യാൽ വന്ദനം.

22 കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവു വരുന്നു.

23 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

24 നിങ്ങൾക്കു എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan