Biblia Todo Logo
Bìoball air-loidhne

- Sanasan -

1 കൊരിന്ത്യർ 12 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.

2 നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

3 ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

4 എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.

5 ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ.

6 വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ.

7 എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.

8 ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;

9 വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;

10 മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.

11 എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.

12 ശരീരം ഒന്നും അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

13 യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

14 ശരീരം ഒരു അവയവമല്ല പലതത്രേ.

15 ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.

16 ഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.

17 ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?

18 ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു.

19 സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?

20 എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ.

21 കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും പറഞ്ഞുകൂടാ.

22 ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു.

23 ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു;

24 നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.

25 ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.

26 അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയും കൂടെ സന്തോഷിക്കുന്നു.

27 എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.

28 ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമതു ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‌വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.

29 എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരോ?

30 എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ?

31 എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan