1 കൊരിന്ത്യർ 10 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു; 2 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു 3 മോശെയോടു ചേർന്നു എല്ലാവരും 4 ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു– 5 എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. 6 ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ. 7 “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു. 8 അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു. 9 അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു. 10 അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു. 11 ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. 12 ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. 13 മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും. 14 അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ. 15 നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ. 16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? 17 അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ. 18 ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ? 19 ഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ? 20 അല്ല, ജാതികൾ ബലി കഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. 21 നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. 22 അല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ? 23 സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. 24 ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. 25 അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ. 26 ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ. 27 അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ. 28 എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു. 29 മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു? 30 നന്ദിയോടെ അനുഭവിച്ചു സ്തോത്രംചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു? 31 ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ. 32 യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ. 33 ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.