1 ദിനവൃത്താന്തം 13 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചശേഷം 2 യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞതു: നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവെക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക. 3 നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ. 4 ഈ കാര്യം സകലജനത്തിന്നും ബോധിച്ചതുകൊണ്ടു അങ്ങനെ തന്നേ ചെയ്യേണമെന്നു സർവ്വസഭയും പറഞ്ഞു. 5 ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടിവരുത്തി. 6 കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്നു കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു. 7 അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്തു ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു. 8 ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു. 9 അവർ കീദോൻകളത്തിന്നു സമീപം എത്തിയപ്പോൾ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാൻ കൈ നീട്ടി. 10 അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി. 11 യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി: അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു. 12 ഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി: ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു. 13 അങ്ങനെ ദാവീദ് പെട്ടകം തന്റെ അടുക്കൽ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി. 14 ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.