സെഫന്യാവ് 2 - സമകാലിക മലയാളവിവർത്തനംയെഹൂദയും ജെറുശലേമും ഇതര രാഷ്ട്രങ്ങൾക്കൊപ്പം വിധിക്കപ്പെടുന്നു അനുതാപത്തിനായി യെഹൂദയെ ആഹ്വാനംചെയ്യുന്നു 1 നാണംകെട്ട ജനതയേ, കൂട്ടിവരുത്തുക, നിങ്ങൾ നിങ്ങളെത്തന്നെ കൂട്ടിവരുത്തുക. 2 നിശ്ചയിക്കപ്പെട്ട സമയം വന്നെത്തുന്നതിനും ആ ദിവസം പതിരുപോലെ വീശിക്കളയുന്നതിനുംമുമ്പേ, യഹോവയുടെ ഭയങ്കരകോപം നിന്റെമേൽ വരുന്നതിനുംമുമ്പേ, യഹോവയുടെ ക്രോധദിവസം നിന്റെമേൽ വരുന്നതിനുംമുമ്പേതന്നെ കൂടിവരിക. 3 ദേശത്തിലെ എളിയവരേ, അവിടത്തെ കൽപ്പനകൾ അനുസരിക്കുന്നവരേ, യഹോവയെ അന്വേഷിക്കുക. നീതിയെ അന്വേഷിക്കുക, താഴ്മയെ അന്വേഷിക്കുക; പക്ഷേ, യഹോവയുടെ കോപദിവസത്തിൽ നിങ്ങൾക്ക് സംരക്ഷണം ലഭിക്കും. ഫെലിസ്ത്യദേശത്തിനുനേരേ 4 ഗസ്സാ ഉപേക്ഷിക്കപ്പെടും അസ്കലോൻ ഉന്മൂലനംചെയ്യപ്പെടും. നട്ടുച്ചയ്ക്ക് അശ്ദോദ് ശൂന്യമാകും എക്രോൻ തകർന്നുപോകും. 5 സമുദ്രതീരവാസികളേ, കെരീത്യരേ, നിങ്ങൾക്കു ഹാ കഷ്ടം! ഫെലിസ്ത്യരുടെ ദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു: “ഞാൻ നിന്നെ നശിപ്പിക്കും. ആരും ശേഷിക്കുകയില്ല.” 6 ക്രേത്യർ വസിക്കുന്ന സമുദ്രതീരം ഇടയന്മാർക്കു കുടിലുകളും ആട്ടിൻകൂട്ടത്തിനു തൊഴുത്തുകളുമുള്ള പുൽപ്പുറമായിത്തീരും. 7 ആ ദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന് അവകാശമാകും; അവർ അവിടെ മേച്ചിൽപ്പുറം കണ്ടെത്തും. സായാഹ്നത്തിൽ അവർ അസ്കലോൻവീടുകളിൽ കിടക്കും. അവരുടെ ദൈവമായ യഹോവ അവർക്കുവേണ്ടി കരുതും; അവിടന്ന് അവരെ സന്ദർശിച്ച് അവരുടെ സൗഭാഗ്യം പുനഃസ്ഥാപിക്കും. മോവാബിനും അമ്മോനും എതിരേ 8 “എന്റെ ജനതയെ അപമാനിച്ചവരും അവരുടെ ദേശത്തെ ഭീഷണിപ്പെടുത്തിയവരുമായ മോവാബിന്റെ അപമാനവും അമ്മോന്യരുടെ ധിക്കാരവും ഞാൻ കേട്ടിരിക്കുന്നു. 9 അതുകൊണ്ട്, മോവാബ് നിശ്ചയമായും സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറായെപ്പോലെയും— പൊന്തക്കാടും ഉപ്പുകുഴികളും നിറഞ്ഞ് എന്നേക്കും ശൂന്യമായിത്തീരും, എന്ന് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, ജീവനുള്ള ഞാൻ ശപഥംചെയ്തിരിക്കുന്നു. എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ അവരെ കൊള്ളയിടും എന്റെ രാജ്യത്തിൽ ജീവനോടിരിക്കുന്നവർ അവരുടെ ദേശം അവകാശമാക്കും.” 10 അവരുടെ നിഗളത്തിന്റെ പ്രതിഫലമായി അവർക്കു ലഭിക്കുന്നത് ഇതുതന്നെ, കാരണം, സൈന്യങ്ങളുടെ യഹോവയുടെ ജനത്തെ അവർ അപമാനിക്കുകയും പരിഹസിക്കുകയുംചെയ്തല്ലോ. 11 യഹോവ ഭൂമിയിലെ സകലദേവതകളെയും നശിപ്പിക്കുമ്പോൾ അവിടന്ന് അവർക്കെതിരേ ഭയങ്കരനായിരിക്കും. വിദൂരങ്ങളിലുള്ള സകലരാഷ്ട്രങ്ങളും യഹോവയെ നമസ്കരിക്കും, അവരെല്ലാവരും അവരവരുടെ ദേശത്തുവെച്ചുതന്നെ. കൂശിനെതിരേ 12 “കൂശ്യരേ, നിങ്ങളും എന്റെ വാളിനാൽ വധിക്കപ്പെടും.” അശ്ശൂരിനെതിരേ 13 അവിടന്ന് തന്റെ കരം വടക്ക് അശ്ശൂരിനെതിരേ നീട്ടി അതിനെ നശിപ്പിക്കും. നിനവേ അശേഷം ശൂന്യമാകും; മരുഭൂമിപോലെ വരണ്ടുണങ്ങിപ്പോകും. 14 ആട്ടിൻപറ്റങ്ങളും സകലതരം ജന്തുക്കളും അവിടെക്കിടക്കും. അതിന്റെ തൂണുകൾക്കു മധ്യത്തിൽ മൂങ്ങയും നത്തും രാപാർക്കും. അവയുടെ ശബ്ദം ജനാലകളിൽ പ്രതിധ്വനിക്കും വാതിലിനുമുമ്പിൽ ചണ്ടിക്കൂമ്പാരങ്ങൾ നിറഞ്ഞുകിടക്കും ദേവദാരുകൊണ്ടുള്ള ഉത്തരങ്ങൾ വെയിലുംമഴയും ഏറ്റുകിടക്കും. 15 ഇതാ, ആഹ്ലാദത്തിമിർപ്പിന്റെ പട്ടണം; സുരക്ഷിതമായി പാർത്തിരുന്ന ഇടംതന്നെ. അവൾ സ്വയം പറഞ്ഞു; “ഞാൻ അല്ലാതെ എന്നെപ്പോലെ മറ്റാരുമില്ല.” അവൾ എത്ര വലിയ നാശത്തിന് ഇരയായി, വന്യമൃഗങ്ങളുടെ ആവാസസ്ഥാനമായി! കടന്നുപോകുന്നവർ പരിഹസിക്കുകയും മുഷ്ടി കുലുക്കുകയും ചെയ്യുന്നു. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.