സെഖര്യാവ് 7 - സമകാലിക മലയാളവിവർത്തനംഉപവാസത്തെക്കാൾ നല്ലത് നീതിയും കരുണയും 1 ദാര്യാവേശ് രാജാവിന്റെ നാലാംവർഷം, ഒമ്പതാംമാസമായ കിസ്ളേവുമാസം നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. 2 ബേഥേലിലുള്ള ജനം യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്, ശരേസർ, രേഗെം-മേലെക് എന്നിവരെയും അവരുടെ ആളുകളെയും അയച്ച്, 3 സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “കഴിഞ്ഞ അനേകം വർഷങ്ങളായി ചെയ്തുവരുന്നതുപോലെ അഞ്ചാംമാസത്തിൽ ഞാൻ കരയുകയും ഉപവസിക്കുകയും ചെയ്യണമോ” എന്നു ചോദിപ്പിച്ചു? 4 അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 5 “ദേശത്തിലെ സകലജനങ്ങളോടും പുരോഹിതന്മാരോടും ഇപ്രകാരം ചോദിക്കുക, ‘കഴിഞ്ഞ എഴുപതുവർഷം അഞ്ചാംമാസത്തിലും ഏഴാംമാസത്തിലും നിങ്ങൾ ഉപവസിക്കുകയും കരയുകയും ചെയ്തല്ലോ; വാസ്തവത്തിൽ എനിക്കുവേണ്ടിത്തന്നെയോ നിങ്ങൾ ഉപവസിച്ചത്? 6 നിങ്ങൾ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തപ്പോൾ, നിങ്ങൾ നിങ്ങൾക്കുവേണ്ടി അല്ലയോ വിരുന്നുകഴിച്ചത്? 7 ജെറുശലേമിലും ചുറ്റുപാടുമുള്ള നഗരങ്ങളിലും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേദേശത്തും പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നപ്പോഴും പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തിരുന്ന യഹോവയുടെ വചനം കേട്ട് നിങ്ങൾ അനുസരിക്കേണ്ടിയിരുന്നില്ലേ?’ ” 8 യഹോവയുടെ വചനം വീണ്ടും സെഖര്യാവിനുണ്ടായി: 9 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക. 10 വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’ 11 “എന്നാൽ, അവർക്കു ശ്രദ്ധിക്കാൻ മനസ്സില്ലായിരുന്നു; ശാഠ്യത്തോടെ അവർ പുറംതിരിഞ്ഞുപോകുകയും ചെവി അടച്ചുകളയുകയും ചെയ്തു. 12 അവർ തങ്ങളുടെ ഹൃദയത്തെ വജ്രംപോലെ കഠിനമാക്കി, ന്യായപ്രമാണം ശ്രദ്ധിച്ചില്ല. പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം സൈന്യങ്ങളുടെ യഹോവയുടെ ആത്മാവ് അയച്ച വചനവും അവർ ചെവിക്കൊണ്ടില്ല. അതിനാൽ സൈന്യങ്ങളുടെ യഹോവ കോപിച്ചു. 13 “ ‘ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല, അതുകൊണ്ട് അവർ വിളിക്കുമ്പോൾ ഞാനും കേൾക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 14 ‘ഞാൻ ചുഴലിക്കാറ്റുകൊണ്ട് അവർ അറിയാത്ത എല്ലാ രാജ്യങ്ങളിലേക്കും അവരെ ചിതറിച്ചു, ആർക്കും വരുന്നതിനോ പോകുന്നതിനോ കഴിയാത്തവിധത്തിൽ ദേശം ശൂന്യമായിപ്പോയി. ഇങ്ങനെ അവർ അവരുടെ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.’ ” |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.