Biblia Todo Logo
Bìoball air-loidhne

- Sanasan -

സെഖര്യാവ് 14 - സമകാലിക മലയാളവിവർത്തനം


യഹോവ വാഴുന്നു

1 യഹോവയുടെ ഒരു ദിവസം വരുന്നു; ജെറുശലേമേ, അന്നു നിന്റെ സമ്പത്തു കൊള്ളയടിക്കപ്പെടുകയും നിന്റെ മതിലുകൾക്കുള്ളിൽവെച്ചുതന്നെ അവ വിഭജിക്കപ്പെടുകയും ചെയ്യും.

2 ജെറുശലേമിനെതിരേ യുദ്ധംചെയ്യാൻ ഞാൻ സകലരാജ്യങ്ങളെയും കൂട്ടിവരുത്തും; പട്ടണം പിടിക്കപ്പെടും, വീടുകൾ കൊള്ളയടിക്കപ്പെടും, സ്ത്രീകൾ ബലാൽക്കാരംചെയ്യപ്പെടും, പട്ടണവാസികളിൽ പകുതിപ്പേർ പ്രവാസത്തിലേക്കു പോകും. എന്നാൽ ശേഷിക്കുന്ന ജനം പട്ടണത്തിൽനിന്നു പോകേണ്ടിവരുകയില്ല.

3 അപ്പോൾ യഹോവ, യുദ്ധദിനത്തിലെന്നപോലെ പുറത്തുവന്ന് ആ രാജ്യങ്ങളോടു യുദ്ധംചെയ്യും.

4 ആ ദിവസത്തിൽ അവിടത്തെ കാൽ ജെറുശലേമിനു കിഴക്കുള്ള ഒലിവുമലയിൽ നിൽക്കും. അപ്പോൾ ഒലിവുമല കിഴക്കുപടിഞ്ഞാറായി, രണ്ടുഭാഗമായി പിളർന്നുപോകും. മലയുടെ ഒരുപകുതി വടക്കോട്ടും മറ്റേപകുതി തെക്കോട്ടും നീങ്ങിപ്പോകുന്നതിനാൽ നടുവിൽ ഒരു വലിയ താഴ്വര രൂപപ്പെടും.

5 നിങ്ങൾ എന്റെ മലയുടെ താഴ്വരകളിലൂടെ ഓടിപ്പോകും, കാരണം ആ താഴ്വര ആസൽവരെ എത്തും. യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു ഭൂകമ്പത്തിൽനിന്നു നിങ്ങൾ ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും. അപ്പോൾ എന്റെ ദൈവമായ യഹോവ വരും, അവിടത്തെ സകലവിശുദ്ധന്മാരോടുംകൂടി എഴുന്നള്ളും.

6 ആ ദിവസത്തിൽ വെളിച്ചമോ തണുപ്പോ മൂടൽമഞ്ഞോ ഉണ്ടായിരിക്കുകയില്ല.

7 അതു നിസ്തുലമായ ഒരു ദിവസം ആയിരിക്കും; അതിനു പകലോ രാത്രിയോ ഉണ്ടായിരിക്കുകയില്ല; യഹോവമാത്രം അറിയുന്ന ഒരു ദിവസം. സന്ധ്യയാകുമ്പോഴും വെളിച്ചമുണ്ടായിരിക്കും.

8 ആ ദിവസത്തിൽ ജെറുശലേമിൽനിന്നുള്ള ജീവജലം പ്രവഹിക്കും; പകുതി കിഴക്ക് ഉപ്പുകടലിലേക്കും പകുതി പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും ഒഴുകും. അതു വേനൽക്കാലത്തും ശീതകാലത്തും ഉണ്ടാകും.

9 യഹോവ സകലഭൂമിക്കും രാജാവായിരിക്കും. ആ ദിവസത്തിൽ അവിടന്ന് ഏകകർത്താവും അവിടത്തെ നാമം ഏകനാമവും ആയിരിക്കും.

10 ദേശംമുഴുവനും, ഗേബാമുതൽ ജെറുശലേമിനു തെക്ക് രിമ്മോൻവരെ അരാബാപോലെ വിശാലമായ സമഭൂമിയായിത്തീരും. എന്നാൽ ജെറുശലേം അതിന്റെ സ്ഥാനത്തുതന്നെ ഉയർന്നിരിക്കും. ബെന്യാമീൻകവാടംമുതൽ ആദ്യത്തെ കവാടത്തിന്റെ സ്ഥാനംവരെയും കോൺകവാടംവരെയും ഹനനേൽഗോപുരംമുതൽ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും മാറ്റമൊന്നും സംഭവിക്കുകയില്ല.

11 അതിൽ ആൾപ്പാർപ്പുണ്ടാകും; പിന്നീടൊരിക്കലും അതു നശിപ്പിക്കപ്പെടുകയില്ല. ജെറുശലേം സുരക്ഷിതമായിരിക്കും.

12 ജെറുശലേമിനോടു യുദ്ധംചെയ്യുന്ന സകലരാജ്യങ്ങളിലേക്കും യഹോവ അയയ്ക്കുന്ന ഒരു ബാധ ഇതായിരിക്കും: അവർ നിൽക്കുമ്പോൾത്തന്നെ അവരുടെ ത്വക്ക് അഴുകും; കൺതടത്തിൽത്തന്നെ അവരുടെ കണ്ണു ചീഞ്ഞഴുകും; വായ്ക്കുള്ളിൽത്തന്നെ അവരുടെ നാവും അഴുകിപ്പോകും.

13 ആ ദിവസത്തിൽ, യഹോവ ജനത്തിന്മേൽ മഹാപരിഭ്രമം അയയ്ക്കും. ഒരാൾ മറ്റൊരാളുടെ കൈക്കുപിടിച്ചുനിർത്തി പരസ്പരം ആക്രമിക്കും.

14 യെഹൂദയും ജെറുശലേമിൽ യുദ്ധംചെയ്യും. ചുറ്റുമുള്ള സകലരാജ്യങ്ങളുടെയും സർവസമ്പത്തും, സ്വർണവും വെള്ളിയും വസ്ത്രവും വലിയ അളവിൽ ശേഖരിക്കപ്പെടും.

15 അവരുടെ പാളയത്തിലെ കുതിരകൾ, കോവർകഴുതകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിങ്ങനെയുള്ള സകലമൃഗങ്ങളും ഈ ബാധയാൽ സംഹരിക്കപ്പെടും.

16 ജെറുശലേമിനെ ആക്രമിച്ച സകലരാജ്യങ്ങളിലും യുദ്ധം അതിജീവിച്ചവർ വർഷംതോറും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ ആരാധിക്കുന്നതിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനും കയറിവരും.

17 സൈന്യങ്ങളുടെ യഹോവയായ രാജാവിനെ ആരാധിക്കാൻ ഭൂമിയിലെ ഏതെങ്കിലുമൊരു ജനവിഭാഗം ജെറുശലേമിലേക്കു കയറിച്ചെല്ലാതിരുന്നാൽ അവർക്കു മഴ ഉണ്ടാകുകയില്ല.

18 ഈജിപ്റ്റിലെ ജനം കയറിച്ചെന്ന് അതിൽ പങ്കെടുക്കാതിരുന്നാൽ അവർക്കും മഴ ഉണ്ടാകുകയില്ല. കൂടാരപ്പെരുന്നാൾ ആഘോഷിക്കാൻ പോകാത്ത രാജ്യങ്ങളുടെമേൽ യഹോവ വരുത്തുന്ന ബാധ അവരുടെമേലും വരുത്തും.

19 ഈജിപ്റ്റിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനു കയറിച്ചെല്ലാത്ത എല്ലാ രാജ്യങ്ങൾക്കും ശിക്ഷ ഇതുതന്നെയായിരിക്കും.

20 ആ ദിവസത്തിൽ, കുതിരകളുടെ മണികളിൽ, “യഹോവയ്ക്കു വിശുദ്ധം” എന്നു കൊത്തിയിരിക്കും. യഹോവയുടെ ആലയത്തിലെ കലങ്ങൾ, യാഗപീഠത്തിന്റെ മുമ്പിലുള്ള കലശങ്ങൾപോലെ വിശുദ്ധമായിരിക്കും.

21 ജെറുശലേമിലും യെഹൂദയിലുമുള്ള സകലപാത്രവും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. യാഗം കഴിക്കാൻ വരുന്നവർ പാത്രങ്ങളിൽ ചിലതെടുത്ത് അതിൽ പാചകംചെയ്യും. ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകുകയില്ല.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan