ഉത്തമഗീതം 2 - സമകാലിക മലയാളവിവർത്തനംയുവതി 1 ഞാൻ ശാരോനിലെ പനിനീർകുസുമം താഴ്വരകളിലെ ശോശന്നപ്പുഷ്പം. യുവാവ് 2 മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ് യുവതികൾക്കിടയിലെ എന്റെ പ്രിയ. യുവതി 3 വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം പോലെയാണ് യുവാക്കന്മാർക്കിടയിൽ നിൽക്കുന്ന എന്റെ പ്രിയൻ. അവന്റെ നിഴലിൽ ഇരിക്കുന്നത് എനിക്ക് ആനന്ദമാകുന്നു അവന്റെ ഫലം എന്റെ നാവിനു മധുരമേകുന്നു. 4 അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു, എന്റെമീതേ പറക്കുന്ന പതാക അവന്റെ സ്നേഹംതന്നെ. 5 മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ, ആപ്പിൾകൊണ്ടെന്നെ ഉന്മേഷഭരിതയാക്കൂ, കാരണം ഞാൻ പ്രേമപരവശയായിരിക്കുന്നു. 6 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു, അവന്റെ വലതുകരം എന്നെ പുണരുന്നു. 7 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്. 8 കേൾക്കൂ! എന്റെ പ്രിയരേ, പർവതങ്ങളിലൂടെ തുള്ളിച്ചാടിയും കുന്നുകളിലൂടെ കുതിച്ചുചാടിയും എന്റെ പ്രിയൻ ഇതാ വരുന്നു. 9 എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു. ജനാലകളിലൂടെ നോക്കിക്കൊണ്ട്, അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, ഇതാ, നമ്മുടെ മതിലിനു പുറത്ത് അവൻ നിൽക്കുന്നു. 10 എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു, “എന്റെ പ്രിയേ, എഴുന്നേൽക്കൂ, എന്റെ സുന്ദരീ, എന്നോടൊപ്പം വരിക. 11 നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു മഴക്കാലവും മാറിപ്പോയിരിക്കുന്നു. 12 മണ്ണിൽ മലരുകൾ വിരിയുന്നു; ഗാനാലാപനകാലവും വന്നുചേർന്നിരിക്കുന്നു, പ്രാവുകളുടെ കുറുകലും നമ്മുടെ നാട്ടിൽ കേൾക്കുന്നു. 13 അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു; പൂത്തുലഞ്ഞ മുന്തിരിവള്ളികൾ അതിന്റെ സുഗന്ധം പരത്തുന്നു. എന്റെ പ്രിയേ, എഴുന്നേറ്റുവരിക എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.” യുവാവ് 14 പാറപ്പിളർപ്പുകളിൽ, അതേ മലയോരത്തെ ഒളിവിടങ്ങളിൽ ഇരിക്കുന്ന എന്റെ പ്രാവേ, നിന്റെ മുഖം ഞാനൊന്നു കാണട്ടെ, നിൻസ്വരം ഞാനൊന്നു കേൾക്കട്ടെ; കാരണം നിന്റെ സ്വരം മധുരതരവും നിന്റെ മുഖം രമണീയവും ആകുന്നു. 15 നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ കുറുക്കന്മാരെ ഞങ്ങൾക്കുവേണ്ടി പിടിക്കുവിൻ മുന്തിരിത്തോപ്പുകൾ നശിപ്പിക്കുന്ന ചെറുകുറുനരികളെത്തന്നെ. യുവതി 16 എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു; അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു. 17 ഉഷസ്സു പൊട്ടിവിടർന്ന് ഇരുളിന്റെ നിഴലുകൾ മായുംവരെ, എന്റെ പ്രിയനേ, എന്നിലേക്കണയുക; ഒരു ചെറു കലമാനിനെപ്പോലെയോ പർവതമേടുകളിലെ മാൻകിടാവിനെപ്പോലെയോതന്നെ. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.