Biblia Todo Logo
Bìoball air-loidhne

- Sanasan -

രൂത്ത് 3 - സമകാലിക മലയാളവിവർത്തനം


രൂത്തും ബോവസും മെതിക്കളത്തിൽ

1 അമ്മായിയമ്മയായ നവൊമി ഒരു ദിവസം രൂത്തിനോട്: “എന്റെ മോളേ, നീ നന്നായി സംരക്ഷിക്കപ്പെടേണ്ടതിനായി നിനക്ക് ഒരഭയസ്ഥാനം ഞാൻ കണ്ടുപിടിക്കേണ്ടതല്ലേ?

2 നമ്മുടെ ബന്ധുവായ ബോവസിന്റെ വേലക്കാരികളോടുകൂടെയല്ലേ നീ പണിചെയ്തത്? ഇന്നു രാത്രി അദ്ദേഹം മെതിക്കളത്തിൽ യവം പാറ്റും.

3 അപ്പോൾ നീ കുളിച്ചു സുഗന്ധതൈലംപുരട്ടി, നിന്റെ ഏറ്റവും നല്ല വസ്ത്രംധരിച്ച്, മെതിക്കളത്തിലേക്കു പോകുക; എന്നാൽ അദ്ദേഹം ഭക്ഷിച്ചുപാനംചെയ്തു തീരുംവരെ നീ അവിടെ ഉണ്ടെന്ന് അദ്ദേഹം അറിയരുത്.

4 അദ്ദേഹം കിടക്കുന്നത് എവിടെയെന്നു ശ്രദ്ധിക്കുക. പിന്നീട് ചെന്ന് അദ്ദേഹത്തിന്റെ കാൽക്കലെ പുതപ്പുമാറ്റി അവിടെ കിടക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് അപ്പോൾ അദ്ദേഹം നിന്നോടു പറയും” എന്നു പറഞ്ഞു.

5 “അമ്മ പറയുന്നതെന്തും ഞാൻ ചെയ്യാം,” രൂത്ത് പറഞ്ഞു.

6 അവൾ അങ്ങനെ മെതിക്കളത്തിൽ പോയി അമ്മായിയമ്മ പറഞ്ഞതെല്ലാം അതുപോലെതന്നെ ചെയ്തു.

7 ബോവസ് ഭക്ഷിച്ചുപാനംചെയ്തു സന്തുഷ്ടനായശേഷം ധാന്യകൂമ്പാരത്തിൽനിന്നു ദൂരെമാറി ഒരു കോണിൽ കിടക്കാൻ പോയി. രൂത്ത് നിശ്ശബ്ദയായി വന്ന് അദ്ദേഹത്തിന്റെ കാൽക്കലെ പുതപ്പുമാറ്റി അവിടെ കിടന്നു.

8 അർധരാത്രിയിൽ ഞെട്ടിയുണർന്ന അദ്ദേഹം, ചുറ്റും നോക്കി—തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു!

9 “ആരാണു നീ?” അദ്ദേഹം ചോദിച്ചു. “ഞാൻ അങ്ങയുടെ ദാസിയായ രൂത്താണ്,” അവൾ അപേക്ഷിച്ചു: “അങ്ങ് ഞങ്ങളുടെ കുടുംബത്തിന്റെ വീണ്ടെടുപ്പുകാരനായതുകൊണ്ട് അങ്ങയുടെ പുതപ്പിന്റെ അഗ്രം എന്റെമേൽ ഇടണമേ!”

10 അതിന് അദ്ദേഹം: “മോളേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ. ഈ കുടുംബത്തോട് നീ ഇപ്പോൾ കാട്ടുന്ന ദയ മുമ്പത്തെക്കാൾ അധികം; നിനക്കുബോധിച്ച ധനികരോ ദരിദ്രരോ ആയ യുവാക്കന്മാരുടെ പിറകേ നീ പോയില്ലല്ലോ.

11 അതുകൊണ്ട്, എന്റെ മോളേ, ഭയപ്പെടേണ്ട. നീ ചോദിക്കുന്നതു ഞാൻ നിനക്കുവേണ്ടി ചെയ്തുതരാം. നീ ഒരു കുലീനയായ സ്ത്രീ എന്ന് പട്ടണവാസികളായ എല്ലാവർക്കും അറിയാം.

12 നിന്റെ കുടുംബത്തിന്റെ വീണ്ടെടുപ്പുകാരൻ ഞാനാണ് എന്നത് വാസ്തവം, എന്നാൽ എന്നെക്കാൾ കൂടുതൽ അടുത്ത ബന്ധുവായ മറ്റൊരു വീണ്ടെടുപ്പുകാരൻ ഉണ്ട്.

13 ഇന്നു രാത്രി ഇവിടെ കഴിയുക, നാളെ നിന്റെ വീണ്ടെടുപ്പുകാരന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കാൻ സമ്മതിക്കുന്നെങ്കിൽ നല്ലത്; അദ്ദേഹം നിന്നെ വീണ്ടെടുക്കട്ടെ. എന്നാൽ അദ്ദേഹം വിസമ്മതിക്കുന്നെങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാനത് ചെയ്തിരിക്കും. രാത്രികഴിയുന്നതുവരെ ഇവിടെ കിടക്കുക” എന്നു മറുപടി പറഞ്ഞു.

14 അങ്ങനെ അവൾ നേരംപുലരുംവരെ അദ്ദേഹത്തിന്റെ കാൽക്കൽ കിടന്നു. എന്നാൽ ആളറിയുംമുമ്പ് അവൾ എഴുന്നേറ്റു. ബോവസ് അവളോട്: “ഒരു സ്ത്രീ മെതിക്കളത്തിൽ വന്നു എന്നു മറ്റാരും അറിയരുത്” എന്നു പറഞ്ഞു.

15 അദ്ദേഹം പിന്നെയും അവളോട്, “നീ പുതച്ചിരിക്കുന്ന പുതപ്പു നിവർത്തിപ്പിടിക്കുക” എന്നു പറഞ്ഞു. അവൾ അപ്രകാരംചെയ്തപ്പോൾ ബോവസ് അതിൽ ആറുപാത്രം യവം അളന്നുകൊടുത്തു; പിന്നീട് ബോവസ് പട്ടണത്തിലേക്കു മടങ്ങിപ്പോയി.

16 രൂത്ത് തിരികെ അവളുടെ അമ്മായിയമ്മയുടെ അടുക്കൽ എത്തിയപ്പോൾ, നവൊമി അവളോട്: “എന്റെ മോളേ, കാര്യങ്ങൾ എന്തായി?” എന്നു ചോദിച്ചു. തനിക്കുവേണ്ടി ബോവസ് ചെയ്തതെല്ലാം അപ്പോൾ രൂത്ത്, നവൊമിയെ അറിയിച്ചു.

17 “ ‘നിന്റെ അമ്മായിയമ്മയുടെ അടുക്കൽ നീ വെറുംകൈയായി പോകേണ്ട’ എന്നു പറഞ്ഞ് അദ്ദേഹം ആറുപാത്രം യവം തന്നയച്ചു” എന്നും അവൾ പറഞ്ഞു.

18 അപ്പോൾ നവൊമി, “എന്റെ മോളേ, എന്തു സംഭവിക്കും എന്നറിയുന്നതുവരെ കാത്തിരിക്കുക. ഇന്ന് ഈ കാര്യത്തിനൊരു തീരുമാനമുണ്ടാകുന്നതുവരെ അദ്ദേഹം വിശ്രമിക്കുകയില്ല” എന്നു പറഞ്ഞു.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan