Biblia Todo Logo
Bìoball air-loidhne

- Sanasan -

വെളിപ്പാട് 10 - സമകാലിക മലയാളവിവർത്തനം


ദൂതനും ചെറിയ പുസ്തകച്ചുരുളും

1 മേഘം ധരിച്ച് തലയിൽ മഴവില്ലണിഞ്ഞവനും സൂര്യനെപ്പോലെ പ്രഭയുള്ള മുഖവും അഗ്നിസ്തംഭങ്ങൾപോലെ പാദങ്ങൾ ഉള്ളവനുമായ ശക്തനായ മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.

2 ആ ദൂതന്റെ കൈയിൽ തുറന്ന ഒരു ചെറുപുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അയാൾ വലതുകാൽ കടലിന്മേലും ഇടതുകാൽ കരയിലും വെച്ചു.

3 സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി.

4 ഏഴ് ഇടിമുഴക്കം ശബ്ദിച്ചപ്പോൾ ഞാൻ എഴുതാൻ തുനിഞ്ഞു. എന്നാൽ സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം എന്നോട്, “ഏഴ് ഇടിമുഴക്കത്തിലൂടെ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്” എന്നു പറയുന്നതു ഞാൻ കേട്ടു.

5 കടലിന്മേലും കരയിലുമായി നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ ആകാശത്തേക്ക് ഉയർത്തി.

6-7 ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ അയാൾ പ്രതിജ്ഞചെയ്തു പറഞ്ഞത്, “ഇനി ഒട്ടും താമസിക്കുകയില്ല! ഏഴാമത്തെ ദൂതൻ തന്റെ കാഹളംമുഴക്കുമ്പോൾ ദൈവത്തിന്റെ രഹസ്യപദ്ധതികൾ പൂർത്തീകരിക്കപ്പെടും. അവിടത്തെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം അറിയിച്ചിരുന്നതുപോലെതന്നെ ഇതു സംഭവിക്കും.”

8 എന്നാൽ സ്വർഗത്തിൽനിന്ന് ഞാൻ കേട്ട ശബ്ദം പിന്നെയും എന്നോട്, “നീ ചെന്ന് സമുദ്രത്തിന്മേലും കരയിലുമായി നിൽക്കുന്ന ദൂതന്റെ കൈയിൽനിന്ന് തുറന്നിരിക്കുന്ന പുസ്തകച്ചുരുൾ വാങ്ങുക” എന്നു പറഞ്ഞു.

9 ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്നപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്‌പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’” എന്നു പറഞ്ഞു.

10 ഞാൻ ദൂതന്റെ കൈയിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്‌പേറിയതായി.

11 അദ്ദേഹം എന്നോടു പറഞ്ഞു, “നീ അനേകം ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് ഇനിയും പ്രവചിക്കണം.”

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan