സങ്കീർത്തനങ്ങൾ 83 - സമകാലിക മലയാളവിവർത്തനംസങ്കീർത്തനം 83 ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. 1 ദൈവമേ, മൗനമായിരിക്കരുതേ; ദൈവമേ, അവിടന്ന് ചെവി അടച്ചും നിഷ്ക്രിയനായും ഇരിക്കരുതേ. 2 ഇതാ! അങ്ങയുടെ ശത്രുക്കൾ ഗർജിക്കുന്നു, അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു. 3 അങ്ങയുടെ ജനത്തിനെതിരേ അവർ കുടിലതന്ത്രങ്ങൾ മെനയുന്നു; അങ്ങയുടെ പരിലാളനയിലിരിക്കുന്നവർക്കെതിരേ ഗൂഢാലോചന നടത്തുന്നു. 4 “വരിക,” അവർ പറയുന്നു, “അവർ ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്കവരെ തുടച്ചുനീക്കാം, ഇസ്രായേൽ എന്ന പേര് ഇനി ഒരിക്കലും ഓർക്കാതിരിക്കട്ടെ.” 5 അവർ ഏകമനസ്സോടെ ഗൂഢാലോചന നടത്തുന്നു; അവർ അവിടത്തേക്കെതിരായി ഒരു സഖ്യം രൂപപ്പെടുത്തുന്നു— 6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും മോവാബ്യരുടെയും ഹഗര്യരുടെയും കൂടാരങ്ങളും, 7 ഗിബാൽ, അമ്മോൻ, അമാലേക്ക്, സോർ നിവാസികളോടുകൂടെ ഫെലിസ്ത്യദേശവും 8 അശ്ശൂരും അവരോടൊപ്പംചേർന്ന് ലോത്തിന്റെ പിൻതലമുറയ്ക്ക് ശക്തിനൽകുന്നു. സേലാ. 9 അങ്ങ് മിദ്യാന്യരോട് ചെയ്തതുപോലെ അവരോടും ചെയ്യണമേ, കീശോൻ നദിക്കരികെവെച്ച് സീസെരയോടും യാബീനോടും അങ്ങു പ്രവർത്തിച്ചതുപോലെതന്നെ, 10 അവർ എൻ-ദോരിൽവെച്ച് തകർന്നടിഞ്ഞ് മണ്ണിനു വളമായിത്തീർന്നു. 11 അവരിൽ ശക്തരായവരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും അവരിലെ പ്രഭുക്കളെ സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കണമേ. 12 “ദൈവത്തിന്റെ മേച്ചിൽപ്പുറങ്ങളെ നമുക്കു കൈവശമാക്കാം,” എന്ന് അവർ പറഞ്ഞല്ലോ. 13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിലെ പൊടിപോലെയും കാറ്റിൽ പറക്കുന്ന പതിരുപോലെയും ആക്കണമേ. 14 വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയോ പർവതങ്ങളെ ജ്വലിപ്പിക്കുന്ന ജ്വാലപോലെയോ 15 അവിടത്തെ കൊടുങ്കാറ്റ് അവരെ പിൻതുടരുകയും അവിടത്തെ ചുഴലിക്കാറ്റിനാൽ അവരെ ഭയപ്പെടുത്തുകയും ചെയ്യണമേ. 16 യഹോവേ, അവിടത്തെ നാമം അന്വേഷിക്കുന്നതിന് അവരുടെ മുഖം ലജ്ജയാൽ മൂടണമേ. 17 അവർ എന്നേക്കും ലജ്ജിതരാകുകയും ഭ്രമിക്കുകയും ചെയ്യട്ടെ. അവർ അപമാനഭാരത്താൽ നശിക്കട്ടെ. 18 സർവഭൂമിക്കും അത്യുന്നതനായവൻ അവിടന്നുമാത്രമാണ് എന്നും അവിടത്തെ നാമം യഹോവ എന്ന് ആകുന്നു എന്നും അവർ അറിയട്ടെ. സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.