Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 80 - സമകാലിക മലയാളവിവർത്തനം


സങ്കീർത്തനം 80
ആസാഫിന്റെ ഒരു സങ്കീർത്തനം.

1 യോസേഫിനെ ആട്ടിൻകൂട്ടത്തെപ്പോലെ നയിക്കുന്ന ഇസ്രായേലിന്റെ ഇടയനേ, കേൾക്കണമേ. കെരൂബുകളിൻമീതേ സിംഹാസനസ്ഥനായവനേ, പ്രകാശിക്കണമേ.

2 എഫ്രയീമിന്റെയും ബെന്യാമീന്റെയും മനശ്ശെയുടെയും മുന്നിൽത്തന്നെ. അങ്ങയുടെ ശക്തി ഉണർത്തണമേ; ഞങ്ങളുടെ രക്ഷയ്ക്കായി വരണമേ.

3 ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.

4 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇനിയും എത്രനാൾ, അങ്ങയുടെ ജനത്തിന്റെ പ്രാർഥനയ്ക്കെതിരേ അങ്ങയുടെ കോപം പുകഞ്ഞുകൊണ്ടിരിക്കും?

5 അങ്ങ് കണ്ണീരിന്റെ അപ്പം അവർക്ക് ഭക്ഷിക്കാൻ നൽകി; കുടിക്കുന്നതിനായി അവരുടെ പാത്രത്തിൽ നിറച്ചിരിക്കുന്നതും കണ്ണീർതന്നെ.

6 അവിടന്ന് ഞങ്ങളെ അയൽവാസികൾക്ക് ഒരു കലഹകാരണമാക്കിയിരിക്കുന്നു, ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളെ പരിഹസിക്കുന്നു.

7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.

8 അങ്ങ് ഈജിപ്റ്റിൽനിന്ന് ഒരു മുന്തിരിവള്ളി പറിച്ചുനട്ടിരിക്കുന്നു; അവിടന്ന് രാഷ്ട്രങ്ങളെ തുരത്തിയോടിച്ച് അതിനെ നട്ടിരിക്കുന്നു.

9 അതിനായി അങ്ങ് നിലമൊരുക്കി, അതു വേരൂന്നി ദേശത്തെല്ലാം പടർന്നു.

10 അതിന്റെ നിഴൽ പർവതങ്ങളെ ആവരണംചെയ്തു, അതിന്റെ ശാഖകൾ വൻ ദേവദാരുക്കളെ മൂടുകയും ചെയ്തു.

11 അതിന്റെ ശാഖകൾ മെഡിറ്ററേനിയൻകടലോരംവരെ നീട്ടിയിരിക്കുന്നു, അതിന്റെ ചില്ലകൾ യൂഫ്രട്ടീസ് നദിവരെയും.

12 വഴിപോക്കരെല്ലാം അതിന്റെ കുലകൾ പറിച്ചെടുക്കാൻ പാകത്തിന് അങ്ങ് അതിന്റെ മതിലുകൾ തകർത്തത് എന്തിന്?

13 കാട്ടുപന്നികൾ വന്ന് അതിനെ നശിപ്പിക്കുകയും വയലിലെ മൃഗങ്ങൾ അവ തിന്നുകളയുകയും ചെയ്യുന്നു.

14 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു മടങ്ങിവരണമേ! സ്വർഗത്തിൽനിന്ന് നോക്കി കടാക്ഷിക്കണമേ! അവിടത്തെ വലതുകരംതന്നെ നട്ട

15 ഈ വേരിനെ, അവിടത്തെ വലങ്കൈതന്നെ വളർത്തിയെടുത്ത ഈ മുന്തിരിവള്ളിയെ കാത്തുസൂക്ഷിക്കണമേ.

16 അവിടത്തെ മുന്തിരിവള്ളിയെ വെട്ടിവീഴ്ത്തിയിരിക്കുന്നു, അതിനെ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; അവിടത്തെ ശാസനയാൽ അങ്ങയുടെ ജനം നശിക്കുന്നു.

17 അങ്ങയുടെ കരം അവിടത്തെ വലതുഭാഗത്തെ പുരുഷന്റെമേൽ വെക്കണമേ, അങ്ങേക്കുവേണ്ടി അങ്ങ് ശക്തിപ്പെടുത്തിയ മനുഷ്യപുത്രന്റെമേൽത്തന്നെ.

18 അപ്പോൾ ഞങ്ങൾ അങ്ങയെവിട്ട് പിന്തിരിയുകയില്ല; ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ തിരുനാമം വിളിച്ചപേക്ഷിക്കും.

19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan