Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 48 - സമകാലിക മലയാളവിവർത്തനം


സങ്കീർത്തനം 48
ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1 നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ, യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു.

2 മഹാരാജാവിന്റെ നഗരമായി സാഫോൺ ഗിരിപോലെയുള്ള സീയോൻപർവതം ഔന്നത്യംകൊണ്ട് മനോഹരവും സർവഭൂമിയുടെ ആനന്ദവും ആകുന്നു.

3 അവളിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്; അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.

4 ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു അവർ ഒത്തൊരുമിച്ചു മുന്നേറി,

5 അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി സംഭീതരായവർ പലായനംചെയ്തു.

6 അവർക്കൊരു വിറയൽ ബാധിച്ചു പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ കഠിനവേദന അവർക്കുണ്ടായി.

7 കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു.

8 ഞങ്ങൾ കേട്ടതുപോലെതന്നെ ഞങ്ങൾ കണ്ടിരിക്കുന്നു, സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ: ദൈവം എന്നേക്കും അവളെ സുരക്ഷിതയാക്കുന്നു. സേലാ.

9 ദൈവമേ, അവിടത്തെ ആലയത്തിൽ ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ധ്യാനിക്കുന്നു.

10 ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ, അവിടത്തെ സ്തുതികൾ ഭൂസീമകളോളം അലയടിക്കുന്നു; അവിടത്തെ വലതുകരത്തിൽ നീതി നിറഞ്ഞിരിക്കുന്നു.

11 അവിടത്തെ ന്യായവിധികൾനിമിത്തം സീയോൻപർവതം ആനന്ദിക്കുകയും യെഹൂദാപട്ടണങ്ങൾ ആഹ്ലാദിക്കുകയും ചെയ്യുന്നു.

12 സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക, അവളുടെ ഗോപുരങ്ങൾ എണ്ണുക,

13 അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക അവളുടെ കോട്ടമതിലുകൾ സൂക്ഷിച്ചുനോക്കുക, വരുംതലമുറയോട് അവളെക്കുറിച്ചു പറയേണ്ടതിനുതന്നെ.

14 കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു; അന്ത്യംവരെയും അവിടന്നായിരിക്കും നമ്മുടെ മാർഗദർശി. സംഗീതസംവിധായകന്.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan