Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 42 - സമകാലിക മലയാളവിവർത്തനം


രണ്ടാംപുസ്തകം സങ്കീർത്തനങ്ങൾ 42–72 സങ്കീർത്തനം 42
കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം.

1 നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ, എന്റെ ദൈവമേ, എന്റെ പ്രാണൻ അങ്ങേക്കായി കൊതിക്കുന്നു.

2 ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു. എപ്പോഴാണെനിക്കു തിരുസന്നിധിയിലെത്തി ദൈവത്തെ ദർശിക്കാനാകുന്നത്?

3 രാവും പകലും കണ്ണുനീർ എന്റെ ഭക്ഷണമായി മാറിയിരിക്കുന്നു, “നിന്റെ ദൈവം എവിടെ?” എന്ന് എന്റെ ശത്രുക്കൾ നിരന്തരം ചോദിക്കുകയും ചെയ്യുന്നു.

4 ഞാൻ എന്റെ ആത്മാവിനെ തിരുസന്നിധിയിൽ പകരുമ്പോൾ, ഉത്സവമാചരിക്കുന്ന ജനസഞ്ചയത്തിന്റെ മുന്നിൽ ഞാൻ നടന്നതും ആഹ്ലാദത്തിമിർപ്പോടും സ്തോത്രഗീതങ്ങളോടുംകൂടെ ദൈവാലയത്തിലേക്കു ഞാൻ ഘോഷയാത്രയായി പോയതുമെല്ലാംതന്നെ! എന്റെ സ്‌മൃതിപഥത്തിൽ ഓടിയെത്തുന്നു.

5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.

6 എന്റെ ദൈവമേ, ഞാൻ വിഷാദിച്ചിരിക്കുന്നു, അതുകൊണ്ട് ഞാൻ അങ്ങയെ ഓർക്കുന്നു; യോർദാൻ ദേശത്തുനിന്നും ഹെർമോൻ ഗിരികളിലും—മിസാർ മലയിലുംവെച്ചുതന്നെ.

7 ജലപാതകളുടെ ഗർജനത്താൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ എല്ലാ തിരമാലകളും ഓളങ്ങളും എന്റെമീതേ കവിഞ്ഞൊഴുകുന്നു.

8 പകൽസമയത്ത് യഹോവ അവിടത്തെ അചഞ്ചലസ്നേഹം എന്നിൽ ചൊരിയുന്നു, രാത്രിയിൽ അവിടത്തെ ഗാനം എന്നോടൊപ്പമുണ്ട്— എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥനതന്നെ.

9 എന്റെ പാറയായ ദൈവത്തോട് ഞാൻ നിലവിളിക്കുന്നു, “അങ്ങ് എന്നെ മറന്നതെന്തിന്? ശത്രുവിന്റെ പീഡനം സഹിച്ച് ഞാൻ വിലപിച്ചുഴലേണ്ടിവരുന്നത് എന്തിന്?”

10 “നിന്റെ ദൈവം എവിടെ?” എന്നു ദിവസംമുഴുവനും എന്നോടു ചോദിച്ചുകൊണ്ട്, എന്റെ എതിരാളികൾ എന്നെ അധിക്ഷേപിക്കുമ്പോൾ എന്റെ അസ്ഥികൾ മരണവേദന അനുഭവിക്കുന്നു.

11 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan