സങ്കീർത്തനങ്ങൾ 21 - സമകാലിക മലയാളവിവർത്തനംസങ്കീർത്തനം 21 ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, അവിടത്തെ ശക്തിയിൽ രാജാവ് ആനന്ദിക്കുന്നു, അവിടന്നു നൽകുന്ന വിജയത്തിൽ അദ്ദേഹം എത്രയധികം ആഹ്ലാദിക്കുന്നു! 2 അവിടന്ന് അദ്ദേഹത്തിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റിയിരിക്കുന്നു അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്നുള്ള അപേക്ഷ നിരാകരിച്ചതുമില്ല. സേലാ. 3 അനുഗ്രഹസമൃദ്ധിയോടെ അവിടന്ന് അദ്ദേഹത്തെ സ്വാഗതംചെയ്തിരിക്കുന്നു തങ്കക്കിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിച്ചുമിരിക്കുന്നു. 4 അദ്ദേഹം അങ്ങയോട് തന്റെ ജീവനുവേണ്ടി യാചിച്ചു, അങ്ങത് അദ്ദേഹത്തിനു നൽകുകയും ചെയ്തു— അനന്തകാലത്തേക്കുള്ള ദീർഘായുസ്സുതന്നെ. 5 അവിടന്ന് നൽകിയ വിജയത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു; അവിടന്ന് അദ്ദേഹത്തിന്മേൽ പ്രതാപവും മഹത്ത്വവും വർഷിച്ചിരിക്കുന്നു. 6 നിത്യകാലത്തേക്കുള്ള അനുഗ്രഹം അവിടന്ന് അദ്ദേഹത്തിനു നൽകിയിരിക്കുന്നു അവിടത്തെ സന്നിധിയുടെ സന്തോഷത്താൽ അവിടന്ന് അദ്ദേഹത്തെ ആനന്ദിപ്പിക്കുന്നു. 7 കാരണം രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ അചഞ്ചലസ്നേഹത്താൽ അദ്ദേഹം കുലുങ്ങുകയില്ല. 8 അവിടന്ന് അങ്ങയുടെ ശത്രുക്കളെ മുഴുവനും പിടിച്ചടക്കും അവിടത്തെ വലതുകരം അങ്ങയുടെ വിരോധികളെ ആക്രമിച്ച് കൈയടക്കും 9 അവിടന്ന് പ്രത്യക്ഷനാകുമ്പോൾ അങ്ങ് അവരെ ഒരു എരിയുന്ന തീച്ചൂളപോലെ ദഹിപ്പിക്കും. തന്റെ ക്രോധത്താൽ യഹോവ അവരെ വിഴുങ്ങിക്കളയും അവിടത്തെ അഗ്നി അവരെ ഇല്ലാതാക്കും. 10 അവിടന്ന് അവരുടെ പിൻതലമുറയെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും, മനുഷ്യകുലത്തിൽനിന്ന് അവരുടെ സന്തതികളെയും. 11 അവർ അങ്ങേക്കെതിരേ തിന്മ ആസൂത്രണംചെയ്ത് ദുഷ്ടത മെനയുന്നു; എന്നാലും അവർ വിജയിക്കുകയില്ല. 12 അവർക്കുനേരേ അവിടന്ന് അസ്ത്രങ്ങൾ തൊടുക്കുമ്പോൾ അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും. 13 യഹോവേ, അവിടത്തെ ശക്തിയിൽ അങ്ങ് ഉന്നതനായിരിക്കട്ടെ; ഞങ്ങൾ പാടും; അങ്ങയുടെ ശക്തിപ്രഭാവത്തെ സ്തുതിക്കും. സംഗീതസംവിധായകന്. “ഉഷസ്സിൻ മാൻപേട,” എന്ന രാഗത്തിൽ. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.