Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 148 - സമകാലിക മലയാളവിവർത്തനം


സങ്കീർത്തനം 148

1 യഹോവയെ വാഴ്ത്തുക. സ്വർഗത്തിൽനിന്ന് യഹോവയെ വാഴ്ത്തുക; ഉന്നതങ്ങളിൽ അവിടത്തെ വാഴ്ത്തുക.

2 യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക; അവിടത്തെ സർവ സ്വർഗീയസൈന്യവുമേ, അവിടത്തെ വാഴ്ത്തുക.

3 സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക; പ്രകാശമുള്ള എല്ലാ നക്ഷത്രങ്ങളുമേ, അവിടത്തെ വാഴ്ത്തുക.

4 സ്വർഗാധിസ്വർഗങ്ങളേ, ആകാശത്തിനുമീതേയുള്ള ജലസഞ്ചയമേ, അവിടത്തെ വാഴ്ത്തുക.

5 അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ, കാരണം അവിടന്ന് കൽപ്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു;

6 അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു— മാഞ്ഞുപോകാത്ത ഒരു ഉത്തരവ് അവിടന്ന് പുറപ്പെടുവിച്ചിരിക്കുന്നു.

7 സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ, ഭൂമിയിൽനിന്ന് യഹോവയെ വാഴ്ത്തുക,

8 തീയും കന്മഴയും മഞ്ഞും മേഘങ്ങളും അവിടത്തെ ആജ്ഞ അനുസരിക്കുന്ന കൊടുങ്കാറ്റും

9 പർവതങ്ങളും സകലകുന്നുകളും ഫലവൃക്ഷങ്ങളും എല്ലാ ദേവദാരുക്കളും

10 കാട്ടുമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും

11 ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും ഭൂമിയിലെ എല്ലാ പ്രഭുക്കന്മാരും എല്ലാ ഭരണകർത്താക്കളും

12 യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും.

13 ഇവയെല്ലാം യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ, അവിടത്തെ നാമംമാത്രം ശ്രേഷ്ഠമായിരിക്കുന്നു; അവിടത്തെ പ്രതാപം ഭൂമിക്കും ആകാശത്തിനുംമേൽ ഉന്നതമായിരിക്കുന്നു.

14 തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ, തന്റെ വിശ്വസ്തസേവകരായിരിക്കുന്ന ഇസ്രായേലിന്റെ പുകഴ്ചയ്ക്കായി, അവിടന്ന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. യഹോവയെ വാഴ്ത്തുക.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan