Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 116 - സമകാലിക മലയാളവിവർത്തനം


സങ്കീർത്തനം 116

1 അവിടന്ന് എന്നെ കേട്ടിരിക്കയാൽ, ഞാൻ യഹോവയെ സ്നേഹിക്കുന്നു; കരുണയ്ക്കായുള്ള എന്റെ യാചനയും അവിടന്ന് കേട്ടല്ലോ.

2 അവിടത്തെ ചെവി എന്നിലേക്കു ചായ്ച്ചതുകൊണ്ട്, എന്റെ ജീവിതകാലമൊക്കെയും ഞാൻ അവിടത്തെ വിളിച്ചപേക്ഷിക്കും.

3 മരണപാശങ്ങൾ എന്നെ ചുറ്റി, പാതാളവേദനകൾ എന്നെ പിടികൂടി; കഷ്ടവും സങ്കടവും എനിക്കു നേരിട്ടു.

4 അപ്പോൾ “യഹോവേ, എന്നെ രക്ഷിക്കണമേ!” എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.

5 യഹോവ കൃപയും നീതിയുമുള്ളവൻ ആകുന്നു; നമ്മുടെ ദൈവം ദയാപൂർണൻതന്നെ.

6 യഹോവ ലളിതമാനസരെ സംരക്ഷിക്കുന്നു; ഞാൻ ഞെരുക്കത്തിൽ ആയിരുന്നപ്പോൾ അവിടന്ന് എന്നെ രക്ഷിച്ചു.

7 എൻ മനമേ, നിന്റെ സ്വസ്ഥതയിലേക്കു മടങ്ങിവരിക; യഹോവ നിനക്ക് നല്ലവനായിരിക്കുന്നല്ലോ.

8 യഹോവേ, അവിടന്ന് എന്റെ ജീവനെ മരണത്തിൽനിന്നും എന്റെ കണ്ണുകളെ കണ്ണുനീരിൽനിന്നും എന്റെ കാലുകളെ വീഴ്ചയിൽനിന്നും വിടുവിച്ചിരിക്കുന്നു.

9 ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെമുമ്പാകെ നടക്കേണ്ടതിനുതന്നെ.

10 ഞാൻ അങ്ങയിൽ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ പറഞ്ഞു, “ഞാൻ ഏറ്റവും പീഡിതൻ ആയിരിക്കുന്നു;”

11 എന്റെ പരിഭ്രാന്തിയിൽ ഞാൻ പറഞ്ഞു, “എല്ലാ മനുഷ്യരും വ്യാജംപറയുന്നു.”

12 യഹോവ എനിക്കു ചെയ്ത സകലനന്മകൾക്കും ഞാൻ അങ്ങേക്ക് എന്തു പകരംനൽകും?

13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

14 അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ ഞാൻ എന്റെ നേർച്ചകൾ യഹോവയ്ക്ക് അർപ്പിക്കും.

15 തന്റെ വിശ്വസ്തസേവകരുടെ മരണം യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയതാകുന്നു.

16 യഹോവേ, ഞാൻ അങ്ങയുടെ സേവകൻ ആകുന്നു. ഞാൻ അങ്ങയുടെ സേവകൻതന്നെ; അങ്ങയുടെ ദാസിയുടെ പുത്രൻതന്നെ; അങ്ങ് എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.

17 ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

18 അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ ഞാൻ എന്റെ നേർച്ചകൾ യഹോവയ്ക്ക് അർപ്പിക്കും,

19 യഹോവയുടെ ആലയത്തിന്റെ അങ്കണത്തിലും— ജെറുശലേമേ, നിന്റെ മധ്യത്തിലുംതന്നെ. യഹോവയെ വാഴ്ത്തുക.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan