Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 22 - സമകാലിക മലയാളവിവർത്തനം


ബാലാക്ക് ബിലെയാമിനെ ക്ഷണിക്കുന്നു

1 ഈ സംഭവത്തിനുശേഷം ഇസ്രായേൽമക്കൾ മോവാബ് സമതലങ്ങളിലേക്കു യാത്രചെയ്ത് യെരീഹോവിന് അക്കരെ യോർദാൻ നദീതീരത്തു പാളയമടിച്ചു.

2 ഇസ്രായേൽ അമോര്യരോടു ചെയ്ത സകലതും സിപ്പോരിന്റെ മകനായ ബാലാക്ക് കണ്ടു.

3 ജനം വളരെയധികം ഉണ്ടായിരുന്നതിനാൽ മോവാബ് ഭയപ്പെട്ടു. വാസ്തവത്തിൽ ഇസ്രായേൽമക്കളുടെ സാന്നിധ്യം മോവാബ്യരിൽ ഭീതിയുളവാക്കി.

4 മോവാബ്യർ മിദ്യാനിലെ തലവന്മാരോട്, “കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ പടക്കൂട്ടം നമുക്കുചുറ്റുമുള്ള സകലതും നക്കിക്കളയാൻ പോകുന്നു” എന്നു പറഞ്ഞു. അന്നു മോവാബിലെ രാജാവായിരുന്ന സിപ്പോരിന്റെ മകൻ ബാലാക്ക്

5 ബെയോരിന്റെ മകൻ ബിലെയാമിനെ വിളിക്കാൻ ദൂതന്മാരെ അയച്ചു. അദ്ദേഹം തന്റെ സ്വദേശത്ത്, യൂഫ്രട്ടീസ് നദിക്ക് അരികെയുള്ള പെഥോരിൽ ആയിരുന്നു. ബാലാക്ക് പറഞ്ഞു: “ഈജിപ്റ്റിൽനിന്ന് ഒരു ജനം വന്നിരിക്കുന്നു; അവർ ദേശത്തെ മൂടി എനിക്കു സമീപം പാർപ്പുറപ്പിച്ചിരിക്കുന്നു.

6 അവർ എന്നിലും ശക്തന്മാരാകുകയാൽ വന്ന് ഈ ജനത്തെ ശപിക്കണമേ. എങ്കിൽ എനിക്ക് ഈ ജനത്തെ തോൽപ്പിച്ച് അവരെ ദേശത്തുനിന്ന് ഓടിച്ചുകളയാൻ കഴിഞ്ഞേക്കും. കാരണം നീ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടും; നീ ശപിക്കുന്നവർ ശപിക്കപ്പെടും എന്നു ഞാൻ അറിയുന്നു.”

7 മോവാബിലെയും മിദ്യാനിലെയും തലവന്മാർ പ്രശ്നദക്ഷിണയുമായി പുറപ്പെട്ടു. അവർ ബിലെയാമിന്റെ അടുക്കൽവന്ന് ബാലാക്ക് പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞു.

8 “രാത്രി ഇവിടെ പാർക്കുക, എങ്കിൽ യഹോവ എനിക്കു തരുന്ന മറുപടി ഞാൻ നിങ്ങളെ അറിയിക്കാം,” എന്ന് ബിലെയാം അവരോടു പറഞ്ഞു. അങ്ങനെ മോവാബ്യപ്രഭുക്കന്മാർ അദ്ദേഹത്തോടൊപ്പം താമസിച്ചു.

9 ദൈവം ബിലെയാമിന്റെ അടുക്കൽവന്ന് “നിന്നോടൊപ്പമുള്ള ഈ പുരുഷന്മാർ ആര്?” എന്നു ചോദിച്ചു.

10 ബിലെയാം ദൈവത്തോട്, “മോവാബിലെ രാജാവായ സിപ്പോരിന്റെ മകൻ ബാലാക്ക് എനിക്ക് ഈ സന്ദേശമയച്ചു:

11 ‘ഈജിപ്റ്റിൽനിന്നും പുറപ്പെട്ടുവന്ന ഒരു ജനം ദേശത്തെ മൂടിയിരിക്കുന്നു. ആകയാൽ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക. അങ്ങനെയെങ്കിൽ എനിക്ക് അവരെ തോൽപ്പിച്ചോടിക്കാൻ കഴിഞ്ഞേക്കും.’ ”

12 എന്നാൽ ദൈവം ബിലെയാമിനോട്, “അവരോടൊപ്പം പോകരുത്. നീ ആ ജനത്തെ ശപിക്കരുത്, അവർ അനുഗ്രഹിക്കപ്പെട്ടവരാണ്” എന്നു പറഞ്ഞു.

13 അടുത്ത പ്രഭാതത്തിൽ ബിലെയാം എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്, “നിങ്ങളുടെ ദേശത്തേക്കു മടങ്ങിപ്പൊയ്ക്കൊൾക, നിങ്ങളോടൊപ്പം വരുന്നതിനു യഹോവ എന്നെ അനുവദിക്കുന്നില്ല” എന്നു പറഞ്ഞു.

14 അങ്ങനെ മോവാബ്യപ്രഭുക്കന്മാർ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന്, “ഞങ്ങളോടൊപ്പം വരുന്നതിനു ബിലെയാം വിസമ്മതിച്ചു” എന്നു പറഞ്ഞു.

15 അതിനുശേഷം ബാലാക്ക് ആദ്യത്തേതിലും മാന്യരായ വേറെ അധികം പ്രഭുക്കന്മാരെ അയച്ചു.

16 അവർ ബിലെയാമിന്റെ അടുക്കൽവന്നു പറഞ്ഞു, “സിപ്പോരിന്റെ മകൻ ബാലാക്ക് ഇങ്ങനെ പറയുന്നു: ‘എന്റെയടുക്കൽ വരുന്നതിന് ഒന്നും തടസ്സമാകരുത്.

17 കാരണം ഞാൻ താങ്കൾക്ക് മാന്യമായ പ്രതിഫലംനൽകും; താങ്കൾ പറയുന്നതെന്തും ചെയ്യും. വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക.’ ”

18 എന്നാൽ ബിലെയാം അവരോടു പറഞ്ഞത്: “ബാലാക്ക് അദ്ദേഹത്തിന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തന്നാലും യഹോവയായ എന്റെ ദൈവം കൽപ്പിക്കുന്നതിനപ്പുറം—കൂടുതലോ കുറവോ—ഒന്നും എനിക്കു ചെയ്യാൻ കഴിയുകയില്ല.

19 നിങ്ങളും ഇന്നു രാത്രി ഇവിടെ പാർക്കുക, മറ്റെന്തെങ്കിലുംകൂടി യഹോവ എന്നോടു പറയുമോ എന്നു ഞാൻ അറിയട്ടെ.”

20 ആ രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽവന്ന്, “ഈ പുരുഷന്മാർ നിന്നെ വിളിക്കാൻ വന്നതിനാൽ അവരോടുകൂടെപ്പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം ചെയ്യുക.”


ബിലെയാമിന്റെ കഴുത

21 ബിലെയാം രാവിലെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ കഴുതയ്ക്കു ജീനിയിട്ട് മോവാബിലെ പ്രഭുക്കന്മാരോടുകൂടെ പോയി.

22 എന്നാൽ അയാൾ പോയപ്പോൾ ദൈവം അത്യന്തം കോപിച്ചു. യഹോവയുടെ ദൂതൻ അയാളെ എതിരിടാൻ വഴിയിൽ നിന്നു. ബിലെയാം തന്റെ കഴുതപ്പുറത്ത് യാത്രചെയ്യുകയായിരുന്നു. അയാളുടെ രണ്ടു ദാസന്മാരും അയാളോടുകൂടെ ഉണ്ടായിരുന്നു.

23 യഹോവയുടെ ദൂതൻ കൈയിൽ ഊരിയ വാളുമേന്തി വഴിയിൽ നിൽക്കുന്നതു കണ്ട കഴുത വഴിയിൽനിന്ന് ഒരുവയലിലേക്ക് തിരിഞ്ഞു. അതിനെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിലെയാം കഴുതയെ അടിച്ചു.

24 പിന്നെ യഹോവയുടെ ദൂതൻ രണ്ടു മുന്തിരിത്തോപ്പുകളുടെ ഇടയിൽ രണ്ടുവശത്തും മതിലുള്ള ഒരു ഇടുങ്ങിയ വഴിയിൽ നിന്നു.

25 കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികിലേക്ക് ഒതുങ്ങി. ബിലെയാമിന്റെ കാൽ മതിലിനിടയിൽ ഞെരുങ്ങി. അതുകൊണ്ട് അയാൾ അതിനെ വീണ്ടും അടിച്ചു.

26 പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടുനീങ്ങി ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ ഒട്ടും ഇടമില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു.

27 കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ ബിലെയാമിന്റെ കീഴിൽ കിടന്നു. അയാൾ കോപിച്ചു തന്റെ വടികൊണ്ട് അതിനെ അടിച്ചു.

28 അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു. അത് ബിലെയാമിനോട്, “നീ എന്നെ ഈ മൂന്നുതവണ അടിക്കാൻ ഞാൻ നിന്നോട് എന്തു ചെയ്തു?” എന്നു ചോദിച്ചു.

29 ബിലെയാം കഴുതയോട്, “നീ എന്നെ ഒരു വിഡ്ഢിയാക്കി! എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിന്നെ കൊല്ലുമായിരുന്നു” എന്നു മറുപടി പറഞ്ഞു.

30 കഴുത ബിലെയാമിനോടു പറഞ്ഞു: “ഈ ദിവസംവരെ എപ്പോഴും യാത്രചെയ്തുവന്ന നിന്റെ കഴുതയല്ലേ ഞാൻ? ഇങ്ങനെ ഞാൻ ഇതിനുമുമ്പ് എപ്പോഴെങ്കിലും നിന്നോട് ചെയ്തിട്ടുണ്ടോ?” “ഇല്ല,” അയാൾ പറഞ്ഞു.

31 അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണുകൾ തുറന്നു. ഊരിയ വാളുമേന്തി യഹോവയുടെ ദൂതൻ വഴിയിൽ നിൽക്കുന്നത് കണ്ടു. അയാൾ സാഷ്ടാംഗം വണങ്ങി വീണു.

32 യഹോവയുടെ ദൂതൻ അയാളോടു ചോദിച്ചു: “നീ മൂന്നുപ്രാവശ്യം നിന്റെ കഴുതയെ അടിച്ചതെന്ത്? നിന്റെ വഴി നാശകരമാകുകയാൽ നിന്നെ എതിരിടാനാണ് ഞാനിവിടെ വന്നിരിക്കുന്നത്.

33 കഴുത എന്നെക്കണ്ട് മൂന്നു തവണയും തിരിഞ്ഞുമാറിപ്പോയി. അതു തിരിഞ്ഞുമാറിയില്ലായിരുന്നെങ്കിൽ നിശ്ചയമായും ഞാൻ നിന്നെ കൊല്ലുകയും അതിനെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു.”

34 ബിലെയാം യഹോവയുടെ ദൂതനോട്, “ഞാൻ പാപംചെയ്തിരിക്കുന്നു. എന്നെ എതിരിടാൻ അങ്ങ് വഴിയിൽ നിൽക്കുകയായിരുന്നു എന്നു ഞാൻ അറിഞ്ഞില്ല. അങ്ങേക്ക് അനിഷ്ടമെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.

35 യഹോവയുടെ ദൂതൻ ബിലെയാമിനോട്, “ആ പുരുഷന്മാരോടുകൂടെ പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം പറയുക” എന്നു പറഞ്ഞു. അങ്ങനെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോയി.

36 ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ തന്റെ രാജ്യാതിർത്തിയിൽ അർന്നോൻനദീതീരത്തുള്ള മോവാബ്യ പട്ടണത്തിലേക്കു ചെന്നു.

37 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “ഞാൻ താങ്കൾക്ക് ഒരു അടിയന്തരക്ഷണം അല്ലേ അയച്ചത്? എന്തുകൊണ്ടു താങ്കൾ എന്റെയടുക്കൽ വന്നില്ല? താങ്കൾക്കു പ്രതിഫലം നൽകാൻ തക്ക പ്രാപ്തി എനിക്കില്ലേ?”

38 “ആകട്ടെ, ഞാൻ ഇപ്പോൾ നിന്റെയടുക്കൽ വന്നല്ലോ,” ബിലെയാം മറുപടി പറഞ്ഞു. “പക്ഷേ, വെറുതേ എന്തെങ്കിലും പറയാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിൽ തരുന്നതുമാത്രമേ ഞാൻ സംസാരിക്കൂ.”

39 പിന്നെ ബിലെയാം ബാലാക്കിനോടുകൂടെ കിര്യത്ത്-ഹൂസോത്തിലേക്കു പോയി.

40 ബാലാക്ക് കാളകളെയും ആടുകളെയും യാഗമർപ്പിച്ചു. ബിലെയാമിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.

41 അടുത്ത പ്രഭാതത്തിൽ ബാലാക്ക് ബിലെയാമിനെ കൂട്ടിക്കൊണ്ട് ബാമോത്ത്-ബാലിലേക്കു കയറിച്ചെന്നു. അവിടെനിന്ന് അദ്ദേഹത്തിന് ഇസ്രായേൽജനത്തിന്റെ ഒരുഭാഗം കാണാമായിരുന്നു.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan