മർക്കൊസ് 1 - സമകാലിക മലയാളവിവർത്തനംയോഹന്നാൻസ്നാപകൻ വഴിയൊരുക്കുന്നു 1 ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ ആരംഭം: 2 യെശയ്യാപ്രവാചകൻ തന്റെ പുസ്തകത്തിൽ, “ഇതാ ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും; അയാൾ നിനക്കു വഴിയൊരുക്കും.” എന്നും 3 “ ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക’ എന്ന് മരുഭൂമിയിൽ വിളംബരംചെയ്യുന്ന ഒരുവന്റെ ശബ്ദമാണിത്!” എന്ന് എഴുതിയിരുന്നതുപോലെ, 4 ഈ ശബ്ദമായി യോഹന്നാൻസ്നാപകൻ വന്നു! അദ്ദേഹം മരുഭൂമിയിൽവെച്ച് ജനത്തോട്, അവർ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു. 5 യെഹൂദ്യഗ്രാമങ്ങളിൽ എല്ലായിടത്തുനിന്നും ജെറുശലേമിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി. തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി. 6 യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും തുകൽ അരപ്പട്ടയും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. 7 അദ്ദേഹത്തിന്റെ പ്രസംഗം ഇതായിരുന്നു: “എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. 8 ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു; എന്നാൽ, അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകും.” യേശുവിന്റെ സ്നാനവും പരീക്ഷയും 9 ഏറെ താമസിക്കാതെ ഒരു ദിവസം യേശു ഗലീലാപ്രവിശ്യയിലെ നസറെത്ത് പട്ടണത്തിൽനിന്ന് യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു വന്നു. യോഹന്നാൻ അദ്ദേഹത്തെ യോർദാൻനദിയിൽ സ്നാനപ്പെടുത്തി. 10 യേശു വെള്ളത്തിൽനിന്ന് കയറുമ്പോൾ ആകാശം പിളരുന്നതും പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവരുന്നതും കണ്ടു. 11 “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി. 12 ഉടനെതന്നെ ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് നയിച്ചു. 13 നാൽപ്പതുദിവസം അദ്ദേഹം ആ വിജനസ്ഥലത്ത് സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടു. ഈ സമയം അദ്ദേഹം അവിടെ വന്യമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചും പോന്നു. യേശു സുവിശേഷം പ്രസംഗിക്കുന്നു 14 യോഹന്നാൻസ്നാപകൻ കാരാഗൃഹത്തിലായതിനുശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലയിൽ വന്നു. 15 “സമയം പൂർത്തിയായിരിക്കുന്നു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; നിങ്ങളുടെ പാപങ്ങളിൽനിന്ന് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക!” എന്നിങ്ങനെയായിരുന്നു യേശുവിന്റെ പ്രസംഗം. ആദ്യശിഷ്യന്മാരെ വിളിക്കുന്നു 16 യേശു ഗലീലാതടാകതീരത്തുകൂടി നടക്കുമ്പോൾ മീൻപിടിത്തക്കാരായ ശിമോനും സഹോദരനായ അന്ത്രയോസും തടാകത്തിൽ വലയിറക്കുന്നതു കണ്ടു. 17 യേശു അവരോട്, “എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു 18 ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. 19 അവർ അൽപ്പം മുന്നോട്ടു ചെന്നപ്പോൾ, സെബെദിയുടെ മകൻ യാക്കോബും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനും വള്ളത്തിലിരുന്ന് വല നന്നാക്കുന്നതു കണ്ടു. 20 ഉടനെ യേശു അവരെയും വിളിച്ചു. അവർ പിതാവായ സെബെദിയെ ജോലിക്കാരോടുകൂടെ വള്ളത്തിൽ വിട്ടിട്ട് അദ്ദേഹത്തെ അനുഗമിച്ചു. യേശു ദുരാത്മാവിനെ പുറത്താക്കുന്നു 21 യേശുവും ശിഷ്യന്മാരും കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. ശബ്ബത്തുനാളായപ്പോൾ യേശു യെഹൂദപ്പള്ളിയിൽ ചെന്ന് ഉപദേശിക്കാൻ തുടങ്ങി. 22 ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു; കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് യേശു അവരെ ഉപദേശിച്ചത്. 23 അപ്പോൾത്തന്നെ ആ പള്ളിയിൽ ഉണ്ടായിരുന്ന ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഉച്ചത്തിൽ, 24 “നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്നു പറഞ്ഞു. 25 “ശബ്ദിക്കരുത്! അവനിൽനിന്ന് പുറത്തുവരിക!” യേശു ശാസിച്ചു. 26 ഉടനെ ദുരാത്മാവ് ആ മനുഷ്യനെ നിലത്ത് ഭയങ്കരമായി വീഴ്ത്തി ഇഴച്ചു; അലറി നിലവിളിച്ചുകൊണ്ട് അവനെ വിട്ടുപോയി. 27 ഇതെല്ലാം കണ്ട ജനം വിസ്മയത്തോടെ, “എന്തൊരു അധികാരമുള്ള പുതിയ ഉപദേശം! അദ്ദേഹം ദുരാത്മാക്കളോടുപോലും കൽപ്പിക്കുകയും അവ അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യുന്നല്ലോ!” എന്നിങ്ങനെ പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി. 28 അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ഗലീല പ്രവിശ്യയിൽ എല്ലായിടത്തും അതിവേഗം വ്യാപിച്ചു. യേശു അനേകംപേരെ സൗഖ്യമാക്കുന്നു 29 അവർ യെഹൂദപ്പള്ളിയിൽനിന്നിറങ്ങിയ ഉടനെതന്നെ യാക്കോബിനോടും യോഹന്നാനോടുംകൂടെ, ശിമോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലേക്കു പോയി. 30 ശിമോന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരുന്നു. ഈ കാര്യം ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു. 31 യേശു അടുത്തുചെന്ന് അവളുടെ കൈക്കുപിടിച്ച് എഴുന്നേൽക്കാൻ സഹായിച്ചു. അവളുടെ പനി സൗഖ്യമായി. അവൾ യേശുവിനെയും ശിഷ്യന്മാരെയും ശുശ്രൂഷിച്ചുതുടങ്ങി. 32 അന്നു വൈകുന്നേരം, സൂര്യൻ അസ്തമിച്ചതിനുശേഷം, ജനങ്ങൾ രോഗികളും ഭൂതബാധിതരുമായ എല്ലാവരെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. 33 നഗരവാസികൾ എല്ലാവരും വാതിൽക്കൽ വന്നുകൂടി. 34 പലവിധ രോഗങ്ങൾ ബാധിച്ചിരുന്ന അനേകംപേരെ യേശു സൗഖ്യമാക്കി; അനവധി ഭൂതങ്ങളെയും പുറത്താക്കി. യേശു ആരെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് അവയെ സംസാരിക്കാൻ അദ്ദേഹം അനുവദിച്ചതുമില്ല. യേശു ഒരു വിജനസ്ഥലത്ത് പ്രാർഥിക്കുന്നു 35 അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, യേശു ഉറക്കമുണർന്ന് ഒരു വിജനസ്ഥലത്ത് ചെന്നു പ്രാർഥിച്ചു. 36 ശിമോനും കൂടെയുള്ളവരും അദ്ദേഹത്തെ അന്വേഷിച്ചുചെന്നു. 37 കണ്ടെത്തിയപ്പോൾ; “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു. 38 അതിന് യേശു, “അടുത്തുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നമുക്ക് അവിടേക്കു പോകാം; ഈ ശുശ്രൂഷയ്ക്കായിട്ടാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു 39 അങ്ങനെ അദ്ദേഹം യെഹൂദരുടെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടും ഭൂതങ്ങളെ പുറത്താക്കിക്കൊണ്ടും ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു. കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു 40 ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു. 41 യേശുവിന് അവനോടു സഹതാപം തോന്നി. കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാകുക” എന്നു പറഞ്ഞു. 42 ഉടൻതന്നെ കുഷ്ഠം അയാളെ വിട്ടുമാറി, അയാൾക്കു സൗഖ്യംവന്നു. 43-44 യേശു, “നോക്കൂ, ഇത് ആരോടും പറയരുത്” എന്ന കർശന താക്കീത് അയാൾക്കു നൽകി, “നീ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു പറഞ്ഞു. 45 എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.