Biblia Todo Logo
Bìoball air-loidhne

- Sanasan -

മത്തായി 18 - സമകാലിക മലയാളവിവർത്തനം


ആരാണ് ഏറ്റവും ശ്രേഷ്ഠൻ?

1 ആ സമയത്തു ശിഷ്യന്മാർ യേശുവിന്റെ അടുത്തുവന്ന്, “സ്വർഗരാജ്യത്തിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?” എന്നു ചോദിച്ചു.

2 അദ്ദേഹം ഒരു കുട്ടിയെ വിളിച്ച് അവരുടെമധ്യത്തിൽ നിർത്തിയശേഷം

3 ഇങ്ങനെ പറഞ്ഞു, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്ക് ആന്തരികപരിവർത്തനം വന്ന് കുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ ഒരുനാളും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം.

4 അതുകൊണ്ട്, സ്വയം താഴ്ത്തി ഈ കുട്ടിയെപ്പോലെ ആയിത്തീരുന്നയാളാണ് സ്വർഗരാജ്യത്തിലെ ഉന്നത വ്യക്തി.

5 ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന വ്യക്തി എന്നെ സ്വീകരിക്കുന്നു.


പാപത്തിൽ വീഴ്ത്തുക

6 “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്.

7 മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം!

8 നിന്റെ കൈയോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലും ഉള്ളയാളായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.

9 നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് ദൂരെ എറിയുക. ഒരു കണ്ണുള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ളയാളായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.”


അലഞ്ഞുതിരിയുന്ന ആടിന്റെ സാദൃശ്യകഥ

10 “ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥപിതാവിന്റെ മുഖം എപ്പോഴും ദർശിക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.

11 കാണാതെപോയതിനെ കണ്ടെത്തി അവയെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്.

12 “ഒരു മനുഷ്യന്റെ നൂറ് ആടുകളിൽ ഒന്ന് കൂട്ടം തെറ്റിപ്പോയാൽ അദ്ദേഹം എന്തുചെയ്യും, എന്താണ് നിങ്ങളുടെ അഭിപ്രായം? തൊണ്ണൂറ്റിയൊൻപതിനെയും കുന്നിൻചെരുവിൽ വിട്ടശേഷം കൂട്ടം തെറ്റിയതിനെ തേടി പോകുകയില്ലേ?

13 അയാൾ അതിനെ കണ്ടെത്തിയാൽ, ആ ഒരാടിനെക്കുറിച്ച് ഉണ്ടാകുന്ന ആനന്ദം കൂട്ടം തെറ്റിപ്പോകാതിരുന്ന തൊണ്ണൂറ്റിയൊൻപത് ആടുകളെക്കുറിച്ചുള്ളതിലും അധികം ആയിരിക്കും എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.

14 അതുപോലെ, ഈ ചെറിയവരിൽ ഒരാൾപോലും നശിച്ചുപോകാൻ നിങ്ങളുടെ സ്വർഗസ്ഥപിതാവ് ആഗ്രഹിക്കുന്നില്ല.


ഒരാൾ പാപംചെയ്താൽ

15 “അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി;

16 കേൾക്കുന്നില്ലെങ്കിലോ, നിന്റെകൂടെ ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുപോകുക. ‘രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും നിജസ്ഥിതി ഉറപ്പാകുമല്ലോ.’

17 അവരെയും കേൾക്കുന്നില്ലെങ്കിൽ, വിവരം സഭയെ അറിയിക്കുക. അയാൾ സഭയെയും തിരസ്കരിച്ചാൽ; ആ മനുഷ്യനോടുള്ള നിന്റെ പെരുമാറ്റം, യെഹൂദേതരനോടോ നികുതിപിരിക്കുന്ന വ്യക്തിയോടോ എന്നപോലെ ആയിരിക്കട്ടെ.

18 “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും” എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.

19 “നിങ്ങളിൽ രണ്ടുപേർ ഭൂമിയിൽവെച്ച് ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏകാഭിപ്രായത്തോടെ അപേക്ഷിച്ചാൽ, എന്റെ സ്വർഗസ്ഥപിതാവ് അത് നിങ്ങൾക്ക് ഉറപ്പായും നൽകും.

20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒത്തുചേരുന്നിടത്തെല്ലാം, അവരുടെമധ്യത്തിൽ ഞാൻ ഉണ്ട്.”


നിർദയനായ ദാസൻ

21 അപ്പോൾ പത്രോസ് യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ ഒരു സഹോദരനോ സഹോദരിയോ എന്നോട് പാപംചെയ്താൽ ഞാൻ എത്രതവണ അവരോട് ക്ഷമിക്കണം, ഏഴുതവണ മതിയോ?” എന്നു ചോദിച്ചു.

22 അതിന് യേശു, “ഏഴുപ്രാവശ്യം എന്നല്ല, ഏഴ് എഴുപതുപ്രാവശ്യം” എന്ന് ഉത്തരം പറഞ്ഞു.

23 “സ്വർഗരാജ്യത്തെ, തന്റെ ദാസരുടെ ബാധ്യത തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനോട് ഉപമിക്കാം.

24 ബാധ്യത തീർക്കാൻ ആരംഭിച്ചപ്പോൾ, പതിനായിരം താലന്ത് കടപ്പെട്ടിരിക്കുന്ന ഒരാൾ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു.

25 എന്നാൽ, കടം വീട്ടാനുള്ള പ്രാപ്തി അയാൾക്ക് ഇല്ലാതിരുന്നതിനാൽ, രാജാവ്, അയാളും ഭാര്യയും മക്കളും അയാൾക്കുള്ള സകലതും വിറ്റ് കടം വീട്ടണമെന്ന ഉത്തരവിട്ടു.

26 “എന്നാൽ, ആ ദാസൻ രാജസന്നിധിയിൽ സാഷ്ടാംഗം വീണ്, ‘എന്നോട് കനിവ് തോന്നണമേ, ഞാൻ എല്ലാം അടച്ചുതീർക്കാം’ ” എന്ന് യാചിച്ചു.

27 രാജാവിന് ആ ദാസനോട് സഹതാപം തോന്നി, കടം ക്ഷമിച്ച് അയാളെ സ്വതന്ത്രനാക്കി.

28 “എന്നാൽ ആ ദാസൻ പോകുമ്പോൾ, അയാൾക്കു നൂറുദിനാർമാത്രം കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. അയാൾ അയാളുടെ കഴുത്തിനു പിടിച്ചു ഞെരിച്ചുകൊണ്ട് ‘നീ എന്റെ കടം തന്നുതീർക്കുക’ എന്നു പറഞ്ഞു.

29 “ആ സഹഭൃത്യൻ സാഷ്ടാംഗം വീണ്, ‘എനിക്ക് അൽപ്പം അവധി തരണമേ, ഞാൻ മടക്കിത്തന്നുകൊള്ളാം’ എന്ന് കേണപേക്ഷിച്ചു.

30 “എന്നാൽ അയാൾ അതിന് സമ്മതിച്ചില്ല എന്നുമാത്രമല്ല, തനിക്ക് കടപ്പെട്ടിരുന്നത് മുഴുവനും വീട്ടുന്നതുവരെ സഹഭൃത്യനെ കാരാഗൃഹത്തിൽ അടപ്പിക്കുകയും ചെയ്തു.

31 ഈ സംഭവം രാജാവിന്റെ മറ്റുള്ള വേലക്കാർ കണ്ട് വളരെ ദുഃഖിതരായി. അവർ ചെന്ന് സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു.

32 “രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു. ‘ദുഷ്ടദാസാ, നിന്റെ അപേക്ഷനിമിത്തം ഞാൻ നിന്റെ സകലകടവും ഇളച്ചുതന്നു.

33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെതന്നെ നിനക്കു നിന്റെ സഹഭൃത്യനോടും കരുണ തോന്നേണ്ടതല്ലേ?’ എന്നു ചോദിച്ചു.

34 രാജാവ് കോപിച്ച്, കടം മുഴുവൻ വീട്ടുന്നതുവരെ കഠിനതടവ് വിധിച്ച് അയാളെ കാരാഗൃഹത്തിൽ അടയ്ക്കാൻ ജയിലധികാരികളെ ഏൽപ്പിച്ചു.

35 “നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സഹോദരങ്ങളോട് ആത്മാർഥമായി ക്ഷമിക്കാതിരുന്നാൽ ഇങ്ങനെയായിരിക്കും എന്റെ സ്വർഗസ്ഥപിതാവ് നിങ്ങളോടും ചെയ്യുന്നത്.”

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan