Biblia Todo Logo
Bìoball air-loidhne

- Sanasan -

ലേവ്യപുസ്തകം 19 - സമകാലിക മലയാളവിവർത്തനം


വിവിധ നിയമങ്ങൾ

1 യഹോവ മോശയോട് അരുളിച്ചെയ്തു:

2 “ഇസ്രായേലിന്റെ സർവസഭയോടും സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങളുടെ ദൈവമായ, യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക.

3 “ ‘നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം; എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

4 “ ‘വിഗ്രഹങ്ങളിലേക്കു തിരിയുകയോ നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കുകയോ ചെയ്യരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5 “ ‘നിങ്ങൾ യഹോവയ്ക്ക് ഒരു സമാധാനയാഗം അർപ്പിക്കുമ്പോൾ നിങ്ങൾക്കു പ്രസാദം ലഭിക്കുമാറ് അർപ്പിക്കണം.

6 അതു നിങ്ങൾ യാഗമർപ്പിക്കുന്ന ദിവസംതന്നെയോ അടുത്ത ദിവസമോ ഭക്ഷിക്കണം; മൂന്നാംദിവസത്തേക്കു ശേഷിക്കുന്നതു തീയിലിട്ടു ചുട്ടുകളയണം.

7 അതിലെന്തെങ്കിലും മൂന്നാംദിവസം ഭക്ഷിച്ചാൽ അത് അശുദ്ധമാണ്, അതു പ്രസാദമാകുകയില്ല.

8 അതു ഭക്ഷിക്കുന്നവർ കുറ്റക്കാരായിരിക്കും. അവർ യഹോവയ്ക്കു വിശുദ്ധമായതിനെ അശുദ്ധമാക്കിയല്ലോ; അവരെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.

9 “ ‘നിങ്ങൾ നിങ്ങളുടെ വയലിലെ വിള കൊയ്യുമ്പോൾ നിങ്ങളുടെ വയലിന്റെ അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്.

10 നിങ്ങളുടെ മുന്തിരിത്തോപ്പിൽ വീണ്ടും പോകുകയോ വീണുപോയ മുന്തിരി പെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും പ്രവാസിക്കുമായി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

11 “ ‘മോഷ്ടിക്കരുത്. “ ‘കള്ളം പറയരുത്. “ ‘പരസ്പരം വഞ്ചിക്കരുത്.

12 “ ‘എന്റെ നാമത്തിൽ കള്ളസത്യം ചെയ്തു നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദിക്കരുത്. ഞാൻ യഹോവ ആകുന്നു.

13 “ ‘നിങ്ങളുടെ അയൽക്കാരെ പീഡിപ്പിക്കുകയോ വസ്തു കവർച്ചചെയ്യുകയോ അരുത്. “ ‘കൂലിക്കാരന്റെ ശമ്പളം പിറ്റേന്നു രാവിലെവരെ പിടിച്ചുവെക്കരുത്.

14 “ ‘ചെകിടനെ ശപിക്കുകയോ അന്ധന്റെ മുന്നിൽ ഇടർച്ചക്കല്ലു വെക്കുകയോ ചെയ്യരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു.

15 “ ‘ന്യായം അട്ടിമറിക്കരുത്; ദരിദ്രരോടു പക്ഷഭേദമോ വലിയവരോട് ആഭിമുഖ്യമോ കാണിക്കാതെ നിങ്ങളുടെ അയൽവാസിയെ നീതിപൂർവം വിധിക്കണം.

16 “ ‘നിങ്ങളുടെ ജനത്തിനിടയിൽ അപവാദം പരത്തരുത്. “ ‘നിങ്ങളുടെ അയൽവാസിയുടെ ജീവന് അപകടം ഭവിക്കത്തക്കതൊന്നും ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.

17 “ ‘നിന്റെ സഹോദരങ്ങളെ ഹൃദയത്തിൽ വെറുക്കരുത്. അവരുടെ കുറ്റത്തിൽ പങ്കാളിയാകാതിരിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിർവ്യാജം ശാസിക്കുക.

18 “ ‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.

19 “ ‘എന്റെ ഉത്തരവുകൾ പ്രമാണിക്കുക. “ ‘രണ്ടുതരം മൃഗങ്ങളെത്തമ്മിൽ ഇണചേർക്കരുത്. “ ‘രണ്ടുതരം വിത്തു നിന്റെ നിലത്തിൽ വിതയ്ക്കരുത്. “ ‘രണ്ടുതരം വസ്തുക്കൾ ചേർത്തു നെയ്ത വസ്ത്രം ധരിക്കരുത്.

20 “ ‘മറ്റൊരു പുരുഷനു വാഗ്ദാനം ചെയ്യപ്പെട്ടവളും എന്നാൽ, വീണ്ടെടുക്കപ്പെട്ടിട്ടില്ലാത്തവളും സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ലാത്തവളുമായ ഒരടിമസ്ത്രീയോടുകൂടെ ഒരാൾ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ ന്യായമായി ശിക്ഷിക്കണം. എന്നാൽ, അവരെ മരണത്തിന് ഏൽപിക്കരുത്, കാരണം അവൾ സ്വതന്ത്രയായിട്ടില്ലല്ലോ.

21 എങ്കിലും ആ പുരുഷൻ സമാഗമകൂടാരവാതിലിൽ യഹോവയുടെ സന്നിധിയിൽ അകൃത്യയാഗത്തിനായി ഒരു ആട്ടുകൊറ്റനെ കൊണ്ടുവരണം.

22 അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവൻ ചെയ്ത പാപത്തിനു പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പാപപരിഹാരംചെയ്യണം; അങ്ങനെ അവന്റെ പാപം ക്ഷമിക്കപ്പെടും.

23 “ ‘നിങ്ങൾ കനാൻദേശത്തുവന്ന് ഏതെങ്കിലും ഇനം ഫലവൃക്ഷം നടുമ്പോൾ അതിന്റെ ഫലം വിലക്കപ്പെട്ടതായി കരുതണം. മൂന്നുവർഷം അതു വിലക്കപ്പെട്ടതായി നിങ്ങൾ കരുതണം, അതു ഭക്ഷിക്കരുത്.

24 നാലാംവർഷം അതിന്റെ ഫലമെല്ലാം യഹോവയ്ക്കു സ്തോത്രാർപ്പണത്തിനായി വിശുദ്ധമായിരിക്കും.

25 എന്നാൽ അഞ്ചാംവർഷം നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം. അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർധിച്ചുവരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

26 “ ‘രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്. “ ‘ദേവപ്രശ്നംവെക്കുകയോ ശകുനംനോക്കുകയോ അരുത്.

27 “ ‘നിങ്ങളുടെ തലയുടെ അരികു വടിക്കുകയോ താടിയുടെ അറ്റം മുറിക്കുകയോ ചെയ്യരുത്.

28 “ ‘മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ നിങ്ങളുടെമേൽ പച്ച കുത്തുകയോ ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.

29 “ ‘ദേശം വേശ്യാവൃത്തിയിലേക്കു തിരിഞ്ഞു ദുഷ്ടതകൊണ്ടു നിറയാതിരിക്കാൻ, നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏൽപ്പിക്കരുത്.

30 “ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു.

31 “ ‘വെളിച്ചപ്പാടുകളെയോ ഭൂതസേവക്കാരെയോ അന്വേഷിക്കരുത്. കാരണം അവരാൽ നിങ്ങൾ അശുദ്ധരായിത്തീരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

32 “ ‘വൃദ്ധരുടെമുമ്പാകെ എഴുന്നേൽക്കുക, നരച്ചവനോടു ബഹുമാനം കാണിക്കുക. നിങ്ങളുടെ ദൈവത്തെ ഭയത്തോടെ ബഹുമാനിക്കുക. ഞാൻ യഹോവ ആകുന്നു.

33 “ ‘ഒരു പ്രവാസി നിങ്ങളോടുകൂടെ നിങ്ങളുടെ ദേശത്തു പാർക്കുമ്പോൾ ആ മനുഷ്യനെ ചൂഷണംചെയ്യരുത്.

34 നിങ്ങളോടുകൂടെ പാർക്കുന്ന പ്രവാസിയോട് ഒരു സ്വദേശിയോടെന്നപോലെ ഇടപെടുക; അയാളെ നിങ്ങളെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങൾ ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

35 “ ‘നീളത്തിലും അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്.

36 കൃത്യമായ മുഴക്കോലും കൃത്യമായ തുലാസും കൃത്യമായ ഏഫായും കൃത്യമായ ഹീനും ഉപയോഗിക്കുക. നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവ ഞാൻ ആകുന്നു.

37 “ ‘എന്റെ സകല ഉത്തരവുകളും എല്ലാ നിയമങ്ങളും പ്രമാണിച്ചു നടക്കുക; ഞാൻ യഹോവ ആകുന്നു.’ ”

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan