Biblia Todo Logo
Bìoball air-loidhne

- Sanasan -

യോശുവ 10 - സമകാലിക മലയാളവിവർത്തനം


സൂര്യൻ നിശ്ചലമാകുന്നു

1 യോശുവ ഹായിപട്ടണം പിടിച്ച് ഉന്മൂലനാശംവരുത്തി എന്നും, യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന്യർ ഇസ്രായേലിനോടു സമാധാനയുടമ്പടി ചെയ്ത് അവരോട് സഖ്യത്തിലായി എന്നും ജെറുശലേംരാജാവായ അദോനി-സെദെക് കേട്ടു.

2 ഗിബെയോൻ ഒരു രാജകീയ നഗരംപോലെ പ്രധാനപട്ടണമായിരുന്നു. ഹായിയെക്കാൾ വലിയ പട്ടണവുമായിരുന്നു അത്. മാത്രമല്ല അവിടത്തെ പുരുഷന്മാരെല്ലാം നല്ല പോരാളികളുമായിരുന്നു. ഇക്കാരണങ്ങളാൽ അദോനി-സേദെക്കും അവന്റെ ആളുകളും വളരെ ഭയപ്പെട്ടു.

3 അതുകൊണ്ട് ജെറുശലേംരാജാവായ അദോനി-സെദെക്, ഹെബ്രോൻരാജാവായ ഹോഹാമിനോടും യർമൂത്തുരാജാവായ പിരാമിനോടും ലാഖീശുജാവായ യാഫിയയോടും എഗ്ലോൻരാജാവായ ദെബീരിനോടും,

4 “ഗിബെയോൻ യോശുവയോടും ഇസ്രായേൽമക്കളോടും സമാധാന ഉടമ്പടി ചെയ്തിരിക്കുകയാൽ, ഗിബെയോനെ ആക്രമിക്കുന്നതിന് എന്നെ വന്നു സഹായിക്കുക” എന്നപേക്ഷിച്ചു.

5 ഇങ്ങനെ ജെറുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാരുംകൂടി ഒരു ഐക്യചേരിയായി; അവരുടെ മുഴുവൻ സൈന്യവുമായി ഗിബെയോനെതിരേ നിലയുറപ്പിച്ചുകൊണ്ട് അതിനെ ആക്രമിച്ചു.

6 “അങ്ങയുടെ ദാസന്മാരായ ഞങ്ങളെ ഉപേക്ഷിക്കരുതേ, അതിവേഗം വന്നു ഞങ്ങളെ രക്ഷിക്കണമേ. പർവതപ്രദേശങ്ങളിലെ അമോര്യരാജാക്കന്മാർ എല്ലാവരും ഒരുമിച്ചുകൂടി ഞങ്ങൾക്കുനേരേ വന്നിരിക്കുന്നു, ഞങ്ങളെ സഹായിക്കണമേ,” എന്നു ഗിബെയോന്യർ ഗിൽഗാൽപാളയത്തിലായിരുന്ന യോശുവയ്ക്കു സന്ദേശം അയച്ചു.

7 അപ്പോൾ യോശുവ ഏറ്റവും നല്ല പോരാളികളുൾപ്പെടെയുള്ള സർവസൈന്യവുമായി ഗിൽഗാലിൽനിന്ന് പുറപ്പെട്ടു.

8 യഹോവ യോശുവയോട്, “അവരെ ഭയപ്പെടരുത്, ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഒരുത്തനും നിന്നോടു ചെറുത്തുനിൽക്കാൻ സാധിക്കുകയില്ല” എന്ന് അരുളിച്ചെയ്തു.

9 ഗിൽഗാലിൽനിന്ന് ഒരു രാത്രിമുഴുവനും നടന്നുചെന്ന് യോശുവ അപ്രതീക്ഷിതമായി അവരെ ആക്രമിച്ചു.

10 യഹോവ ഇസ്രായേലിനുമുമ്പിൽ അവരെ പരിഭ്രാന്തരാക്കി. ഗിബെയോനിൽവെച്ച് ഇസ്രായേൽ അവരെ പൂർണമായി തോൽപ്പിച്ചു. ഇസ്രായേൽ ബേത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ പിൻതുടർന്ന്, അസേക്കവരെയും മക്കേദാവരെയും അവരെ വെട്ടിവീഴ്ത്തി.

11 ഇസ്രായേലിന്റെ മുമ്പിൽനിന്ന് ബേത്-ഹോരോനിൽനിന്നുള്ള ഇറക്കത്തിൽക്കൂടി അസേക്കയിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ, യഹോവ അവരുടെമേൽ കന്മഴ പെയ്യിച്ചു. ഇസ്രായേല്യരുടെ വാളാൽ മരിച്ചവരെക്കാൾ കൂടുതലായിരുന്നു കന്മഴയാൽ മരിച്ചവർ.

12 യഹോവ ഇസ്രായേൽമക്കൾക്ക് അമോര്യരുടെമേൽ വിജയംനൽകിയ ദിവസം, യോശുവ ഇസ്രായേൽമക്കൾ കേൾക്കെ യഹോവയോട് അപേക്ഷിച്ചു: “സൂര്യാ, നീ ഗിബെയോനു മുകളിലും, ചന്ദ്രാ, നീ അയ്യാലോൻതാഴ്വരയുടെ മുകളിലും നിശ്ചലമായി നിൽക്കുക.”

13 ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുന്നതുവരെ, സൂര്യൻ നിശ്ചലമായി നിന്നു; ചന്ദ്രനും നിന്നു. യാശീരിന്റെ ഗ്രന്ഥത്തിൽ ഇതു രേഖപ്പെടുത്തിയിരിക്കുന്നു. സൂര്യൻ ആകാശമധ്യേ നിൽക്കുകയും ഒരു ദിവസംമുഴുവനും അസ്തമിക്കാതിരിക്കുകയും ചെയ്തു.

14 യഹോവ ഒരു മനുഷ്യന്റെ വാക്കുകേട്ട് അതുപോലെ പ്രവർത്തിച്ച ആ ദിവസംപോലെ വേറൊരു ദിവസം അതിനുമുമ്പും പിമ്പും ഉണ്ടായിട്ടില്ല. യഹോവതന്നെ ഇസ്രായേലിനുവേണ്ടി യുദ്ധംചെയ്യുകയായിരുന്നു!

15 അതിനുശേഷം യോശുവ എല്ലാ ഇസ്രായേല്യരുമൊപ്പം ഗിൽഗാൽ പാളയത്തിലേക്കു മടങ്ങി.


അഞ്ച് അമോര്യരാജാക്കന്മാർ കൊല്ലപ്പെടുന്നു

16 രാജാക്കന്മാർ അഞ്ചുപേരും ഓടിച്ചെന്നു മക്കേദായിലെ ഗുഹയിൽ ഒളിച്ചു.

17 ഇവർ മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കാണപ്പെട്ടു എന്നു യോശുവയ്ക്ക് അറിവുലഭിച്ചു.

18 യോശുവ അവരോട്, “വലിയ കല്ലുകൾ ഉരുട്ടിവെച്ചു ഗുഹാമുഖം അടച്ച് അവിടെ കാവൽക്കാരെ ആക്കുക.

19 എന്നാൽ നിങ്ങൾ നിൽക്കരുത്. ശത്രുക്കളെ പിൻതുടരുക. പിന്നിൽനിന്ന് അവരെ ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളിൽ എത്താൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

20 അങ്ങനെ യോശുവയും ഇസ്രായേൽമക്കളുംകൂടി അവരെ ഉന്മൂലനാശംവരുത്തി. ശേഷിച്ച ചുരുക്കം ചിലർ അവരുടെ സുരക്ഷിതപട്ടണങ്ങളിൽ അഭയംതേടി.

21 ഇസ്രായേൽസൈന്യം മുഴുവനും മക്കേദായിലുള്ള പാളയത്തിൽ യോശുവയുടെ അടുക്കൽ സുരക്ഷിതരായി തിരിച്ചെത്തി; ഇസ്രായേൽജനത്തിനെതിരേ ആരും ഒരക്ഷരംപോലും ഉച്ചരിച്ചില്ല.

22 ഇതിനുശേഷം യോശുവ: “ഗുഹാമുഖം തുറന്ന് ആ അഞ്ചു രാജാക്കന്മാരെ എന്റെ അടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു.

23 അപ്രകാരം അവർ ജെറുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചുപേരെയും ഗുഹയുടെ പുറത്തുകൊണ്ടുവന്നു.

24 രാജാക്കന്മാരെ യോശുവയുടെ അടുത്തു കൊണ്ടുവന്നപ്പോൾ, അവൻ ഇസ്രായേലിലെ പുരുഷന്മാരെ മുഴുവൻ വിളിച്ച്, തന്നോടുകൂടെ വന്ന സൈന്യാധിപന്മാരോട്: “അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെക്കുക” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു.

25 യോശുവ അവരോട്, “ഭയപ്പെടരുത്, നിരുത്സാഹപ്പെടുകയുമരുത്; ബലവും ധൈര്യവുമുള്ളവരായിരിക്കുക, നിങ്ങൾ യുദ്ധംചെയ്യാൻ പോകുന്ന സകലശത്രുക്കളോടും യഹോവ ഇപ്രകാരം ചെയ്യും” എന്നു പറഞ്ഞു.

26 അതിനുശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കിയിട്ടു. സന്ധ്യവരെ അവർ അപ്രകാരം തൂങ്ങിക്കിടന്നു.

27 സന്ധ്യയായപ്പോൾ യോശുവയുടെ കൽപ്പനയനുസരിച്ച് അവരെ മരത്തിൽനിന്നിറക്കുകയും അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇടുകയും ചെയ്തു; ഗുഹാമുഖത്തു വലിയ കല്ലുകൾ ഉരുട്ടിവെച്ചു. ആ കല്ലുകൾ ഇന്നും അവിടെയുണ്ട്.


തെക്കൻനഗരങ്ങൾ കീഴടങ്ങുന്നു

28 അന്ന് യോശുവ മക്കേദാ പിടിച്ചു. പട്ടണത്തെയും അതിലെ രാജാവിനെയും വാളിന്റെ വായ്ത്തലയാൽ വീഴ്ത്തി. അതിലുണ്ടായിരുന്ന സകലരെയും ഉന്മൂലനാശംവരുത്തി. ഒരുത്തനും അവശേഷിച്ചില്ല. യെരീഹോരാജാവിനോടു ചെയ്തതുപോലെതന്നെ മക്കേദാരാജാവിനോടും ചെയ്തു.

29 ഇതിനുശേഷം യോശുവയും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്ന ഇസ്രായേലൊക്കെയും മക്കേദായിൽനിന്ന് ലിബ്നായിലേക്കു പുറപ്പെട്ട് അതിനെ ആക്രമിച്ചു.

30 യഹോവ അതിനെയും അതിലെ രാജാവിനെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. പട്ടണത്തെയും അതിലുള്ള എല്ലാവരെയും യോശുവ വാളിനിരയാക്കി; ആരെയും ശേഷിപ്പിച്ചില്ല. യെരീഹോരാജാവിനോടു ചെയ്തതുപോലെതന്നെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.

31 പിന്നെ യോശുവ, ഇസ്രായേൽമക്കൾ എല്ലാവരോടുംകൂടി ലിബ്നായിൽനിന്ന് ലാഖീശിലേക്കു പുറപ്പെട്ട് അതിനെതിരേ നിലയുറപ്പിച്ചുകൊണ്ട് അതിനെ ആക്രമിച്ചു;

32 യഹോവ ലാഖീശിനെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു; രണ്ടാംദിവസം യോശുവ അതു പിടിച്ചു. ലിബ്നായിൽ ചെയ്തതുപോലെതന്നെ, പട്ടണത്തെയും അതിലുണ്ടായിരുന്ന എല്ലാവരെയും വാളിനിരയാക്കി.

33 ഇതിനിടയിൽ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിക്കാൻ വന്നു. എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം തോൽപ്പിച്ചു.

34 പിന്നെ യോശുവയും എല്ലാ ഇസ്രായേലും ലാഖീശിൽനിന്ന് എഗ്ലോനിലേക്കു പുറപ്പെട്ട് അതിനെതിരേ നിലയുറപ്പിച്ച്, അതിനെ ആക്രമിച്ചു.

35 അന്നുതന്നെ അവർ അതിനെ പിടിച്ചു; പട്ടണം വാളിനിരയാക്കി. ലാഖീശിനോടു ചെയ്തതുപോലെതന്നെ അതിലുള്ള എല്ലാവരെയും ഉന്മൂലനാശംവരുത്തി.

36 അതിനുശേഷം യോശുവയും എല്ലാ ഇസ്രായേലും എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്കു ചെന്ന് അതിനെ ആക്രമിച്ചു.

37 ആരെയും ശേഷിപ്പിക്കാതെ പട്ടണത്തെയും അതിന്റെ രാജാവിനെയും അതിലെ ഗ്രാമങ്ങളെയും അതിലുള്ള സകലരെയും വാളിനിരയാക്കി. എഗ്ലോനോടു ചെയ്തതുപോലെതന്നെ ആ പട്ടണത്തെയും അതിലുണ്ടായിരുന്ന എല്ലാവരെയും ഉന്മൂലനാശംവരുത്തി.

38 അനന്തരം യോശുവയും ഇസ്രായേല്യർ എല്ലാവരുംകൂടി തിരിഞ്ഞു ദെബീരിനുനേരേ ചെന്ന് അതിനെ ആക്രമിച്ചു.

39 പട്ടണത്തെയും അതിന്റെ രാജാവിനെയും അതിലെ ഗ്രാമങ്ങളെയും പിടിച്ച് അവർ വാളിനിരയാക്കി. അതിലുള്ള എല്ലാവരെയും ഉന്മൂലനാശംവരുത്തി. ആരെയും ശേഷിപ്പിച്ചില്ല. ലിബ്നായോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ഹെബ്രോനോടു ചെയ്തതുപോലെയും അവർ ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.

40 അങ്ങനെ യോശുവ മലനാട്, തെക്കേദേശം, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, മലഞ്ചെരിവുകൾ എന്നീ പ്രദേശങ്ങളുൾപ്പെട്ട മേഖലമുഴുവനും അവയിലെ സകലരാജാക്കന്മാരെയും കീഴടക്കി. ആരെയും ശേഷിപ്പിച്ചില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ ജീവനുള്ള സകലതിനും ഉന്മൂലനാശംവരുത്തി.

41 യോശുവ കാദേശ്-ബർന്നേയമുതൽ ഗസ്സാവരെയും ഗോശെൻമേഖലമുതൽ ഗിബെയോൻവരെയും എല്ലാവരെയും കീഴടക്കി.

42 ഇസ്രായേലിന്റെ ദൈവമായ യഹോവ ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട്, യോശുവ ഈ രാജാക്കന്മാരെല്ലാവരെയും അവരുടെ പ്രദേശങ്ങളെയും ഒരൊറ്റ സൈനികനീക്കത്തിൽ കീഴടക്കി.

43 പിന്നെ യോശുവയും എല്ലാ ഇസ്രായേലും ഗിൽഗാലിൽ പാളയത്തിലേക്കു മടങ്ങി.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan