Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 41 - സമകാലിക മലയാളവിവർത്തനം

1 “നിനക്കു ലിവ്യാഥാനെ മീൻചൂണ്ടകൊണ്ടു പിടിക്കാൻ കഴിയുമോ? അഥവാ, കയറുകൊണ്ട് അതിന്റെ നാക്ക് നിനക്കു ബന്ധിക്കാമോ?

2 അതിന്റെ മൂക്കിൽക്കൂടി ഒരു ചരട് കോർത്തെടുക്കാമോ? അതിന്റെ താടിയെല്ലിൽ ഒരു കൊളുത്ത് കുത്തിയിറക്കാൻ പറ്റുമോ?

3 അതു നിന്നോട് കരുണയ്ക്കായി യാചിച്ചുകൊണ്ടിരിക്കുമോ? അതു സൗമ്യമായി നിന്നോടു സംസാരിക്കുമോ?

4 അതിനെ ആജീവനാന്തം നിന്റെ അടിമയായി എടുക്കുന്നതിന് അതു നീയുമായി ഒരു കരാറുചെയ്യുമോ?

5 ഒരു പക്ഷിയെന്നപോലെ അതിനെ നിനക്ക് ഓമനിക്കാമോ? അഥവാ, നിന്റെ പെൺകുട്ടികളോടൊപ്പം കളിക്കുന്നതിന് അതിനെ കെട്ടിയിടാമോ?

6 വ്യാപാരികൾ അതിനുവേണ്ടി വിലപേശുമോ? കച്ചവടക്കാർ അതിനെ പങ്കിട്ടെടുക്കുമോ?

7 അതിന്റെ ത്വക്ക് ചാട്ടുളികൊണ്ടു നിറയ്ക്കാമോ? അഥവാ, അതിന്റെ തലയിൽ മത്സ്യവേധത്തിനുള്ള കുന്തം തറയ്ക്കാമോ?

8 അതിന്റെമേൽ നീ ഒന്നു കൈവെച്ചാൽ, ആ മൽപ്പിടുത്തം നീ എന്നെന്നും ഓർക്കുകയും പിന്നീടൊരിക്കലും അതിനു തുനിയുകയുമില്ല!

9 അതിനെ കീഴ്പ്പെടുത്താം എന്ന ആശതന്നെ വ്യർഥം; അതിന്റെ കാഴ്ചയിൽത്തന്നെ നീ വീണുപോകുമല്ലോ.

10 അതിനെ ഉണർത്താൻതക്ക ശൂരത ആർക്കുമില്ല; അങ്ങനെയെങ്കിൽ എന്റെമുമ്പിൽ നിൽക്കാവുന്നവൻ ആര്?

11 ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയുന്നയാൾ ആർ? ആകാശത്തിൻകീഴിലുള്ള സകലതും എനിക്കു സ്വന്തം.

12 “ലിവ്യാഥാന്റെ അവയവങ്ങളെയോ മഹാശക്തിയെയോ ചേലൊത്ത രൂപത്തെയോപറ്റി ഞാൻ മൗനിയാകുകയില്ല.

13 അതിന്റെ പുറമേയുള്ള തുകൽ ആർക്കു നീക്കംചെയ്യാം? അതിന്റെ ഇരട്ടക്കവചം കുത്തിത്തുളയ്ക്കാൻ ആർക്കു കഴിയും?

14 അതിന്റെ മുഖദ്വാരങ്ങൾ തുറക്കാൻ ആർക്കു കഴിയും? അതിന്റെ ദന്തനിര ഭയാനകമത്രേ.

15 അതിന്റെ ചെതുമ്പലുകൾ പരിചകളാണ്, അവ ഭദ്രമായി മുദ്രവെച്ച് അടച്ചിരിക്കുന്നു;

16 വായു കടക്കാത്തവിധം അവ ഒന്നിനോടൊന്നു ചേർന്നിരിക്കുന്നു.

17 അവ ഒന്നിനോടൊന്നിണക്കപ്പെട്ട് വേർപെടുത്താൻ കഴിയാത്തവിധം ഒട്ടിച്ചേർന്നിരിക്കുന്നു.

18 അതിന്റെ ഉഗ്രമായ ഉച്ഛ്വാസത്താൽ മിന്നൽ ചിതറും; അതിന്റെ കണ്ണുകൾ പ്രഭാതത്തിലെ രശ്മികൾപോലെയാണ്.

19 അതിന്റെ വായിൽനിന്ന് തീപ്പന്തം ബഹിർഗമിക്കുന്നു; അതിൽനിന്ന് തീപ്പൊരികൾ മിന്നിച്ചിതറുന്നു.

20 തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന ഞാങ്ങണച്ചെടിയിൽനിന്നും എന്നപോലെ അതിന്റെ നാസാരന്ധ്രത്തിൽനിന്ന് പുക വമിക്കുന്നു.

21 അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്ന് ആഗ്നേയാസ്ത്രങ്ങൾ പായുന്നു.

22 അതിന്റെ കഴുത്തിൽ കരുത്തു കുടികൊള്ളുന്നു; സംഭ്രമം അതിന്റെ മുമ്പിൽ കുതിക്കുന്നു,

23 അതിന്റെ മാംസപാളികൾ അതിന്റെമേൽ ഉറപ്പായും ഇളക്കമില്ലാതെയും പറ്റിച്ചേർന്നും ഇരിക്കുന്നു,

24 അതിന്റെ നെഞ്ച് പാറപോലെ കഠിനം; തിരികല്ലിന്റെ പിള്ളപോലെ ഉറപ്പുള്ളതുതന്നെ.

25 അതു തലയുയർത്തുമ്പോൾ ബലശാലികൾ ഭയപ്പെടുന്നു; അതിന്റെ മർദനത്തിൽ അവർ പിന്മാറുന്നു.

26 വാൾകൊണ്ടുള്ള വെട്ട് അതിന്റെമേൽ ഫലിക്കുകയില്ല; കുന്തമോ ചാട്ടുളിയോ വേലോ എല്ലാം ഫലശൂന്യംതന്നെ.

27 അതിന് ഇരുമ്പ് വൈക്കോൽപോലെയും വെങ്കലം ചെതുക്കായ തടിപോലെയുംമാത്രം.

28 അസ്ത്രംകൊണ്ട് അതിനെ ഓടിക്കാൻ കഴിയില്ല; കവിണക്കല്ല് അതിനു പതിർപോലെയാണ്.

29 ഗദ അതിന് ഒരു കച്ചിത്തുരുമ്പുപോലെമാത്രം; ശൂലത്തിന്റെ കിലുകിലാരവത്തെ അതു പരിഹസിക്കുന്നു.

30 അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടക്കലക്കഷണംപോലെയാണ്; ചെളിമേൽ ഒരു മെതിവണ്ടിപോലെ അതു വലിയുന്നു.

31 അത് ആഴിയെ തിളയ്ക്കുന്ന കുട്ടകംപോലെ കടയുന്നു; കടലിനെ അതു തൈലപ്പാത്രംപോലെ ഇളക്കിമറിക്കുന്നു.

32 അതു പോകുന്ന പാതയിൽ ഒരു തിളങ്ങുന്ന കപ്പൽച്ചാൽ ഉണ്ടാക്കുന്നു; കടലിനു നരബാധിച്ച പ്രതീതി ജനിപ്പിക്കുന്നു.

33 ഭൂമിയിൽ ഒന്നും അതിനു തുല്യമല്ല; അതു ഭയമില്ലാത്ത ഒരു ജീവിതന്നെ.

34 ഗർവമുള്ള ഏതൊന്നിനെയും അതു പുച്ഛിച്ചുതള്ളുന്നു; അഹന്തയുള്ള എല്ലാറ്റിനുംമീതേ അതു രാജാവുതന്നെ.”

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan