യിരെമ്യാവ് 17 - സമകാലിക മലയാളവിവർത്തനം1 “യെഹൂദയുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും വജ്രമുനകൊണ്ടും എഴുതപ്പെട്ടിരിക്കുന്നു, അത് അവരുടെ ഹൃദയത്തിന്റെ പലകമേലും അവരുടെ യാഗപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു. 2 അവരുടെ മക്കൾപോലും ഉയർന്ന മലകളിൽ ഇലതൂർന്ന മരങ്ങൾക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും ഓർക്കുന്നുവല്ലോ. 3 വയൽപ്രദേശത്തുള്ള എന്റെ പർവതമേ, രാജ്യത്തെമ്പാടുമുള്ള പാപംനിമിത്തം നിന്റെ ധനവും എല്ലാ നിക്ഷേപങ്ങളും നിന്റെ ക്ഷേത്രങ്ങളോടൊപ്പം ഞാൻ കൊള്ളമുതലായി കൊടുക്കും. 4 ഞാൻ നിനക്കുതന്ന അവകാശത്തെ നീ വിട്ടുപോകേണ്ടിവരും. നീ അറിയാത്ത ദേശത്ത് നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടവരുത്തും, കാരണം എന്റെ കോപത്തിൽ നിങ്ങൾ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു, അതു നിത്യം എരിഞ്ഞുകൊണ്ടിരിക്കും.” 5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ ആശ്രയിക്കുന്നവർ ശപിക്കപ്പെട്ടവർ, മനുഷ്യന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും ഹൃദയത്തിൽ യഹോവയെ വിട്ടകലുകയുംചെയ്യുന്നവർതന്നെ. 6 അങ്ങനെയുള്ളവർ മരുഭൂമിയിലെ ചൂരൽച്ചെടിപോലെയായിത്തീരും; അഭിവൃദ്ധിവരുമ്പോൾ അവർ അതു കാണുകയില്ല. മരുഭൂമിയിൽ നിവാസികളില്ലാത്ത ഉപ്പുനിലങ്ങളിലും വരണ്ടപ്രദേശങ്ങളിലും അവർ പാർക്കും. 7 “എന്നാൽ യഹോവയിൽ ആശ്രയിക്കുകയും യഹോവയെത്തന്നെ ആശ്രയമാക്കിയിരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ. 8 അവർ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികത്തു വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും. ഉഷ്ണം വരുമ്പോൾ അതു പേടിക്കുകയില്ല; അതിന്റെ ഇല നിത്യഹരിതമായിരിക്കും. വരൾച്ചയുള്ള വർഷത്തിലും അതു വാട്ടം തട്ടാതെ ഫലം കായ്ച്ചുകൊണ്ടിരിക്കും.” 9 ഹൃദയം എല്ലാറ്റിനെക്കാളും കാപട്യമുള്ളതും സൗഖ്യമാക്കാൻ കഴിയാത്തതുമാണ്. ആർക്കാണ് അതിനെ ഗ്രഹിക്കാൻ കഴിയുക? 10 “ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിനും അവരുടെ പ്രവൃത്തികൾക്കും അനുസരിച്ചു പ്രതിഫലം നൽകുന്നതിന് യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുകയും മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു.” 11 അന്യായമായി ധനം സമ്പാദിക്കുന്നവർ ഇടാത്ത മുട്ടയ്ക്കു പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്. തന്റെ ആയുസ്സിന്റെ മധ്യത്തിലെത്തുമ്പോൾ, അവരുടെ ധനം അവരെ വിട്ടുപോകും, ഒടുവിൽ അവർ ഭോഷരായിരുന്നു എന്നു തെളിയും. 12 തേജസ്സേറിയ സിംഹാസനം, ആദിമുതൽതന്നെ ഉന്നതമായ ഒരു സ്ഥാനം, അതാണ് നമ്മുടെ അഭയസ്ഥാനം. 13 ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ, അങ്ങയെ ഉപേക്ഷിച്ചുപോകുന്ന എല്ലാവരും ലജ്ജിതരാകും. അങ്ങയെ വിട്ടുപോകുന്നവരെല്ലാം മണ്ണിൽ എഴുതപ്പെടും കാരണം, ജീവജലത്തിന്റെ ഉറവയായ യഹോവയെ അവർ ഉപേക്ഷിച്ചുകളഞ്ഞല്ലോ. 14 യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്കു സൗഖ്യം ലഭിക്കും; എന്നെ രക്ഷിക്കണമേ, എന്നാൽ ഞാൻ രക്ഷപ്പെടും, കാരണം അങ്ങാണ് എന്റെ പുകഴ്ച്ചയായിരിക്കുന്നത്. 15 “യഹോവയുടെ വചനം എവിടെ? അതു നിവർത്തിയാകട്ടെ!” എന്ന് അവർ എന്നോടു പറയുന്നു. 16 ഞാനോ അങ്ങയുടെ ഒരു ഇടയന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ചോടിയില്ല; നൈരാശ്യത്തിന്റെ ദിനം ഞാൻ ആശിച്ചുമില്ല എന്ന് അങ്ങ് അറിയുന്നു. എന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട വാക്കുകൾ അവിടത്തെ സന്നിധിയിൽ ഇരിക്കുന്നു. 17 അങ്ങ് എനിക്കൊരു ഭീതിവിഷയമാകരുതേ; അനർഥകാലത്ത് അങ്ങ് എന്റെ സങ്കേതം ആകുന്നുവല്ലോ. 18 എന്റെ പീഡകർ ലജ്ജിക്കട്ടെ, എന്നാൽ എന്നെ ലജ്ജിപ്പിക്കരുതേ; അവർ സംഭീതരാകട്ടെ, എന്നാൽ എന്നെ ഭീതിയിലാകാൻ അനുവദിക്കരുതേ. ഒരു അനർഥദിവസം അവരുടെമേൽ വരുത്തണമേ; ഇരട്ടിയായ നാശംകൊണ്ട് അവരെ തകർത്തുകളയണമേ. ശബ്ബത്തുദിനം ആചരിക്കുക 19 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ പോയി, യെഹൂദാരാജാക്കന്മാർ അകത്തേക്കു വരികയും പുറത്തേക്കു പോകുകയും ചെയ്യുന്ന ജനത്തിന്റെ കവാടത്തിലും ജെറുശലേമിന്റെ എല്ലാ കവാടങ്ങളിലും നിന്നുകൊണ്ട്, 20 അവരോട് ഇപ്രകാരം പറയുക: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യെഹൂദാരാജാക്കന്മാരേ, സകല യെഹൂദാജനങ്ങളേ, എല്ലാ ജെറുശലേംനിവാസികളേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക. 21 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശബ്ബത്തുദിവസത്തിൽ യാതൊരു ചുമടും ചുമക്കാതെയും ജെറുശലേം കവാടങ്ങളിലൂടെ യാതൊരു ചുമടും അകത്തേക്കു കൊണ്ടുപോകാതെയും സൂക്ഷിച്ചുകൊള്ളുക. 22 നിങ്ങളുടെ ഭവനങ്ങളിൽനിന്ന്, ശബ്ബത്തുനാളിൽ, യാതൊരു ചുമടും പുറത്തേക്കു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും, ഞാൻ നിങ്ങളുടെ പൂർവികന്മാരോടു കൽപ്പിച്ചതുപോലെ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കുക. 23 എന്നാൽ അവർ ഈ കൽപ്പന ശ്രദ്ധിക്കുകയോ അതിനു ചെവിചായ്‌ക്കുകയോ ചെയ്തില്ല; അവർ കേട്ടനുസരിക്കാതെയും ഉപദേശം കൈക്കൊള്ളാതെയും ദുശ്ശാഠ്യമുള്ളവരായിത്തീർന്നു. 24 നിങ്ങൾ ജാഗ്രതയോടെ എന്റെ വചനം ശ്രദ്ധിച്ച് ശബ്ബത്തുനാളിൽ ഈ നഗരകവാടങ്ങളിലൂടെ യാതൊരു ചുമടും കൊണ്ടുപോകാതെ ശബ്ബത്തിനെ വിശുദ്ധീകരിക്കുകയും അന്നു യാതൊരു വേലയും ചെയ്യാതിരിക്കുകയും ചെയ്യുമെങ്കിൽ, 25 ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടരായിരിക്കുന്ന രാജാക്കന്മാർ അവരുടെ അധികാരികളുമായി ഈ കവാടത്തിലൂടെ വന്നുചേരും. അവരും അവരുടെ അധികാരികളും യെഹൂദാഗോത്രത്തിലെ പുരുഷന്മാരും ജെറുശലേംനിവാസികളും ഒരുമിച്ച് രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്ത് ഈ നഗരത്തിൽ വന്നുചേരും. അത് എന്നേക്കും ജനവാസമുള്ളതായി തീരുകയും ചെയ്യും, എന്ന് യഹോവയുടെ അരുളപ്പാട്. 26 അവർ യെഹൂദാപട്ടണങ്ങളിൽനിന്നും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തുനിന്നും ദക്ഷിണദേശത്തുനിന്നും ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും സുഗന്ധവർഗവും കൊണ്ടുവരും. യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗങ്ങളും അർപ്പിക്കും. 27 എന്നാൽ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കാനും ജെറുശലേമിന്റെ കവാടങ്ങളിലൂടെ ചുമടു ചുമന്നുകൊണ്ടുപോകാതിരിക്കാനും നിങ്ങൾ എന്റെ വാക്കുകേട്ട് അനുസരിക്കുന്നില്ലെങ്കിൽ ഞാൻ അതിന്റെ കവാടങ്ങളിൽ തീ കൊളുത്തുകയും അതു കെട്ടുപോകാതെ ജെറുശലേമിലെ കൊട്ടാരങ്ങളെ ദഹിപ്പിക്കുകയും ചെയ്യും.’ ” |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.