ന്യായാധിപന്മാർ 7 - സമകാലിക മലയാളവിവർത്തനംഗിദെയോൻ മിദ്യാന്യരെ തോൽപ്പിക്കുന്നു 1 പ്രഭാതത്തിൽ യെരൂ-ബാൽ എന്ന ഗിദെയോനും കൂടെയുള്ള യോദ്ധാക്കളും എൻ-ഹരോദ് ഉറവിനരികെ പാളയമിറങ്ങി, മിദ്യാന്യരുടെ പാളയം അവർക്കു വടക്കു മോരേക്കുന്നിനു സമീപമുള്ള താഴ്വരയിലായിരുന്നു. 2 യഹോവ ഗിദെയോനോട്, “നിന്നോടുകൂടെയുള്ള ജനം വളരെ അധികമാകുന്നു: ‘സ്വന്തം ശക്തിയാൽ ഞാൻ രക്ഷപ്രാപിച്ചു’ എന്ന് ഇസ്രായേൽ എനിക്കെതിരേ നിഗളിക്കരുത്. അതിനായി ഞാൻ മിദ്യാന്യരെ ഇവരുടെ കൈയിൽ ഏൽപ്പിക്കുകയില്ല. 3 നീ ചെന്ന്, ‘ഭയന്നുവിറയ്ക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഗിലെയാദ് പർവതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ’ എന്ന് ജനത്തോടു പറയുക” എന്നു കൽപ്പിച്ചു. ജനത്തിൽ ഇരുപത്തീരായിരംപേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു. 4 എന്നാൽ, യഹോവ ഗിദെയോനോട്, “ജനം ഇനിയും അധികമാകുന്നു, അവരെ വെള്ളത്തിലേക്കു കൊണ്ടുപോകുക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരിശോധിക്കാം: ‘ഇവൻ നിന്നോടുകൂടെ പോരട്ടെ,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരട്ടെ, ‘ഇവൻ നിന്നോടുകൂടെ പോരേണ്ട,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരേണ്ടതില്ല.” 5 അങ്ങനെ ഗിദെയോൻ ജനത്തെ വെള്ളത്തിലേക്കു കൊണ്ടുപോയി. യഹോവ ഗിദെയോനോട്, “നായെപ്പോലെ നാവുകൊണ്ട് വെള്ളം നക്കിക്കുടിക്കുന്നവരെ വേറെയും കുടിക്കാൻ മുട്ടുകുത്തി കുനിയുന്നവരെ വേറെയും നിർത്തുക” എന്നു കൽപ്പിച്ചു. 6 മുന്നൂറുപേർ വെള്ളം കൈയിൽക്കോരി നക്കിക്കുടിച്ചു, മറ്റുള്ളവർ എല്ലാവരും വെള്ളം കുടിക്കാൻ മുട്ടുകുത്തി കുനിഞ്ഞു. 7 യഹോവ ഗിദെയോനോട്, “നക്കിക്കുടിച്ച മുന്നൂറുപേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കൈയിൽ ഏൽപ്പിക്കും; മറ്റുള്ളവർ താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ” എന്നു കൽപ്പിച്ചു. 8 അതനുസരിച്ച് ഗിദെയോൻ, ശേഷിച്ച ഇസ്രായേല്യരെയൊക്കെയും അവരുടെ കൂടാരങ്ങളിലേക്ക് മടക്കി അയച്ചു; ആ മുന്നൂറുപേരെ അദ്ദേഹം തന്നോടുകൂടെ നിർത്തി. അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി. മിദ്യാന്യരുടെ പാളയം താഴ്വരയിലെ സമതലത്തിൽ ആയിരുന്നു. 9 അന്നുരാത്രി യഹോവ ഗിദെയോനോടു കൽപ്പിച്ചു: “എഴുന്നേറ്റ് പാളയത്തിനുനേരേ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിന്റെ കൈയിൽ ഏൽപ്പിക്കാൻ പോകുന്നു. 10 ആക്രമിക്കാൻ നിനക്കു ഭയമുണ്ടെങ്കിൽ നിന്റെ ഭൃത്യനായ പൂരയെയും കൂടെക്കൂട്ടി പാളയത്തിലേക്കു ചെല്ലുക. 11 അവർ സംസാരിക്കുന്നത് നീ ശ്രദ്ധിക്കുക; അപ്പോൾ പാളയത്തെ ആക്രമിക്കാൻ നിനക്ക് ധൈര്യംവരും.” അങ്ങനെ ഗിദെയോനും ഭൃത്യനായ പൂരയും പാളയത്തിന്റെ കാവൽസ്ഥാനംവരെ ഇറങ്ങിച്ചെന്നു. 12 മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരൊക്കെയും താഴ്വരയിൽ വെട്ടുക്കിളികൾപോലെ കൂട്ടമായി അണിനിരന്നിരുന്നു. അവരുടെ ഒട്ടകങ്ങൾ കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. 13 ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് തന്റെ സ്വപ്നം വിവരിക്കുകയായിരുന്നു: “ഞാൻ ഒരു സ്വപ്നംകണ്ടു; മിദ്യാന്യപാളയത്തിലേക്കു വട്ടത്തിലുള്ള ഒരു യവയപ്പം ഉരുണ്ടുരുണ്ടുവന്നു. കൂടാരത്തെ അതു ശക്തിയായി തള്ളിമറിച്ചിട്ടു; അങ്ങനെ കൂടാരം വീണു തകർന്നുപോയി എന്നു പറഞ്ഞു.” 14 അതിന് മറ്റേയാൾ പറഞ്ഞു: “ഇത് യോവാശിന്റെ മകനായ ഗിദെയോൻ എന്ന ഇസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാന്യരെയും ഈ പാളയത്തെ ഒക്കെയും അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.” 15 ഗിദെയോൻ സ്വപ്നവും വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു; അദ്ദേഹം ഇസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്ന് അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു: “എഴുന്നേൽക്കുക! യഹോവ മിദ്യാന്യ പാളയത്തെ നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു.” 16 അദ്ദേഹം ആ മുന്നൂറുപേരെ മൂന്നു സംഘമായി വിഭാഗിച്ചു; ഓരോരുത്തന്റെയും കൈയിൽ ഓരോ കാഹളവും ഒഴിഞ്ഞ കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്തു. 17 ഗിദെയോൻ അവരോടു പറഞ്ഞു: “എന്നെ നോക്കി, ഞാൻ ചെയ്യുന്നതുപോലെ ചെയ്യുക. പാളയത്തിന്റെ അതിർത്തിയിൽ എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യണം. 18 ഞാനും എന്നോടുകൂടെയുള്ളവരും കാഹളംമുഴക്കുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്ന് കാഹളംമുഴക്കി, ‘യഹോവയ്ക്കും ഗിദെയോനുംവേണ്ടി’ എന്ന് ആർപ്പിടണം.” 19 മധ്യയാമാരംഭത്തിൽ, കാവൽക്കാർ മാറിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അതിർത്തിയിലെത്തി. അവർ കാഹളം മുഴക്കിക്കൊണ്ട് കൈയിലിരുന്ന കുടങ്ങൾ ഉടച്ചു. 20 മൂന്നുകൂട്ടവും കാഹളംമുഴക്കി, കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതാൻ കാഹളവും പിടിച്ചു: “യഹോവയ്ക്കും ഗിദെയോനുംവേണ്ടി ഒരു വാൾ!” എന്ന് ആർത്തു, 21 പാളയത്തിന്റെ ചുറ്റും ഓരോരുത്തനും താന്താങ്ങളുടെ നിലയിൽത്തന്നെ നിന്നു; മിദ്യാന്യസൈന്യം ഓട്ടംതുടങ്ങി. അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. 22 ആ മുന്നൂറുപേരും കാഹളം മുഴക്കിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താങ്ങളുടെ കൂട്ടുകാരന്റെനേരേ തിരിപ്പിച്ചു; സൈന്യം സേരേരാ വഴിയായി ബേത്-ശിത്താഹവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലെയുടെ അതിരുവരെയും ഓടിപ്പോയി. 23 ഇസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിൻതുടർന്നു. 24 ഗിദെയോൻ എഫ്രയീം മലനാട്ടിലെല്ലായിടവും ദൂതന്മാരെ അയച്ചു. “മിദ്യാന്യരുടെനേരേ ഇറങ്ങിവന്ന് ബേത്-ബാരാവരെയുള്ള യോർദാൻനദി അവർക്കുമുമ്പേ കൈവശമാക്കിക്കൊൾക,” എന്നു പറയിച്ചു. അങ്ങനെ എഫ്രയീമ്യർ ഒരുമിച്ചുകൂടി ബേത്-ബാരായും യോർദാനുംവരെയുള്ള ജലാശയങ്ങൾ കൈവശമാക്കി. 25 അവർ ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെയും പിടിച്ചു. ഓരേബിനെ ഓരേബ് പാറയിൽവെച്ചും സേബിനെ സേബ് മുന്തിരിച്ചക്കിനരികെവെച്ചും കൊന്നുകളഞ്ഞു. ഓരേബിന്റെയും സേബിന്റെയും തല യോർദാന് അക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.