Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 47 - സമകാലിക മലയാളവിവർത്തനം


ബാബേലിന്റെ പതനം

1 “ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക. ബാബേല്യരുടെ നഗരറാണിയായവളേ, സിംഹാസനത്തിൽനിന്നും നിഷ്കാസിതയായി തറയിൽ ഇരിക്കുക. ഇനിയൊരിക്കലും നീ പേലവഗാത്രിയെന്നോ കോമളാംഗിയെന്നോ വിളിക്കപ്പെടുകയില്ല.

2 തിരികല്ലെടുത്തു മാവു പൊടിക്കുക; നിന്റെ മൂടുപടം നീക്കുക. നിന്റെ വസ്ത്രം ഉയർത്തുക, തുട മറയ്ക്കാതെ നദി കടക്കുക.

3 നിന്റെ നഗ്നത അനാവൃതമാക്കപ്പെടും, നിന്റെ ഗുഹ്യഭാഗം വെളിപ്പെടും. ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.”

4 ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ ഇസ്രായേലിന്റെ പരിശുദ്ധനാകുന്നു, സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.

5 “ബാബേല്യപുത്രീ, നിശ്ശബ്ദയായിരിക്കൂ, അന്ധകാരത്തിലേക്കു കടക്കൂ; രാജ്യങ്ങളുടെ തമ്പുരാട്ടി എന്ന് ഇനി നീ വിളിക്കപ്പെടുകയില്ല.

6 ഞാൻ എന്റെ ജനത്തോടു കോപിച്ചു, എന്റെ അവകാശത്തെ ഞാൻ മലിനമാക്കി; നിന്റെ കൈയിൽ ഞാൻ അവരെ ഏൽപ്പിച്ചു, നീ അവരോടു കരുണ കാണിച്ചില്ല. വൃദ്ധരുടെമേൽപോലും നീ നിന്റെ ഭാരമേറിയ നുകം വെച്ചു.

7 ‘ഞാൻ എന്നേക്കും ഒരു തമ്പുരാട്ടിതന്നെ ആയിരിക്കും,’ എന്നു നീ പറഞ്ഞു. ഈ കാര്യങ്ങൾ നീ ഹൃദയത്തിൽ കരുതുകയോ അതിന്റെ പരിണതഫലം എന്താകുമെന്ന് ചിന്തിക്കുകയോ ചെയ്തില്ല.

8 “എന്നാൽ ഇപ്പോൾ, സുഖലോലുപയായവളേ, കേൾക്കുക, നിങ്ങളുടെ സുരക്ഷയിൽ വിശ്രമിക്കുന്നവളേ, ‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല, ഞാൻ ഒരിക്കലും ഒരു വിധവയാകുകയില്ല, പുത്രനഷ്ടം അനുഭവിക്കുകയുമില്ല,’ എന്ന് സ്വയം പറയുന്നവളേ,

9 ഒരൊറ്റ നിമിഷംകൊണ്ട്, ഒരേദിവസംതന്നെ ഇവ രണ്ടും നീ നേരിടും. നിനക്ക് അസംഖ്യം ക്ഷുദ്രപ്രയോഗങ്ങളും ശക്തിയേറിയ എല്ലാ ആഭിചാരങ്ങളും ഉണ്ടായിരുന്നിട്ടും പുത്രനഷ്ടവും വൈധവ്യവും അതിന്റെ പൂർണതയിൽ നിനക്കു നേരിടേണ്ടിവരും.

10 നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല,’ എന്നു നീ പറഞ്ഞു. നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ വഴിതെറ്റിച്ചു. ‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല’ എന്നു നീ ഹൃദയത്തിൽ പറഞ്ഞപ്പോൾത്തന്നെ.

11 അതിനാൽ അനർഥം നിന്റെമേൽ പതിക്കും, മന്ത്രവാദംകൊണ്ട് അതു നീക്കാൻ നിനക്കു കഴിയുകയില്ല. നിനക്കു പരിഹരിക്കാനാകാത്ത ആപത്തു നിന്റെമേൽ വരും; നിനക്കു ചിന്തിക്കാൻപോലും കഴിയാത്ത വിനാശം നിന്റെമേൽ പെട്ടെന്നുതന്നെ വീഴും.

12 “ഇപ്പോൾ, നീ ബാല്യംമുതൽ ചെയ്തുവന്ന നിന്റെ ആഭിചാരങ്ങളും ക്ഷുദ്രപ്രയോഗങ്ങളുടെ ബാഹുല്യവും തുടരുക. ഒരുപക്ഷേ നിനക്കു ഫലം ലഭിച്ചേക്കാം, ഒരുപക്ഷേ നീ ഭീതി ജനിപ്പിച്ചേക്കാം.

13 ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു! ഇപ്പോൾ ജ്യോതിഷികൾ മുമ്പോട്ടുവരട്ടെ, നക്ഷത്രം നോക്കുന്നവരും അമാവാസി കണ്ടു പ്രവചിക്കുന്നവരും, നിനക്കു സംഭവിക്കാൻ പോകുന്നവയിൽനിന്ന് നിന്നെ വിടുവിക്കട്ടെ.

14 ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും; തീ അവരെ ദഹിപ്പിച്ചുകളയും. അഗ്നിജ്വാലയുടെ ശക്തിയിൽനിന്നു തങ്ങളെത്തന്നെ രക്ഷിക്കാൻ അവർക്കു കഴിവില്ല. അതു കുളിർമാറ്റുന്നതിനുള്ള കനലോ കായുവാൻ തക്ക തീയോ അല്ല.

15 ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും നിന്നോടു ചേർന്നു കച്ചവടംചെയ്തവരും അതിലപ്പുറമാകുകയില്ല. അവർ ഓരോരുത്തരും അവരവരുടെ ദിശയിലേക്കു ചിതറിപ്പോകും; നിന്നെ രക്ഷിക്കാൻ ആരും അവശേഷിക്കുകയില്ല.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan