Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 18 - സമകാലിക മലയാളവിവർത്തനം


കൂശിനെതിരേയുള്ള പ്രവചനം

1 കൂശിലെ നദികൾക്കപ്പുറം ചിറകടി ശബ്ദമുയർത്തുന്ന ദേശമേ!

2 കടൽമാർഗം ഞാങ്ങണയിൽ നിർമിച്ച ചങ്ങാടങ്ങളിൽ സ്ഥാനപതികളെ അയയ്ക്കുന്ന ദേശമേ! നിനക്കു ഹാ കഷ്ടം! വേഗമേറിയ സന്ദേശവാഹകരേ, ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തേക്കു പോകുക, അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തേക്ക്; അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തേക്കു പോകുക, നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തേക്കുതന്നെ.

3 ഭൂമിയിലെ നിവാസികളും ഭൂതലത്തിൽ പാർക്കുന്നവരുമായ എല്ലാവരുമേ, മലമുകളിൽ കൊടി ഉയർത്തുമ്പോൾ നിങ്ങൾ അതു കാണും, ഒരു കാഹളം മുഴങ്ങുമ്പോൾ നിങ്ങൾ അതു കേൾക്കും.

4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മധ്യാഹ്നസൂര്യന്റെ ജ്വലിക്കുന്ന ചൂടുപോലെ, കൊയ്ത്തുകാലത്തെ ചൂടിലെ തുഷാരമേഘംപോലെ, ഞാൻ എന്റെ നിവാസസ്ഥാനത്തു നിശ്ശബ്ദനായിരുന്നുകൊണ്ടു നിരീക്ഷിക്കും.”

5 പൂക്കൾകൊഴിഞ്ഞ് അത് മുന്തിരിയായി വിളഞ്ഞുവരുമ്പോൾ വെടിപ്പാക്കുന്ന കത്തികൊണ്ട് നാമ്പുകൾ മുറിച്ചുകളഞ്ഞ് പടരുന്ന ശാഖകളെ അവിടന്നു വെട്ടി നീക്കിക്കളയും.

6 മലയിലെ ഇരപിടിയൻപക്ഷികൾക്കും വന്യമൃഗങ്ങൾക്കുംവേണ്ടി അവ ഉപേക്ഷിക്കപ്പെടും; കഴുകന്മാർ അവകൊണ്ട് വേനൽക്കാലംമുഴുവനും, വന്യമൃഗങ്ങൾ ശീതകാലംമുഴുവനും ഉപജീവിക്കും.

7 ആ കാലത്ത്, ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തുനിന്ന്, അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തുനിന്ന്; അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തുനിന്ന്, നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തുനിന്നുതന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമം വഹിക്കുന്ന സീയോൻഗിരിയിലേക്ക് അവർ കാഴ്ച കൊണ്ടുവരും.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan