Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 17 - സമകാലിക മലയാളവിവർത്തനം


ദമസ്കോസിനെതിരേയുള്ള പ്രവചനം

1 ദമസ്കോസിനെതിരേയുള്ള പ്രവചനം: “നോക്കൂ, ദമസ്കോസ് ഒരു പട്ടണമല്ലാതായിത്തീരും എന്നാൽ അതു നാശനഷ്ടങ്ങളുടെ ഒരു കൂമ്പാരമാകും.

2 അരോയേർപട്ടണങ്ങൾ ജനവാസമില്ലാത്തതാകും, അവ ആട്ടിൻപറ്റങ്ങൾക്കുള്ളത്, അവയവിടെ കിടക്കും, ആരും അവയെ ഭയപ്പെടുത്തുകയില്ല.

3 എഫ്രയീമിൽനിന്ന് കോട്ടകെട്ടിയുറപ്പിച്ച പട്ടണം അപ്രത്യക്ഷമാകും, ദമസ്കോസിൽനിന്നു രാജത്വവും ഇല്ലാതാകും; അരാമിൽ ശേഷിച്ച ജനം ഇസ്രായേൽമക്കളുടെ മഹത്ത്വംപോലെയാകും,” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4 “ആ ദിവസത്തിൽ യാക്കോബിന്റെ മഹത്ത്വം മങ്ങിപ്പോകും; അവന്റെ കായപുഷ്ടി ക്ഷയിച്ചുപോകും.

5 അതു കൊയ്ത്തുകാർ കതിരുകൾ ചേർത്തുപിടിച്ച് കൈകൊണ്ടു വിളവു കൊയ്തെടുക്കുന്നതുപോലെയാകും— രെഫായീം താഴ്വരയിൽ ഒരാൾ കാലാപെറുക്കുന്നതുപോലെതന്നെ.

6 ഒലിവുമരത്തിൽനിന്ന് കായ്കൾ ശേഖരിക്കുന്നതിനായി തല്ലുമ്പോൾ ഏറ്റവും മുകളിലത്തെ ശാഖകളിൽ രണ്ടോ മൂന്നോ കായ്കളും ഫലഭൂയിഷ്ഠമായ ശാഖകളിൽ നാലോ അഞ്ചോ കായും ശേഷിക്കുന്നതുപോലെ കാലാപെറുക്കാനുള്ള വകമാത്രം ശേഷിച്ചിരിക്കും,” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

7 ആ ദിവസത്തിൽ മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിൽ ആശ്രയിക്കുകയും അവരുടെ കണ്ണുകൾ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു തിരിക്കുകയും ചെയ്യും.

8 അവർ തങ്ങളുടെ കൈകളുടെ നിർമിതിയായ, യാഗപീഠങ്ങളിൽ ഇനിയൊരിക്കലും ആശ്രയിക്കുകയില്ല, തങ്ങളുടെ വിരലുകൾ നിർമിച്ച അശേരാപ്രതിഷ്ഠകളോടും ധൂപപീഠങ്ങളോടും അവർക്കു യാതൊരു ആദരവും കാണുകയില്ല.

9 ഇസ്രായേല്യർനിമിത്തം ഉപേക്ഷിക്കപ്പെട്ടുപോയ അവരുടെ ഉറപ്പുള്ള പട്ടണങ്ങൾ കുറ്റിക്കാടും ചോലമേടും ആകാനായി ഉപേക്ഷിച്ചുപോയ സ്ഥലങ്ങൾപോലെയാകും; അവയെല്ലാം ശൂന്യമായിത്തീരും.

10 എന്തെന്നാൽ നിങ്ങളുടെ രക്ഷകനായ ദൈവത്തെ നിങ്ങൾ മറന്നു; നിങ്ങളുടെ സുരക്ഷിതസ്ഥാനമായ പാറയെ ഓർത്തതുമില്ല. അതുകൊണ്ട്, നിങ്ങൾ മനോഹരമായ തോട്ടങ്ങൾ നട്ട് അവയിൽ അന്യദേശത്തുനിന്നുമുള്ള വള്ളികൾ നടുന്നു.

11 നടുന്ന ദിവസത്തിൽ നിങ്ങൾ ശ്രദ്ധയോടെ അതിനു വേലികെട്ടുന്നു. രാവിലെ നിങ്ങളുടെ നടുതല പൂക്കുമാറാക്കുന്നു. എന്നാൽ സങ്കടത്തിന്റെയും തീരാദുഃഖത്തിന്റെയും നാളിൽ നിങ്ങളുടെ കൊയ്ത്തു നഷ്ടപ്പെട്ടുപോകും.

12 സമുദ്രത്തിന്റെ ഘോഷംപോലെ ആക്രോശിക്കുന്ന നിരവധി രാഷ്ട്രങ്ങൾക്ക് അയ്യോ, കഷ്ടം! അലമുറയിടുന്ന ജനതകൾക്കും അയ്യോ, കഷ്ടം— അവരുടെ ഇരമ്പൽ പെരുവെള്ളത്തിന്റെ ഇരമ്പൽപോലെ ആകുന്നു!

13 പെരുവെള്ളം ഇരമ്പുന്നതുപോലെ ജനാവലി ഇരമ്പുന്നെങ്കിലും, അവിടന്ന് അവരെ ശാസിക്കുമ്പോൾ അവർ ദൂരത്തേക്ക് പലായനംചെയ്യും, കുന്നുകളിലെ ധൂളി കാറ്റിന്റെമുമ്പിൽ പറക്കുന്നതുപോലെ കൊടുങ്കാറ്റിന്റെമുമ്പിൽ ചുഴന്നുപറക്കുന്ന പതിർപോലെയും അവർ പാറിപ്പോകും.

14 സന്ധ്യാസമയത്ത് ഇതാ ഭീതി! പ്രഭാതത്തിനുമുമ്പ് അവൻ ഇല്ലാതെപോകുന്നു. നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ അന്ത്യവും ഈ വിധത്തിലായിരിക്കും.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan