ഹോശേയ 4 - സമകാലിക മലയാളവിവർത്തനംഇസ്രായേലിനെതിരേ കുറ്റാരോപണം 1 ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ; ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്: “ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ ദൈവപരിജ്ഞാനമോ ഇല്ല; 2 ശാപവും വ്യാജവും കൊലപാതകവും മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ. അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു; രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ. 3 ഇതുനിമിത്തം ദേശം വിലപിക്കുന്നു. അതിലെ നിവാസികളെല്ലാവരും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും മെലിഞ്ഞുണങ്ങിയിരിക്കുന്നു; സമുദ്രത്തിലെ മത്സ്യം നശിച്ചുപോകുന്നു. 4 “എന്നാൽ, ആരും കുറ്റാരോപണം നടത്തുകയോ പരസ്പരം പഴിചാരുകയോ അരുത്. നിങ്ങൾ പുരോഹിതനുനേരേ ആരോപണം ഉന്നയിക്കുന്നവരെപ്പോലെ ആകുന്നു. 5 നിങ്ങൾ പകൽസമയത്ത് ഇടറിവീഴും. പ്രവാചകന്മാർ നിങ്ങളോടൊപ്പം രാത്രികാലത്ത് ഇടറിവീഴും. അതുകൊണ്ടു ഞാൻ നിങ്ങളുടെ അമ്മയെ നശിപ്പിക്കും— 6 പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു. “നീ പരിജ്ഞാനം ത്യജിച്ചതിനാൽ എന്റെ പുരോഹിതസ്ഥാനത്തുനിന്നു ഞാൻ നിന്നെയും ത്യജിച്ചുകളയും; നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം അവഗണിച്ചിരിക്കുകയാൽ, ഞാനും നിങ്ങളുടെ മക്കളെ അവഗണിക്കും. 7 പുരോഹിതന്മാർ വർധിക്കുന്തോറും, അവർ എന്നോട് അധികം പാപംചെയ്തു; അതുകൊണ്ട് ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയാക്കിമാറ്റും. 8 അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവിക്കുകയും അവരുടെ ദുഷ്ടത ആസ്വദിക്കുകയും ചെയ്യുന്നു. 9 ജനം എങ്ങനെയോ, അങ്ങനെതന്നെ പുരോഹിതന്മാരും ആയിരിക്കും. ഞാൻ അവരുടെ പാപവഴികൾനിമിത്തം അവരിരുവരെയും ശിക്ഷിക്കും അവരുടെ പ്രവൃത്തികൾക്കു തക്ക പകരംനൽകും. 10 “അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല; അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല, കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ; 11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു. 12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു, ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു. വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു; അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു. 13 അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു, കുന്നുകളിൽ നല്ല തണൽ നൽകുന്ന കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ അവർ ധൂപംകാട്ടുന്നു. തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു. 14 “വ്യഭിചാരത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രിമാരെയും പരപുരുഷസംഗത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രഭാര്യമാരെയും ഞാൻ ശിക്ഷിക്കുകയില്ല. കാരണം നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാസ്ത്രീകളോടുകൂടെ പാർക്കുകയും ക്ഷേത്രവേശ്യകളോടുകൂടെ ബലികഴിക്കുകയുംചെയ്യുന്നു. ഇങ്ങനെ പരിജ്ഞാനമില്ലാത്ത ജനം നശിപ്പിക്കപ്പെടും! 15 “ഇസ്രായേൽജനമേ, നിങ്ങൾ വ്യഭിചാരം ചെയ്യുന്നെങ്കിലും യെഹൂദ അപ്രകാരമുള്ള കുറ്റം ചെയ്യാതിരിക്കട്ടെ. “നിങ്ങൾ ഗിൽഗാലിലേക്കു പോകരുത്; ബേത്-ആവെനിലേക്ക് പോകരുത്. ‘ജീവനുള്ള യഹോവയാണെ,’ എന്ന് ഇനിമേൽ ശപഥംചെയ്യരുത്!” 16 ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ഇസ്രായേൽജനം ശാഠ്യമുള്ളവരാണ്. അങ്ങനെയെങ്കിൽ പുൽമേടുകളിലെ കുഞ്ഞാടുകളെപ്പോലെ അവരെ മേയിക്കാൻ യഹോവയ്ക്ക് എങ്ങനെ കഴിയും? 17 എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു; അവനെ വിട്ട് ഒഴിഞ്ഞിരിക്ക. 18 അവരുടെ മദ്യം തീർന്നാലും അവർ തങ്ങളുടെ വ്യഭിചാരം തുടരുന്നു; അവരുടെ ഭരണാധികാരികൾ ലജ്ജാകരമായ വഴികൾ ഇഷ്ടപ്പെടുന്നു. 19 ഒരു ചുഴലിക്കാറ്റ് അവരെ പറപ്പിച്ചുകളയും, അവരുടെ ബലികൾ അവർക്കുതന്നെ ലജ്ജയായിത്തീരും. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.