Biblia Todo Logo
Bìoball air-loidhne

- Sanasan -

ഹോശേയ 1 - സമകാലിക മലയാളവിവർത്തനം

1 യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലത്തും ഇസ്രായേൽരാജാവായിരുന്ന യോവാശിന്റെ മകൻ യൊരോബെയാമിന്റെ കാലത്തും ബേരിയുടെ മകൻ ഹോശേയയ്ക്കു ലഭിച്ച യഹോവയുടെ അരുളപ്പാട്:


ഹോശേയയുടെ ഭാര്യയും മക്കളും

2 യഹോവ ഹോശേയയിൽക്കൂടി സംസാരിച്ചുതുടങ്ങി, അപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം കൽപ്പിച്ചു: “വ്യഭിചാരിണിയായ ഒരു ഭാര്യയെപ്പോലെ ഈ ദേശം യഹോവയോട് അവിശ്വസ്തതപുലർത്തി കുറ്റക്കാരായിത്തീർന്നിരിക്കുന്നതിനാൽ, നീ പോയി വ്യഭിചാരിണിയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിൽ മക്കളെ ജനിപ്പിക്കുകയും ചെയ്യുക.”

3 അങ്ങനെ അദ്ദേഹം പോയി ദിബ്ലയീമിന്റെ മകൾ ഗോമെരിനെ വിവാഹംകഴിച്ചു; അവൾ ഗർഭംധരിച്ച് അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു.

4 അപ്പോൾ യഹോവ ഹോശേയയോട് ഇപ്രകാരം അരുളിച്ചെയ്തു: “അവന് യെസ്രീൽ എന്നു പേരിടുക; യെസ്രീലിലെ കൂട്ടക്കൊലനിമിത്തം ഞാൻ വേഗത്തിൽ യേഹുഗൃഹത്തെ ശിക്ഷിക്കും; ഇസ്രായേൽ രാജ്യത്തിനു ഞാൻ അവസാനം വരുത്തും.

5 ആ ദിവസം യെസ്രീൽതാഴ്വരയിൽ ഞാൻ ഇസ്രായേലിന്റെ വില്ല് ഒടിച്ചുകളയും.”

6 ഗോമർ വീണ്ടും ഗർഭംധരിച്ച്, ഒരു മകളെ പ്രസവിച്ചു. അപ്പോൾ യഹോവ ഹോശേയയോട് അരുളിച്ചെയ്തു: “അവളെ ലോ-രൂഹമാ എന്നു പേരു വിളിക്കുക, കാരണം ഞാൻ ഇസ്രായേൽരാഷ്ട്രത്തോടു ക്ഷമിക്കാൻ തക്കവണ്ണം അവരോട് അശേഷം സ്നേഹം കാണിക്കുകയില്ല.

7 എങ്കിലും ഞാൻ യെഹൂദാഗൃഹത്തോടു സ്നേഹം കാണിക്കും; വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ അല്ല, കുതിരകളെയോ കുതിരച്ചേവകരെയോകൊണ്ടല്ല, അവരുടെ ദൈവമായ യഹോവയായ ഞാൻതന്നെ അവരെ രക്ഷിക്കും.”

8 ലോ-രൂഹമയുടെ മുലകുടി മാറിയശേഷം, ഗോമർ മറ്റൊരുമകനെ പ്രസവിച്ചു.

9 അപ്പോൾ യഹോവ കൽപ്പിച്ചു: “അവനു ലോ-അമ്മീ എന്നു പേരിടുക; കാരണം, ഇസ്രായേൽ എന്റെ ജനമോ ഞാൻ നിങ്ങളുടെ ദൈവമോ അല്ല.

10 “ഇങ്ങനെയൊക്കെ ആണെങ്കിലും അളക്കുന്നതിനോ എണ്ണുന്നതിനോ കഴിയാത്ത കടൽപ്പുറത്തെ മണൽപോലെ ഇസ്രായേൽജനം ആയിത്തീരും. ‘നിങ്ങൾ എന്റെ ജനമല്ല,’ എന്ന് അവരോട് അരുളിച്ചെയ്തേടത്തുതന്നെ അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ,’ എന്നു വിളിക്കപ്പെടും.

11 യെഹൂദാജനവും ഇസ്രായേൽജനവും ഒരുമിച്ചുചേർക്കപ്പെടും. അവർ ഒരേ നായകനെ നിയമിച്ച്, ദേശത്തുനിന്നു പുറപ്പെട്ടുപോകും. മഹത്തായ ഒരു ദിവസമായിരിക്കും യെസ്രീലിന് ലഭിക്കുന്നത്.”

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan