Biblia Todo Logo
Bìoball air-loidhne

- Sanasan -

ഗലാത്യർ 3 - സമകാലിക മലയാളവിവർത്തനം


വിശ്വാസമോ ന്യായപ്രമാണമോ?

1 അല്ലയോ ബുദ്ധിഹീനരായ ഗലാത്യരേ! നിങ്ങളെ വ്യാമോഹിപ്പിച്ചത് ആരാണ്? നിങ്ങളുടെ കണ്ണിന്റെ മുമ്പിൽത്തന്നെയല്ലേ ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനെ സുവ്യക്തമായി ഞാൻ അവതരിപ്പിച്ചത്?

2 നിങ്ങളിൽനിന്ന് ഒരു കാര്യംമാത്രം എനിക്ക് അറിഞ്ഞാൽ മതി: നിങ്ങൾക്ക് ദൈവാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലാണോ അതോ നിങ്ങൾ കേട്ട സുവിശേഷം വിശ്വസിച്ചതിനാലോ?

3 നിങ്ങൾ ഇത്രമാത്രം അവിവേകികളോ? ദൈവാത്മാവ് നിങ്ങളിൽ ആരംഭിച്ച കാര്യം ഇപ്പോൾ മാനുഷികയത്നത്താൽ പൂർത്തീകരിക്കാനാണോ നിങ്ങൾ പരിശ്രമിക്കുന്നത്?

4 നിങ്ങൾ അനുഭവിച്ച കഷ്ടതയെല്ലാം വ്യർഥമോ? അതു വാസ്തവത്തിൽ വ്യർഥമായിരുന്നെങ്കിൽ

5 ദൈവം അവിടത്തെ ആത്മാവിനെ നിങ്ങൾക്കു നൽകുകയും നിങ്ങളുടെ മധ്യേ അത്ഭുതങ്ങൾ പ്രവർത്തിക്കുകയുംചെയ്തത് നിങ്ങൾ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ ചെയ്തതിനാലോ; അതോ കേട്ട സന്ദേശം നിങ്ങൾ വിശ്വസിച്ചതിനാലോ?

6 അങ്ങനെയാണ് “അബ്രാഹാം ദൈവത്തിൽ വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കുകയുംചെയ്തത്.”

7 വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണ് യഥാർഥത്തിൽ അബ്രാഹാമിന്റെ സന്തതികൾ എന്നു നാം മനസ്സിലാക്കണം.

8 വിശ്വാസത്താൽ ദൈവം യെഹൂദേതരരെ നീതീകരിക്കുന്നു എന്നു തിരുവെഴുത്ത് മുൻകൂട്ടിക്കണ്ടിട്ട്, “സകലരാഷ്ട്രങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പേതന്നെ അറിയിച്ചു.

9 അതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും, വിശ്വാസിയായ അബ്രാഹാമിനെ അനുഗ്രഹിച്ചതുപോലെതന്നെ അനുഗ്രഹിക്കും.

10 ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ദൈവത്തിന്റെ അംഗീകാരം നേടാനായി പ്രവർത്തിക്കുന്നവരെല്ലാം, ശാപത്തിൻകീഴിലാണ് എപ്പോഴും കഴിയുന്നത്. തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്, “ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുവർത്തിക്കാതിരിക്കുന്നവർ ശപിക്കപ്പെട്ടവർ.”

11 ന്യായപ്രമാണത്താൽ ദൈവനീതി ആരും കൈവരിക്കുകയില്ല എന്നത് സുവ്യക്തമാണല്ലോ! കാരണം “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്.”

12 ന്യായപ്രമാണം വിശ്വാസാധിഷ്ടിതമല്ല, പിന്നെയോ “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.”

13 “മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവരെല്ലാം ശപിക്കപ്പെട്ടവർ” എന്ന ലിഖിതം അനുസരിച്ച്, ക്രിസ്തു മരത്തിൽത്തൂങ്ങി നമുക്കുവേണ്ടി ശാപമായിത്തീർന്ന് ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്ന് നമ്മെ വീണ്ടെടുത്തു.

14 ഈ വീണ്ടെടുപ്പ്, അബ്രാഹാമിനു ദൈവം നൽകിയ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ യെഹൂദേതരർക്കും വന്നുചേർന്നിട്ട്, വാഗ്ദാനം ചെയ്യപ്പെട്ട ദൈവാത്മാവ് വിശ്വാസംമുഖേന നമുക്കും ലഭ്യമാകേണ്ടതിനാണ്.


ന്യായപ്രമാണവും വാഗ്ദാനവും

15 സഹോദരങ്ങളേ, നിങ്ങൾക്കു സുപരിചിതമായ ഒരു കാര്യം ഞാൻ പറയാം; സ്ഥിരമാക്കപ്പെട്ട ഒരു വിൽപ്പത്രം മാറ്റാനോ അതിനോടു കൂട്ടിച്ചേർക്കാനോ ആരാലും സാധ്യമല്ലല്ലോ.

16 അബ്രാഹാമിനും അദ്ദേഹത്തിന്റെ സന്തതിക്കും ദൈവം വാഗ്ദാനങ്ങൾ നൽകി; “സന്തതികൾക്ക്” എന്ന് അനേകരെ ഉദ്ദേശിച്ചല്ല നൽകിയത്, മറിച്ച് “നിന്റെ സന്തതിക്ക്,” അതായത്, അദ്ദേഹത്തിന്റെ വംശജൻ എന്നാണ് പറയുന്നത്, അതു ക്രിസ്തുവാണ്.

17 ഇതാണ് ഞാൻ പറയുന്നതിന്റെ സാരം: മുമ്പേതന്നെ ദൈവം സ്ഥിരമാക്കി പൂർത്തീകരിക്കുമെന്ന് വാഗ്ദാനംചെയ്ത ഉടമ്പടി—നാനൂറ്റിമുപ്പത് വർഷത്തിനുശേഷം ന്യായപ്രമാണം നൽകപ്പെട്ടു എന്ന കാരണത്താൽ—അവിടന്നുതന്നെ അതു നിഷേധിച്ച് അസാധുവാക്കുകയില്ല.

18 അവകാശം ന്യായപ്രമാണത്തിനാലാണ് ലഭിക്കുന്നത് എങ്കിൽ അതു വാഗ്ദാനങ്ങളിൽ അധിഷ്ഠിതമല്ല; എന്നാൽ ദൈവം അബ്രാഹാമിന് അത് ഒരു വാഗ്ദാനത്താലാണ് നൽകിയത്.

19 പിന്നെ എന്തിനാണ് ന്യായപ്രമാണം നൽകുകതന്നെ ചെയ്തത്? ലംഘനങ്ങൾ എന്താണെന്നുള്ളത് വ്യക്തമാക്കാനാണ് ന്യായപ്രമാണം കൂട്ടിച്ചേർക്കപ്പെട്ടത്. ഇത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സന്തതിയുടെ വരവുവരെമാത്രവുമാണ്. ഈ നിയമം ദൂതന്മാരിലൂടെ ഒരു മധ്യസ്ഥന്റെ പക്കൽ ഏൽപ്പിച്ചിട്ടുള്ളതാണ്.

20 ഒന്നിലധികം വ്യക്തികൾ ഉണ്ടെങ്കിൽമാത്രമേ ഒരു മധ്യസ്ഥന്റെ ആവശ്യമുള്ളു; എന്നാൽ ദൈവം ഏകനല്ലോ.

21 അങ്ങനെയെങ്കിൽ ന്യായപ്രമാണം ദൈവികവാഗ്ദാനങ്ങൾക്ക് എതിരാണോ? ഒരിക്കലും അല്ല. ന്യായപ്രമാണം ജീവൻ പ്രദാനംചെയ്യാൻ കഴിവുള്ളത് ആയിരുന്നു എങ്കിൽ ന്യായപ്രമാണംമുഖേന നീതീകരണം തീർച്ചയായും ലഭ്യമാകുമായിരുന്നു.

22 എന്നാൽ സകലതും പാപത്തിന്റെ തടവറയിലാണെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. ഇത് യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും വിശ്വാസത്താൽ വാഗ്ദാനങ്ങൾ ലഭ്യമാക്കേണ്ടതിനു വേണ്ടിയാണ്.


ദൈവത്തിന്റെമക്കൾ

23 വിശ്വാസം നമ്മിൽ ആവിർഭവിക്കുന്നതിനുമുമ്പ് നാം ന്യായപ്രമാണത്തിന്റെ നിയന്ത്രണത്തിലായിരുന്നു. വരാനിരുന്ന വിശ്വാസം വെളിപ്പെട്ടതുവരെ നാം ഈ ബന്ധനത്തിൽത്തന്നെ ആയിരുന്നു.

24 നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു സംരക്ഷകനായിരുന്നു ന്യായപ്രമാണം.

25 വിശ്വാസം വന്നുചേർന്നതിനാൽ, നാം ഇനി ആ സംരക്ഷകന്റെ കീഴിലേ അല്ല.

26 ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിങ്ങളെല്ലാവരും ദൈവപുത്രന്മാർ ആകുന്നു.

27 ക്രിസ്തുവിനോടു താദാത്മ്യപ്പെടാൻ സ്നാനമേറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

28 അവിടെ യെഹൂദരെന്നോ യെഹൂദേതരരെന്നോ ഇല്ല; അടിമയെന്നോ സ്വതന്ത്രനെന്നോ ഇല്ല; സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാകുന്നു.

29 നിങ്ങൾ ക്രിസ്തുവിനുള്ളവർ എങ്കിൽ അബ്രാഹാമിന്റെ വംശജരും വാഗ്ദാനപ്രകാരം അവകാശികളും ആകുന്നു.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan