Biblia Todo Logo
Bìoball air-loidhne

- Sanasan -

എസ്രാ 5 - സമകാലിക മലയാളവിവർത്തനം


ദാര്യാവേശിനു തത്നായിയുടെ കത്ത്

1 ഹഗ്ഗായി, ഇദ്ദോവിന്റെ മകൻ സെഖര്യാവ് എന്നീ പ്രവാചകന്മാർ തങ്ങളുടെമേൽ ഉള്ള ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ യെഹൂദ്യയിലും ജെറുശലേമിലും ഉള്ള യെഹൂദരോടു പ്രവചിച്ചുവന്നു.

2 അപ്പോൾ ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും ജെറുശലേമിലെ ദൈവാലയത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു; അവരെ സഹായിച്ചുകൊണ്ട് പ്രവാചകന്മാർ അവരോടൊപ്പംതന്നെ ഉണ്ടായിരുന്നു.

3 ആ കാലത്ത് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും അടുത്തുചെന്ന്, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണെന്നും

4 ഈ കെട്ടിടം പണിയുന്നവരുടെ പേരുകൾ എന്താണ്” എന്നും ചോദിച്ചു.

5 എന്നാൽ യെഹൂദനേതാക്കന്മാരെ ദൈവം കടാക്ഷിച്ചിരുന്നതിനാൽ, ഈ വിവരം ദാര്യാവേശിനെ അറിയിച്ച്, അദ്ദേഹം എഴുതിയ മറുപടി വരുന്നതുവരെ ആരും അവരുടെ പണി തടഞ്ഞില്ല.

6 യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ അവരുടെ കൂട്ടാളികളും ദാര്യാവേശ് രാജാവിന് അയച്ച കത്തിന്റെ പകർപ്പ്—

7 അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: ദാര്യാവേശ് രാജാവിന്: അങ്ങേക്കു സമാധാനാശംസകൾ.

8 യെഹൂദാപ്രവിശ്യയിലുള്ള, വലിയവനായ ദൈവത്തിന്റെ ആലയത്തിലേക്കു ഞങ്ങൾ പോയവിവരം അങ്ങയെ അറിയിക്കട്ടെ. വലിയ കല്ലുകൾകൊണ്ട് അതു പണിതുവരികയാണ്. ചുമരിന്മേൽ തടിയുരുപ്പടികൾ വെക്കുകയും ചെയ്യുന്നു. വളരെ ശുഷ്കാന്തിയോടെ നടക്കുന്ന പണി അവരുടെ കൈയാൽ അഭിവൃദ്ധിപ്പെട്ടും വരുന്നു.

9 അവിടെയുള്ള നേതാക്കന്മാരോടു ഞങ്ങൾ സംസാരിക്കുകയും, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണ്” എന്നു ചോദിക്കുകയും ചെയ്തു.

10 അവർക്കു നേതൃത്വം കൊടുക്കുന്നവർ ആരൊക്കെയെന്ന് അങ്ങയെ എഴുതി അറിയിക്കേണ്ടതിന് അവരുടെ പേരുകളും ഞങ്ങൾ ചോദിച്ചു.

11 അവർ നൽകിയ മറുപടി ഇപ്രകാരമാണ്: “സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവത്തിന്റെ ദാസന്മാരാണു ഞങ്ങൾ. ഇസ്രായേലിന്റെ മഹാനായ ഒരു രാജാവ് വളരെ വർഷങ്ങൾക്കുമുമ്പ് പണിതീർത്ത ആലയം ഞങ്ങൾ പുതുക്കിപ്പണിയുകയാണ്.

12 ഞങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിലെ ദൈവത്തെ കോപിപ്പിച്ചതിനാൽ അവിടന്ന് അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം ഈ ആലയം നശിപ്പിക്കുകയും ജനത്തെ ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു.

13 “എന്നാൽ ബാബേൽരാജാവായ കോരെശ്, തന്റെ ഭരണത്തിന്റെ ഒന്നാമാണ്ടിൽ, ദൈവത്തിന്റെ ഈ ആലയം പുനർനിർമിക്കണമെന്ന കൽപ്പന പുറപ്പെടുവിച്ചു.

14 തന്നെയുമല്ല, ജെറുശലേമിലെ ആലയത്തിൽനിന്നും ബാബേലിലെ ക്ഷേത്രത്തിലേക്കു നെബൂഖദ്നേസർ കൊണ്ടുപോയ ആലയംവക സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ കോരെശ്‌രാജാവ് ബാബേലിലെ ക്ഷേത്രങ്ങളിൽനിന്നു പുറത്തെടുത്തു. അതിനുശേഷം കോരെശ്‌രാജാവ്, താൻ ദേശാധിപതിയായി നിയമിച്ച ശേശ്ബസ്സ് എന്നു പേരുള്ളവനെ അവ ഏൽപ്പിച്ചു;

15 ‘ഈ ഉപകരണങ്ങൾ എടുത്ത് ജെറുശലേമിലെ മന്ദിരത്തിൽ കൊണ്ടുചെന്നു വെക്കുക; ദൈവത്തിന്റെ ആലയം അതിന്റെ സ്ഥാനത്തുതന്നെ പണിയുക’ എന്നു കൽപ്പിച്ചു.

16 “അങ്ങനെ ശേശ്ബസ്സർ വന്ന് ജെറുശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു. അന്നുമുതൽ ഇന്നുവരെ അതിന്റെ പണി നടക്കുന്നു; ഇപ്പോഴും അതു തീർന്നിട്ടില്ല.”

17 ആകയാൽ രാജാവിനു ഹിതമെങ്കിൽ, ജെറുശലേമിലെ ദൈവാലയം വീണ്ടും പണിയാൻ കോരെശ്‌രാജാവ് വാസ്തവത്തിൽ അപ്രകാരം ഒരു കൽപ്പന നൽകിയിട്ടുണ്ടോ എന്നു ബാബേലിലെ രാജകീയ രേഖാശാലയിൽ അന്വേഷിക്കുക. ഈ കാര്യത്തിൽ രാജാവിന്റെ താത്പര്യമെന്തെന്നു ഞങ്ങളെ അറിയിച്ചാലും.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan