Biblia Todo Logo
Bìoball air-loidhne

- Sanasan -

എസ്രാ 4 - സമകാലിക മലയാളവിവർത്തനം


ദൈവാലയം പുതുക്കിപ്പണിയുന്നതിനുള്ള എതിർപ്പ്

1 പ്രവാസികൾ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയുന്നു എന്ന് യെഹൂദയുടെയും ബെന്യാമീന്റെയും ശത്രുക്കൾ കേട്ടപ്പോൾ

2 അവർ സെരൂബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേർന്നുപണിയട്ടെ. നിങ്ങളെപ്പോലെതന്നെ നിങ്ങളുടെ ദൈവത്തെ അന്വേഷിക്കുന്നവരാണു ഞങ്ങൾ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ ഏസെർ-ഹദ്ദോന്റെ കാലംമുതൽ ഞങ്ങൾ അവിടത്തേക്ക് യാഗം കഴിക്കുകയും ചെയ്തുപോരുന്നു.”

3 അതിനു സെരൂബ്ബാബേലും യോശുവയും ശേഷം ഇസ്രായേൽ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ഒരു ആലയം പണിയുന്നതിൽ നിങ്ങൾക്കു ഞങ്ങളോടു പങ്കില്ല. പാർസിരാജാവായ കോരെശ്‌രാജാവ് ഞങ്ങളോടു കൽപ്പിച്ചതുപോലെ ഞങ്ങൾ തനിയേ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം.”

4 അപ്പോൾ ദേശവാസികൾ യെഹൂദാജനത്തെ നിരുത്സാഹപ്പെടുത്തി, പണി മുന്നോട്ടു കൊണ്ടുപോകാതവണ്ണം അവരെ ഭയപ്പെടുത്തി;

5 അവർക്കെതിരേ പ്രവർത്തിച്ച് അവരുടെ പദ്ധതി തകർക്കേണ്ടതിന് പാർസിരാജാവായ കോരെശിന്റെ കാലം മുഴുവനും തുടർന്ന് പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലംവരെയും കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.


അഹശ്വേരോശിന്റെയും അർഥഹ്ശഷ്ടാവിന്റെയും കാലത്തെ എതിർപ്പുകൾ

6 അഹശ്വേരോശിന്റെ ഭരണത്തിന്റെ ആരംഭത്തിൽ അവർ യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികൾക്കെതിരേ ഒരു പരാതി നൽകി.

7 പാർസിരാജാവായ അർഥഹ്ശഷ്ടാവിന്റെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ എന്നിവരും അവരുടെ മറ്റു കൂട്ടാളികളും ചേർന്ന് അർഥഹ്ശഷ്ടാവിന് ഒരു കത്ത് അയച്ചു. അരാമ്യ അക്ഷരത്തിൽ, അരാമ്യഭാഷയിലായിരുന്നു അത് എഴുതിയിരുന്നത്.

8 ദേശാധിപതിയായ രെഹൂമും ലേഖകനായ ശിംശായിയും ജെറുശലേമിനെതിരേ ഇപ്രകാരമൊരു കത്ത് അർഥഹ്ശഷ്ടാരാജാവിന് അയച്ചു:

9-10 ദേശാധിപതിയായ രെഹൂമും ലേഖകനായ ശിംശായിയും അവരുടെ സഹകാരികളായിട്ടുള്ള ബാക്കി ന്യായാധിപന്മാരും ഉദ്യോഗസ്ഥരും ഭരണാധിപന്മാരും ചേർന്ന് ഇത് എഴുതി. ഇവർ പാർസികൾ, ഏരെക്ക്യർ, ബാബേല്യർ, ശൂശനിൽനിന്നുള്ള ഏലാമ്യർ, മഹാനും ശ്രേഷ്ഠനുമായ അശ്ശൂർബാനിപ്പാൽ നാടുകടത്തി ശമര്യാപട്ടണത്തിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർപ്പിച്ചിരുന്ന ജനത്തിന്റെ മേധാവികളായിരുന്നു.

11 അവർ അയച്ച കത്തിന്റെ പകർപ്പ് ഇപ്രകാരമാണ്: അർഥഹ്ശഷ്ടാരാജാവിന്: യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള അങ്ങയുടെ ദാസരായ ആൾക്കാരിൽനിന്നും രാജാവ് അറിയുന്നതിന്:

12 തിരുമുമ്പിൽനിന്നു ഞങ്ങളുടെ അടുക്കലേക്കു വന്ന യെഹൂദർ ജെറുശലേമിൽ എത്തി, മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം വീണ്ടും പണിയുകയും അതിന്റെ മതിലുകൾ പുനർനിർമിക്കുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.

13 പട്ടണം പുനർനിർമാണം ചെയ്ത്, മതിലുകൾ കെട്ടിത്തീർന്നാൽ പിന്നെ അവർ കരം, കപ്പം, കടത്തുകൂലി എന്നിവ ഒന്നും അടയ്ക്കുകയില്ല; അങ്ങനെ രാജാക്കന്മാരുടെ വരുമാനം കുറയും.

14 ഞങ്ങൾ കൊട്ടാരത്തോടു കടപ്പെട്ടവരാകുകയാൽ, രാജാവിനു അപകീർത്തി വരുന്നതു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തന്മൂലം, അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തങ്ങൾ പരിശോധിപ്പിക്കുന്നതിനാണ് ഞങ്ങൾ ഈ വിവരം രാജാവിനെ അറിയിക്കുന്നത്.

15 അതുകൊണ്ട് പൂർവകാലചരിത്രം ഒന്നു പരിശോധിച്ചാലും. ഈ പട്ടണം മത്സരമുള്ളതും രാജാക്കന്മാർക്കും പ്രവിശ്യകൾക്കും പ്രയാസമുണ്ടാക്കിക്കൊണ്ട് പുരാതനകാലംമുതൽ കലഹമുള്ളതുമായ സ്ഥലമാണെന്നു രേഖകളിൽ അങ്ങു കാണും. ഇതു നശിക്കപ്പെടാനുള്ള കാരണവും ഇതാണ്.

16 ഈ പട്ടണം പണിയപ്പെടുകയും മതിലുകൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്താൽ, യൂഫ്രട്ടീസ് നദിക്കു മറുകരെ രാജാവിനു സ്വന്തമായി ഒന്നുംതന്നെ അവശേഷിക്കുകയില്ലെന്ന് ഞങ്ങൾ അങ്ങയെ അറിയിക്കുന്നു.

17 അതിനു മറുപടിയായി രാജാവ് ഇപ്രകാരം എഴുതി: ദേശാധിപതിയായ രെഹൂമിനും ലേഖകനായ ശിംശായിക്കും ശമര്യയിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർക്കുന്ന അവരുടെ കൂട്ടാളികൾക്കും: വന്ദനം.

18 നിങ്ങൾ അയച്ച കത്തു നമ്മുടെമുമ്പാകെ വായിച്ച് തർജമ ചെയ്യപ്പെട്ടു.

19 നാം കൽപ്പിച്ചിട്ട് നടത്തിയ അന്വേഷണത്തിൽ, ഈ പട്ടണം പണ്ടുമുതൽത്തന്നെ രാജാക്കന്മാരോട് എതിർത്തുനിന്നിരുന്നതാണെന്നും മത്സരവും രാജ്യദ്രോഹവും അവിടെ ഉണ്ടായിരുന്നെന്നും വ്യക്തമായി.

20 യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യകളെല്ലാം ഭരിച്ച്, കരവും കപ്പവും കടത്തുകൂലിയും ശേഖരിച്ചിരുന്ന ശക്തരായ രാജാക്കന്മാർ ജെറുശലേമിൽ ഉണ്ടായിരുന്നതായും നാം മനസ്സിലാക്കുന്നു.

21 അതുകൊണ്ട്, നാം ഇനിയും ഒരു ഉത്തരവു പുറപ്പെടുവിക്കുന്നതുവരെ പട്ടണം പണിയാതിരിക്കേണ്ടതിന്, ഈ മനുഷ്യർ അവരുടെ ജോലി നിർത്തിവെക്കാൻ ആജ്ഞാപിക്കുക.

22 ഈ കാര്യത്തിൽ ഉപേക്ഷ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഈ ഭീഷണി വർധിപ്പിച്ച് രാജകീയ താൽപ്പര്യങ്ങൾക്കു വലിയ നഷ്ടം വരുത്തുന്നത് എന്തിന്?

23 അർഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും ലേഖകനായ ശിംശായിയും അവരുടെ കൂട്ടാളികളും വായിച്ചുകേട്ടപ്പോൾ അവർ ജെറുശലേമിലെ യെഹൂദരുടെയടുക്കൽ വേഗം ചെന്ന് ബലം പ്രയോഗിച്ച് പണികൾ മുടക്കി.

24 അങ്ങനെ ജെറുശലേമിൽ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാംവർഷംവരെ അതു മുടങ്ങിത്തന്നെ കിടന്നു.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan