പുറപ്പാട് 7 - സമകാലിക മലയാളവിവർത്തനം1 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു. നിന്റെ സഹോദരനായ അഹരോൻ നിനക്കു പ്രവാചകൻ ആയിരിക്കും. 2 ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം നീ സംസാരിക്കണം; ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു ഫറവോനോട് നിന്റെ സഹോദരനായ അഹരോൻ പറയണം. 3 എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും: ഈജിപ്റ്റിൽ ഞാൻ എന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കും. 4 എന്നാൽ ഫറവോൻ നിന്റെ വാക്കു കേൾക്കുകയില്ല. ഞാൻ ഈജിപ്റ്റിന്മേൽ കൈവെച്ച് മഹാശിക്ഷാവിധികളോടെ എന്റെ ഗണങ്ങളെ, എന്റെ ജനമായ ഇസ്രായേൽമക്കളെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും. 5 ഈജിപ്റ്റിനെതിരേ കൈനീട്ടി ഇസ്രായേൽമക്കളെ അവരുടെ മധ്യേനിന്നു വിടുവിക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.” 6 മോശയും അഹരോനും യഹോവ തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചു. 7 അവർ ഫറവോനോടു സംസാരിക്കുന്ന കാലത്ത് മോശയ്ക്ക് എൺപതും അഹരോന് എൺപത്തിമൂന്നും വയസ്സായിരുന്നു. അഹരോന്റെ വടി സർപ്പമായിത്തീരുന്നു 8 യഹോവ മോശയോടും അഹരോനോടും, 9 “ ‘നിങ്ങൾ ഒരു അത്ഭുതം കാണിക്കുക’ എന്നു ഫറവോൻ നിങ്ങളോടു പറയുമ്പോൾ, ‘നിന്റെ വടിയെടുത്ത് ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പാകെ നിലത്തിടുക’ എന്ന് അഹരോനോടു പറയണം, അതൊരു പാമ്പായിത്തീരും” എന്ന് അരുളിച്ചെയ്തു. 10 അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുക്കൽ എത്തി, യഹോവ കൽപ്പിച്ചതുപോലെ പ്രവർത്തിച്ചു. അഹരോൻ തന്റെ വടി ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ നിലത്തിട്ടു, അതൊരു പാമ്പായിത്തീർന്നു. 11 ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും വരുത്തി, ഈജിപ്റ്റിലെ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവിദ്യയാൽ അതേ പ്രവൃത്തി ചെയ്തു. 12 ഓരോരുത്തനും അവനവന്റെ വടി നിലത്തിടുകയും അതു പാമ്പായിത്തീരുകയും ചെയ്തു. എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. 13 എങ്കിലും അയാൾ അവരുടെ വാക്കു കേട്ടില്ല. യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായി. വെള്ളം രക്തമാകുന്നു 14 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഫറവോന്റെ ഹൃദയം കഠിനമാണ്, ജനത്തെ വിട്ടയയ്ക്കാൻ അവനു മനസ്സില്ല. 15 രാവിലെ ഫറവോൻ വെള്ളത്തിന്റെ അടുത്തേക്കു പോകുമ്പോൾ നീ അവന്റെ അടുക്കൽ എത്തണം. അവനെ എതിരേൽക്കാൻ നൈലിന്റെ തീരത്തു കാത്തുനിൽക്കണം. പാമ്പായിത്തീർന്ന വടി കൈയിൽ എടുക്കുകയും വേണം. 16 പിന്നെ അവനോട് ഇങ്ങനെ പറയുക: ‘എബ്രായരുടെ ദൈവമായ യഹോവ താങ്കളോട് ഇങ്ങനെ പറയാൻ എന്നെ അയച്ചിരിക്കുന്നു: മരുഭൂമിയിൽ എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക. എന്നാൽ താങ്കൾ ഇതുവരെയും അതു കേട്ടില്ല. 17 യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ്: ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും. എന്റെ കൈയിലിരിക്കുന്ന വടികൊണ്ടു ഞാൻ നൈലിനെ അടിക്കുകയും അതു രക്തമായിത്തീരുകയും ചെയ്യും. 18 നൈലിലെ മത്സ്യങ്ങൾ ചത്തൊടുങ്ങും, നദിയിൽനിന്ന് ദുർഗന്ധം വമിക്കും. ഈജിപ്റ്റുകാർക്ക് അതിലെ വെള്ളം കുടിക്കാൻ സാധിക്കാതെവരും.’ ” 19 യഹോവ മോശയോട് അരുളിച്ചെയ്തു: “ ‘നിന്റെ വടിയെടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ—നദികളുടെയും തോടുകളുടെയുംമേൽ, കുളങ്ങളുടെയും എല്ലാ സംഭരണികളുടെയുംമേൽ—നിന്റെ കൈനീട്ടുക എന്ന് അഹരോനോടു പറയുക. അവ രക്തമായി മാറും.’ ഈജിപ്റ്റിൽ എല്ലായിടത്തും, മരത്തൊട്ടികളിലും കൽഭരണികളിലുംപോലും, രക്തം ഉണ്ടായിരിക്കും.” 20 യഹോവ കൽപ്പിച്ചതുപോലെതന്നെ മോശയും അഹരോനും ചെയ്തു. ഫറവോന്റെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ അഹരോൻ തന്റെ വടി ഉയർത്തി നൈൽനദിയിലെ വെള്ളത്തിൽ അടിച്ചു. വെള്ളം മുഴുവൻ രക്തമായിത്തീർന്നു. 21 നൈലിലെ മീൻ എല്ലാം ചത്തു, ഈജിപ്റ്റുകാർക്ക് ആ നദിയിലെ വെള്ളം കുടിക്കാൻ വയ്യാത്തവണ്ണം അതിൽനിന്ന് നാറ്റം വമിച്ചു. ഈജിപ്റ്റിൽ എല്ലായിടത്തും രക്തം കാണപ്പെട്ടു. 22 ഈജിപ്റ്റുകാരായ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവാദത്താൽ അതേകാര്യം ചെയ്തു. ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു; യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു ശ്രദ്ധിച്ചില്ല. 23 പിന്നെയോ, അയാൾ തിരിഞ്ഞു തന്റെ കൊട്ടാരത്തിലേക്കു കയറിപ്പോയി, ഇതൊന്നും അവൻ ഗൗനിച്ചതേയില്ല. 24 ഈജിപ്റ്റുകാർക്കു നൈലിലെ വെള്ളം കുടിക്കാൻ കഴിയാതിരുന്നതുകൊണ്ട് അവരെല്ലാവരും കുടിവെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി. തവളകളുടെ ബാധ 25 യഹോവ നൈൽനദിയെ അടിച്ചതിനുശേഷം ഏഴുദിവസം കഴിഞ്ഞിരുന്നു. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.