Biblia Todo Logo
Bìoball air-loidhne

- Sanasan -

പുറപ്പാട് 37 - സമകാലിക മലയാളവിവർത്തനം


പേടകം

1 ബെസലേൽ, ഖദിരമരംകൊണ്ടു പേടകം ഉണ്ടാക്കി; അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.

2 അദ്ദേഹം അതിന്റെ അകവും പുറവും തങ്കംകൊണ്ടു പൊതിഞ്ഞു; അതിനുചുറ്റും തങ്കംകൊണ്ടു വാർത്തുണ്ടാക്കി ഒരു അരികുപാളി പിടിപ്പിച്ചു.

3 അതിന്റെ നാലു കാലിനുമായി നാലു തങ്കവളയം വാർത്തുണ്ടാക്കി, രണ്ടു വളയം ഒരുവശത്തും രണ്ടു വളയം മറ്റേവശത്തുമായി ഉറപ്പിച്ചു.

4 പിന്നെ അദ്ദേഹം ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി അവ തങ്കംകൊണ്ടു പൊതിഞ്ഞു.

5 പേടകം ചുമക്കേണ്ടതിന് ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ ഉറപ്പിച്ചു.

6 അദ്ദേഹം തങ്കംകൊണ്ട് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള പാപനിവാരണസ്ഥാനം ഉണ്ടാക്കി.

7 പിന്നെ അദ്ദേഹം, പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി തങ്കംകൊണ്ടു രണ്ടു കെരൂബുകൾ നിർമിച്ചു.

8 ഒരു കെരൂബ് ഒരറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും. ഇങ്ങനെ കെരൂബുകളെ പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അതിൽനിന്നുതന്നെ ഉള്ളതായി അദ്ദേഹം ഉണ്ടാക്കി.

9 കെരൂബുകൾ മുകളിലേക്കു ചിറകുകൾ വിടർത്തി, ചിറകുകൾകൊണ്ടു പാപനിവാരണസ്ഥാനത്തെ മൂടുകയും പരസ്പരം അഭിമുഖമായിരിക്കുകയും ചെയ്തു. കെരൂബുകളുടെ മുഖം പാപനിവാരണസ്ഥാനത്തിനുനേരേ ആയിരുന്നു.


മേശ

10 അവർ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി; അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം പൊക്കവും ഉണ്ടായിരുന്നു.

11 അവർ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ചുറ്റും തങ്കംകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.

12 അതിനുചുറ്റും കൈപ്പത്തിയുടെ വീതിയുള്ള ഒരു പട്ടയും പട്ടയ്ക്കുമേൽ തങ്കംകൊണ്ടു വാർത്ത അരികുപാളിയും ഉണ്ടാക്കി.

13 അവർ മേശയ്ക്കു നാലു തങ്കവളയം വാർത്തുണ്ടാക്കി. അത് നാലു കോണുകളിലുമുള്ള നാലു കാലുകളിൽ തറച്ചു.

14 മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താനുള്ള വളയങ്ങൾ പട്ടയോടു ചേർത്തിരുന്നു.

15 മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.

16 മേശമേലുള്ള ഉപകരണങ്ങളായ തളികകളും താലങ്ങളും കിണ്ടികളും പാനീയയാഗങ്ങൾ പകരുന്നതിനുള്ള ഭരണികളും അവർ തങ്കംകൊണ്ടുണ്ടാക്കി.


നിലവിളക്ക്

17 അവർ തങ്കംകൊണ്ട് നിലവിളക്കു നിർമിച്ചു. വിളക്കിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും ഒറ്റത്തണ്ടിൽത്തന്നെ അടിപ്പുപണിയായി ഉണ്ടാക്കി.

18 നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നുശാഖ, മറ്റേവശത്തുനിന്നു മൂന്നുശാഖ, ഇങ്ങനെ ആറുശാഖകൾ ഉണ്ടായിരുന്നു.

19 ഓരോശാഖയിലും ഓരോമൊട്ടും ഓരോപൂവുമായി ബദാംപുഷ്പംപോലെ മൂന്നു പുഷ്പപുടവും, അതുപോലെ അടുത്തശാഖയിലും ഉണ്ടായിരുന്നു; ഇങ്ങനെ വിളക്കിന്റെ ആറുശാഖയിലും ഉണ്ടായിരുന്നു.

20 നിലവിളക്കിൽ മൊട്ടുകളോടും പൂക്കളോടുംകൂടിയ ബദാംപൂക്കൾപോലുള്ള നാലു പുടങ്ങൾ ഉണ്ടായിരുന്നു.

21 നിലവിളക്കിൽനിന്നു നീണ്ടുനിൽക്കുന്ന ശാഖകളിൽ ഒന്നാമത്തെ ജോടിക്കുകീഴേ ഒരു മൊട്ട്, രണ്ടാമത്തെ ജോടിക്കുകീഴേ മറ്റൊരു മൊട്ട്, മൂന്നാമത്തെ ജോടിക്കുകീഴേ വേറൊരു മൊട്ട് എന്നിങ്ങനെ ആറു ശാഖയ്ക്കും ഉണ്ടായിരുന്നു.

22 മൊട്ടുകളും ശാഖകളും നിലവിളക്കിൽനിന്ന് ഒറ്റഖണ്ഡമെന്നവിധത്തിൽ തങ്കംകൊണ്ട് അടിപ്പുപണിയായി ഉണ്ടാക്കി.

23 അവർ അതിന്റെ ഏഴ് ദീപങ്ങളും അതു വെടിപ്പാക്കുന്നതിനുള്ള കത്രികകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടുണ്ടാക്കി.

24 അവർ ഒരു താലന്തു തങ്കംകൊണ്ടു നിലവിളക്കും അതിനോടുചേർന്നുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടാക്കി.


ധൂപപീഠം

25 അവർ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി. അതു സമചതുരത്തിൽ ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ളതും രണ്ടുമുഴം ഉയരമുള്ളതും ആയിരുന്നു. അതിന്റെ കൊമ്പുകൾ ധൂപപീഠത്തിൽനിന്ന് ഒരുഖണ്ഡമായിത്തന്നെ ഉണ്ടാക്കി.

26 അവർ, അതിന്റെ മേൽഭാഗവും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിനുചുറ്റും തങ്കംകൊണ്ട് ഒരു വക്കും ഉണ്ടാക്കി.

27 ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിച്ചു.

28 അവർ ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി. അതു തങ്കംകൊണ്ടു പൊതിഞ്ഞു.

29 അവർ, സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം വിശുദ്ധമായ അഭിഷേകതൈലവും ശുദ്ധമായ സുഗന്ധവർഗവും ഉണ്ടാക്കി.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan