എസ്ഥേർ 7 - സമകാലിക മലയാളവിവർത്തനംഹാമാന്റെ മരണം 1 രാജാവും ഹാമാനും എസ്ഥേർരാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു. 2 രണ്ടാംദിവസം അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് എസ്ഥേരിനോട് വീണ്ടും ചോദിച്ചു, “എസ്ഥേർരാജ്ഞീ, എന്താണ് നിന്റെ അപേക്ഷ? അതു നിനക്കു നൽകാം. എന്താണ് നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും അതു നിനക്കു ലഭിക്കും.” 3 അപ്പോൾ എസ്ഥേർരാജ്ഞി ഉത്തരം പറഞ്ഞു: “രാജാവേ, അങ്ങേക്ക് എന്നോട് പ്രീതിയുണ്ടെങ്കിൽ, രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ, എന്റെ അപേക്ഷയാൽ എന്റെ ജീവനെയും എന്റെ യാചനയാൽ എന്റെ ജനത്തെയും എനിക്കു നൽകണമേ. 4 കാരണം നശിപ്പിച്ച്, കൊല്ലപ്പെട്ട്, ഉന്മൂലനംചെയ്യപ്പെടാനായി എന്നെയും എന്റെ ജനത്തെയും ഇതാ വിറ്റിരിക്കുന്നു. ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു. കാരണം അതുപോലും മഹാരാജാവിനെ ശല്യപ്പെടുത്താൻ മതിയായ കാരണം ആകുമായിരുന്നില്ല.” 5 അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടു ചോദിച്ചു: “ആരാണ് അവൻ? ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ധൈര്യപ്പെട്ടവൻ എവിടെ?” 6 എസ്ഥേർ പറഞ്ഞു: “വൈരിയും ശത്രുവും! ഈ ദുഷ്ടനായ ഹാമാൻതന്നെ!” അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നുവിറച്ചു. 7 രാജാവ് ക്രോധത്തോടെ വീഞ്ഞുവിരുന്നു നിർത്തി കൊട്ടാരത്തിന്റെ ഉദ്യാനത്തിലേക്കു പോയി. എന്നാൽ രാജാവ്, തനിക്ക് അനർഥം നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയിട്ട് ഹാമാൻ എസ്ഥേർരാജ്ഞിയോടു തന്റെ ജീവൻ ഇരന്നുവാങ്ങാൻ അവിടെ നിന്നു. 8 രാജാവ് ഉദ്യാനത്തിൽനിന്ന് വിരുന്നുശാലയിൽ മടങ്ങിയെത്തിയപ്പോൾ ഹാമാൻ എസ്ഥേർ ഇരുന്ന മഞ്ചത്തിലേക്കു വീണുകിടക്കുകയായിരുന്നു. അപ്പോൾ രാജാവ്, “എന്റെ കൊട്ടാരത്തിൽവെച്ച് എന്റെ സാമീപ്യത്തിൽ രാജ്ഞിയെ ബലാൽക്കാരം ചെയ്യാൻ ഇവൻ മുതിരുന്നോ” എന്നു ചോദിച്ചു. രാജാവ് ഈ വാക്ക് സംസാരിച്ച ഉടൻ അവർ ഹാമാന്റെ മുഖം മൂടി. 9 രാജാവിന്റെ ഷണ്ഡന്മാരിലൊരാളായ ഹർബോനാ, “ഹാമാന്റെ വീട്ടിൽ അൻപതുമുഴം ഉയരമുള്ള ഒരു തൂക്കുമരം ഉണ്ട്. രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദെഖായിക്കുവേണ്ടി ഹാമാൻ നിർമിച്ചതാണ് അത്” എന്നു ബോധിപ്പിച്ചു. “അവനെ അതിൽത്തന്നെ തൂക്കുക,” രാജാവു കൽപ്പിച്ചു. 10 അങ്ങനെ മൊർദെഖായിക്കുവേണ്ടി താൻ നിർമിച്ച തൂക്കുമരത്തിൽത്തന്നെ അവർ ഹാമാനെ തൂക്കി; രാജാവിന്റെ കോപവും ശമിച്ചു. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.