സഭാപ്രസംഗി 3 - സമകാലിക മലയാളവിവർത്തനംഎല്ലാറ്റിനും ഒരു സമയമുണ്ട് 1 എല്ലാറ്റിനും ഒരു സമയമുണ്ട്, ആകാശത്തിനുകീഴേയുള്ള ഓരോ പ്രവൃത്തിക്കും ഒരു നിശ്ചിതകാലവുമുണ്ട്. 2 ജനനത്തിനൊരു കാലം, മരണത്തിനൊരു കാലം, നടുന്നതിനൊരു കാലം, വിളവെടുക്കുന്നതിനൊരു കാലം, 3 കൊല്ലുന്നതിനൊരു കാലം, സൗഖ്യമാക്കുന്നതിനൊരു കാലം, ഇടിച്ചുനിരത്തുന്നതിനൊരു കാലം, പണിതുയർത്തുന്നതിനൊരു കാലം. 4 കരയുന്നതിനൊരു കാലം, ചിരിക്കുന്നതിനൊരു കാലം, വിലപിക്കുന്നതിനൊരു കാലം, നൃത്തംചെയ്യുന്നതിനൊരു കാലം. 5 കല്ലുകൾ ചിതറിക്കുന്നതിനൊരു കാലം, അവ ശേഖരിക്കുന്നതിനൊരു കാലം, ആലിംഗനം ചെയ്യുന്നതിനൊരു കാലം, അകന്നിരിക്കുന്നതിനൊരു കാലം, 6 അന്വേഷിക്കുന്നതിനൊരു കാലം, ഉപേക്ഷിക്കുന്നതിനൊരു കാലം, സൂക്ഷിക്കുന്നതിനൊരു കാലം, എറിഞ്ഞുകളയുന്നതിനൊരു കാലം, 7 കീറുന്നതിനൊരു കാലം, തുന്നിച്ചേർക്കുന്നതിനൊരു കാലം, മൗനമായിരിക്കുന്നതിനൊരു കാലം, സംസാരിക്കുന്നതിനൊരു കാലം, 8 സ്നേഹിക്കുന്നതിനൊരു കാലം, വെറുക്കുന്നതിനൊരു കാലം, യുദ്ധംചെയ്യുന്നതിനൊരു കാലം, സമാധാനത്തിനൊരു കാലം. 9 അധ്വാനിക്കുന്ന വേലക്കാർ തന്റെ അധ്വാനത്തിൽനിന്ന് എന്തു നേടുന്നു? 10 ദൈവം മനുഷ്യരുടെമേൽ വെച്ചിരിക്കുന്ന ഭാരം ഞാൻ കണ്ടിട്ടുണ്ട്. 11 അവിടന്ന് ഓരോന്നും അതതുകാലത്തു മനോഹരമായി ചെയ്തിരിക്കുന്നു; മനുഷ്യഹൃദയങ്ങളിൽ അവിടന്ന് നിത്യതയും വെച്ചിരിക്കുന്നു. എന്നാൽ ദൈവം ആരംഭംമുതൽ അവസാനംവരെ എന്തു ചെയ്തിരിക്കുന്നു എന്നതിന്റെ വ്യാപ്തി ഗ്രഹിക്കാൻ അവർക്കാർക്കും കഴിയുന്നതുമല്ല. 12 ജീവിച്ചിരിക്കുമ്പോൾ ആനന്ദത്തോടിരിക്കുകയും നന്മചെയ്യുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി മനുഷ്യർക്കു മറ്റൊന്നുമില്ലെന്ന് എനിക്കറിയാം. 13 ഓരോരുത്തരും ഭക്ഷിക്കുകയും പാനംചെയ്യുകയും തങ്ങളുടെ പ്രയത്നത്തിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു—ഇതെല്ലാം ദൈവത്തിന്റെ ദാനമാണ്. 14 ദൈവത്തിന്റെ ഓരോ പ്രവൃത്തിയും കാലാതീതമായി നിലനിൽക്കുന്നു എന്നെനിക്കു നിശ്ചയമുണ്ട്; അതിനോടെന്തെങ്കിലും കൂട്ടിച്ചേർക്കുന്നതിനോ അതിൽനിന്ന് എന്തെങ്കിലും എടുത്തുമാറ്റുന്നതിനോ കഴിയുകയില്ല. ദൈവം അതു ചെയ്യുന്നതുകൊണ്ട് മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു. 15 ഇപ്പോഴുള്ളതെല്ലാം പണ്ടും ഉണ്ടായിരുന്നു, വരാനുള്ളതും മുമ്പ് ഉണ്ടായിരുന്നു; ദൈവം കഴിഞ്ഞകാലത്തെ മടക്കിവിളിക്കുന്നു. 16 സൂര്യനുകീഴിൽ ഇതരകാര്യങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്: ന്യായത്തീർപ്പിന്റെ സ്ഥലത്ത് അന്യായം അരങ്ങേറുന്നു; നീതിയുടെ സ്ഥാനത്ത് നീതികേടും. 17 ഞാൻ എന്നോടുതന്നെ പറഞ്ഞു, “ദൈവം നീതിനിഷ്ഠരെയും ദുഷ്ടരെയും ഒരുപോലെ ന്യായവിധിക്കു കൊണ്ടുവരുന്നു, കാരണം എല്ലാ പ്രവൃത്തികൾക്കും ഒരു സമയമുണ്ട്, ഏതു പ്രവൃത്തിയെയും വിധിക്കുന്ന ഒരു നിശ്ചിതകാലവുമുണ്ട്.” 18 ഞാൻ പിന്നെയും എന്നോടുതന്നെ പറഞ്ഞു, “മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവർ മൃഗത്തിനു തുല്യരെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തേണ്ടതിന് ദൈവം അവരെ പരീക്ഷിക്കുന്നു. 19 മനുഷ്യന്റെ വിധി മൃഗങ്ങൾക്കുള്ളതുപോലെതന്നെ; ഇരുകൂട്ടർക്കും ഒരേവിധിതന്നെ കാത്തിരിക്കുന്നു: മനുഷ്യൻ മരിക്കുന്നതുപോലെ മൃഗവും മരിക്കുന്നു. എല്ലാറ്റിനും ശ്വാസവും ഒന്നുതന്നെ. അതുകൊണ്ട് മനുഷ്യനു മൃഗത്തെക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല. എല്ലാം അർഥശൂന്യം. 20 എല്ലാം ഒരിടത്തേക്കു പോകുന്നു; എല്ലാം പൊടിയിൽനിന്നു വരുന്നു, പൊടിയിലേക്കുതന്നെ മടങ്ങുന്നു. 21 മനുഷ്യന്റെ ആത്മാവ് ഉന്നതങ്ങളിലേക്കാണോ പോകുന്നത്? മൃഗത്തിന്റെ ആത്മാവ് ഭൂമിയുടെ അധോഭാഗങ്ങളിലേക്കാണോ നിപതിക്കുന്നത്? ആർക്കാണ് അറിവുള്ളത്?” 22 അതുകൊണ്ട്, തന്റെ പ്രവൃത്തിയിൽ ആനന്ദിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായതൊന്നും മനുഷ്യനില്ലെന്നു ഞാൻ കണ്ടു. കാരണം അതുതന്നെയാണ് ആ മനുഷ്യന്റെ ഓഹരി. തന്റെ വിയോഗത്തിനുശേഷം എന്തു സംഭവിക്കും എന്നു കാണാൻ ആർക്ക് അയാളെ മടക്കിവരുത്താനാകും? |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.