Biblia Todo Logo
Bìoball air-loidhne

- Sanasan -

ദാനീയേൽ 12 - സമകാലിക മലയാളവിവർത്തനം


അന്ത്യകാലങ്ങൾ

1 “ആ കാലത്ത് നിന്റെ ജനത്തിനു സംരക്ഷണം നൽകുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേൽക്കും. ഒരു ജാതി ഉണ്ടായതുമുതൽ അന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പീഡനകാലം ഉണ്ടാകും. ആ കാലത്തു നിന്റെ ജനം—പുസ്തകങ്ങളിൽ പേര് എഴുതപ്പെട്ടിട്ടുള്ള സകലരും—വിടുവിക്കപ്പെടും.

2 നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ വലിയൊരു ജനാവലി—ചിലർ നിത്യജീവനായും മറ്റുചിലർ അപമാനത്തിനും നിത്യനിന്ദയ്ക്കുമായും—ഉയിർത്തെഴുന്നേൽക്കും.

3 ജ്ഞാനികൾ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നുമെന്നേക്കും പ്രകാശിക്കും.

4 നീയോ ദാനീയേലേ, കാലത്തിന്റെ അന്ത്യം വരുന്നതുവരെ ഈ വചനങ്ങൾ അടച്ച് പുസ്തകച്ചുരുൾ മുദ്രയിടുക. ജ്ഞാന വർധനയ്ക്കായി പലരും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കും.”

5 പിന്നീട്, ദാനീയേൽ എന്ന ഞാൻ നോക്കിയപ്പോൾ, മറ്റു രണ്ടുപേർ നിൽക്കുന്നതു കണ്ടു; ഒരുവൻ നദിയുടെ ഇക്കരെയും മറ്റവൻ അക്കരെയും.

6 ചണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിനുമീതേ നിന്നവനോട് ഒരുവൻ: “ഈ അത്ഭുതകാര്യങ്ങളുടെ അവസാനത്തിന് എത്രകാലം വേണ്ടിവരും?” എന്നു ചോദിച്ചു.

7 ചണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മേൽ നിൽക്കുന്ന പുരുഷൻ വലങ്കൈയും ഇടങ്കൈയും ആകാശത്തിലേക്കുയർത്തി, “ഇനി കാലവും കാലങ്ങളും കാലാർധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ശക്തി തകർത്തുകളഞ്ഞതിനുശേഷം ഈ കാര്യങ്ങളെല്ലാം നിറവേറും” എന്നിങ്ങനെ എന്നെന്നേക്കും ജീവിക്കുന്നവനെച്ചൊല്ലി ശപഥംചെയ്തു.

8 ഞാൻ കേട്ടു, എങ്കിലും ഗ്രഹിച്ചില്ല. അതിനാൽ ഞാൻ: “എന്റെ യജമാനനേ, ഈ സംഭവങ്ങളുടെ പരിണാമം എന്തായിരിക്കും?” എന്നു ചോദിച്ചു.

9 അദ്ദേഹം പറഞ്ഞു: “ദാനീയേലേ, നീ പോകുക. ഈ വചനങ്ങൾ അന്ത്യകാലത്തേക്കായി അടച്ചു മുദ്രയിട്ടവയാകുന്നു;

10 അനേകർ നിർമലീകരിക്കപ്പെട്ടു നിഷ്കളങ്കരായി ശുദ്ധീകരിക്കപ്പെടും. എന്നാൽ ദുഷ്ടർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കും; അവർ ആരും ഗ്രഹിക്കുകയില്ല, എന്നാൽ ജ്ഞാനികൾ ഗ്രഹിക്കും.

11 “നിരന്തര ഹോമയാഗം നിർത്തലാക്കപ്പെടുകയും എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തശേഷം 1,290 ദിവസം ഉണ്ടായിരിക്കും.

12 1,335 ദിവസം കഴിയുന്നതുവരെ കാത്തിരുന്നു ജീവിക്കുന്നവർ അനുഗൃഹീതർ.

13 “എന്നാൽ നീയോ, അവസാനം വരുന്നതുവരെ പൊയ്ക്കൊള്ളൂ. വിശ്രമിച്ച്, കാലാവസാനത്തിൽ നിന്റെ ഓഹരി പ്രാപിക്കുന്നതിനായി നീ എഴുന്നേറ്റുവരും.”

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan