Biblia Todo Logo
Bìoball air-loidhne

- Sanasan -

ആമോസ് 2 - സമകാലിക മലയാളവിവർത്തനം

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മോവാബിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഏദോംരാജാവിന്റെ അസ്ഥികളെ അവൻ കുമ്മായത്തിനെന്നപോലെ ചുട്ടുകളഞ്ഞു.

2 ഞാൻ മോവാബിന്റെമേൽ അഗ്നി അയയ്ക്കും അതു കെരീയോത്തിന്റെ കോട്ടകളെ ദഹിപ്പിക്കും. യുദ്ധത്തിന്റെ ആർപ്പുവിളികളുടെ മധ്യത്തിലും കാഹളത്തിന്റെ ഒച്ചയിലും, മോവാബ് മഹാനാശത്തിൽ അകപ്പെടും.

3 ഞാൻ അതിന്റെ ഭരണാധികാരിയെ നശിപ്പിക്കും; അവനോടുകൂടെ അവന്റെ സകല ഉദ്യോഗസ്ഥപ്രമുഖരെയും വധിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, അവർ യഹോവയുടെ ന്യായപ്രമാണം നിരസിച്ചു; അവിടത്തെ ഉത്തരവുകൾ പ്രമാണിച്ചതുമില്ല; അവരുടെ പൂർവികർ പിൻതുടർന്ന ദേവന്മാർ, വ്യാജദേവന്മാർതന്നെ അവരെ വഴിതെറ്റിച്ചിരിക്കുന്നല്ലോ,

5 ഞാൻ യെഹൂദയുടെമേൽ അഗ്നി അയയ്ക്കും അതു ജെറുശലേമിന്റെ കോട്ടകളെ ദഹിപ്പിക്കും.”


ഇസ്രായേലിന്മേൽ ന്യായവിധി

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം അവർ വെള്ളിക്കുവേണ്ടി നീതിമാനെയും ഒരു ജോടി ചെരിപ്പിനു ദരിദ്രനെയും വിറ്റുകളയുന്നു.

7 ഭൂമിയിലെ പൊടിമേൽ എന്നപോലെ, അവർ ദരിദ്രരുടെ തലമേൽ മെതിക്കുന്നു, അങ്ങനെ പീഡിതർക്ക് അവർ ന്യായം നിഷേധിക്കുന്നു. പിതാവും മകനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു; അങ്ങനെ എന്റെ വിശുദ്ധനാമം ദുഷിപ്പിക്കുന്നു.

8 അവർ ഏതു ബലിപീഠത്തിനരികിലും പണയമായി വാങ്ങിയ വസ്ത്രങ്ങളിൽ കിടന്നുറങ്ങുന്നു. അവരുടെ ദേവന്റെ ആലയത്തിൽവെച്ചു പിഴയായി വാങ്ങിയ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു.

9 “ഞാൻ അവരുടെമുമ്പിൽവെച്ച് അമോര്യരെ നശിപ്പിച്ചു, അവൻ ദേവദാരുപോലെ പൊക്കമുള്ളവരും കരുവേലകംപോലെ ശക്തിയുള്ളവരും ആയിരുന്നു. മുകളിലുള്ള അവരുടെ ഫലത്തെയും താഴെയുള്ള വേരുകളെയും ഞാൻ നശിപ്പിച്ചു.

10 അമോര്യരുടെ ദേശം നിങ്ങൾക്കു തരേണ്ടതിനു, ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്, മരുഭൂമിയിൽ നാൽപ്പതുവർഷം നടത്തി.

11 “നിങ്ങളുടെ പുത്രന്മാരിൽനിന്ന് പ്രവാചകന്മാരെയും യുവാക്കളിൽനിന്ന് വ്രതസ്ഥന്മാരെയും ഞാൻ എഴുന്നേൽപ്പിച്ചു. ഇസ്രായേൽജനമേ, അതു വാസ്തവമല്ലേ?” എന്ന് യഹോവ ചോദിക്കുന്നു.

12 “എന്നാൽ, നിങ്ങൾ വ്രതസ്ഥന്മാരെ വീഞ്ഞുകുടിപ്പിച്ചു; പ്രവാചകന്മാരോട്, പ്രവചിക്കരുത് എന്നു കൽപ്പിച്ചു.

13 “ധാന്യം കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും.

14 ശീഘ്രഗാമികൾ രക്ഷപ്പെടുകയില്ല; ശക്തർ ബലം സംഭരിക്കുകയില്ല; വീരയോദ്ധാക്കൾ തങ്ങളുടെ പ്രാണനെ രക്ഷിക്കുകയുമില്ല.

15 വില്ലാളി ഉറച്ചുനിൽക്കുകയില്ല; ശീഘ്രഗാമിയായ പടയാളി രക്ഷപ്പെടുകയുമില്ല, കുതിരക്കാരൻ തന്റെ പ്രാണനെ രക്ഷിക്കുകയുമില്ല.

16 ഏറ്റവും ധീരന്മാരായ പടയാളികൾപോലും ആ ദിവസം നഗ്നരായി ഓടിപ്പോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan