പ്രവൃത്തികൾ 6 - സമകാലിക മലയാളവിവർത്തനംഏഴുപേരുടെ തെരഞ്ഞെടുപ്പ് 1 ആ കാലത്ത് ശിഷ്യരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നപ്പോൾ, വിധവകൾക്കുവേണ്ടിയുള്ള പ്രതിദിന ഭക്ഷണവിതരണത്തിൽ എബ്രായഭാഷികളായ യെഹൂദന്മാർ ഗ്രീക്കുഭാഷികളായ യെഹൂദവിധവകളെ അവഗണിക്കുന്നതായി പരാതിയുയർന്നു. 2 അതിനാൽ, പന്ത്രണ്ട് അപ്പൊസ്തലന്മാർ ശിഷ്യരുടെ സമൂഹത്തെയെല്ലാം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങളേ, ഞങ്ങൾ ദൈവവചനം പഠിപ്പിക്കുന്നത് അവഗണിച്ച് ഭക്ഷണവിതരണത്തിൽ ശ്രദ്ധിക്കുന്നത് അഭികാമ്യമല്ല. 3 ആത്മാവിനാലും ജ്ഞാനത്താലും നിറഞ്ഞവരും നിങ്ങളുടെ മധ്യത്തിൽ നല്ല സാക്ഷ്യം ഉള്ളവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. ഭക്ഷണവിതരണത്തിന്റെ ചുമതല നമുക്ക് അവരെ ഏൽപ്പിക്കാം. 4 ഞങ്ങളോ പ്രാർഥനയിലും ദൈവവചനം പഠിപ്പിക്കുന്നതിലും ശ്രദ്ധചെലുത്താം.” 5 ഈ നിർദേശം വിശ്വാസസമൂഹത്തിൽ എല്ലാവർക്കും ഇഷ്ടമായി. വിശ്വാസത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവനായ സ്തെഫാനൊസിനെയും ഫിലിപ്പൊസ്, പ്രൊഖൊരോസ്, നിക്കാനോർ, തിമോൻ, പർമെനാസ്, യെഹൂദാമതത്തിൽ ചേർന്ന അന്ത്യോക്യക്കാരനായ നിക്കോലാവൊസ് എന്നിവരെയും അവർ തെരഞ്ഞെടുത്തു. 6 അവരെ അപ്പൊസ്തലന്മാരുടെമുമ്പിൽ നിർത്തി; അപ്പൊസ്തലന്മാർ പ്രാർഥിച്ച് അവരുടെമേൽ കൈവെക്കുകയും ചെയ്തു. 7 ദൈവവചനം വ്യാപിച്ചുകൊണ്ടേയിരുന്നു. ജെറുശലേമിൽ ശിഷ്യരുടെ എണ്ണം വളരെ വർധിച്ചു. പുരോഹിതന്മാരിലും വളരെപ്പേർ ഈ വിശ്വാസം അംഗീകരിച്ചു. സ്തെഫാനൊസ് ബന്ധിക്കപ്പെടുന്നു 8 ദൈവകൃപയും ശക്തിയും നിറഞ്ഞവനായ സ്തെഫാനൊസ് ജനമധ്യത്തിൽ വലിയ അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചു. 9 കുറേന, അലക്സാന്ത്രിയ എന്നീ സ്ഥലങ്ങളിൽനിന്നും കിലിക്യ, ഏഷ്യ എന്നീ പ്രവിശ്യകളിൽനിന്നുമുള്ള “സ്വതന്ത്രർ,” എന്നറിയപ്പെട്ടിരുന്ന യെഹൂദവിഭാഗത്തിലുള്ളവർ സ്തെഫാനൊസിനെതിരായി വാദപ്രതിവാദം ചെയ്യാൻ ആരംഭിച്ചു. 10 എന്നാൽ, ദൈവാത്മാവു നൽകിയ വിവേകത്തോടുകൂടിയ അദ്ദേഹത്തിന്റെ വാക്കുകൾക്ക് എതിർവാദം നിരത്താൻ അവർക്കു സാധിച്ചില്ല. 11 അപ്പോൾ അവർ, “മോശയെയും ദൈവത്തെയും സ്തെഫാനൊസ് ദുഷിച്ചു സംസാരിക്കുന്നത് ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു പറയാൻ ചിലരെ രഹസ്യമായി പ്രേരിപ്പിച്ചു. 12 അങ്ങനെ അവർ ജനങ്ങളെയും സമുദായനേതാക്കന്മാരെയും വേദജ്ഞരെയും ഇളക്കി. അവർ സ്തെഫാനൊസിനെ പിടികൂടി ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. 13 അവർ കള്ളസ്സാക്ഷികളെ കൊണ്ടുവന്ന് ഇപ്രകാരം പറയിച്ചു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നതിന് അവസാനമില്ല. 14 നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നൽകിയിരിക്കുന്ന ആചാരങ്ങൾ നീക്കിക്കളയുമെന്നും ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു.” 15 ന്യായാധിപസമിതിയിൽ ഇരുന്ന എല്ലാവരും സ്തെഫാനൊസിനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം ഒരു ദൈവദൂതന്റേതുപോലെ തേജസ്സുള്ളതായി കാണപ്പെട്ടു. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.