Biblia Todo Logo
Bìoball air-loidhne

- Sanasan -

2 തിമൊഥെയൊസ് 3 - സമകാലിക മലയാളവിവർത്തനം

1 അന്തിമകാലത്ത് ദുരന്തകലുഷിതമായ നാളുകൾ ഉണ്ടാകും എന്നു നീ അറിയുക.

2 മനുഷ്യർ സ്വാർഥരും ധനമോഹികളും വീമ്പിളക്കുന്നവരും അഹങ്കാരികളും ദൈവദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും നാസ്തികരും

3 മനുഷ്യത്വമില്ലാത്തവരും കൊടുംക്രൂരരും അപഖ്യാതി പരത്തുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരരും സദ്ഗുണവൈരികളും ആയിത്തീരും.

4 അവർ വഞ്ചകരും വീണ്ടുവിചാരമില്ലാത്തവരും മതിമറന്ന് അഹങ്കരിക്കുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖത്തെ സ്നേഹിക്കുന്നവരും

5 ഭക്തിയുടെ ബാഹ്യരൂപം പുലർത്തി അതിന്റെ ശക്തിയെ നിഷേധിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നുനിൽക്കുക.

6 ഇവർ ഭവനങ്ങളിൽ നുഴഞ്ഞുകയറി, പാപത്തിന് അധീനരും ബഹുവിധമോഹങ്ങളിൽ ആസക്തരുമായി ധാർമിക ചാപല്യമുള്ള സ്ത്രീകളെ വശംവദരാക്കുന്നു.

7 ഇത്തരം സ്ത്രീകൾ നിരന്തരം പഠിക്കുന്നവർ ആണെങ്കിലും സത്യം തിരിച്ചറിയാൻ പ്രാപ്തരായിത്തീരുന്നില്ല.

8 യന്നേസും യംബ്രേസും മോശയോട് എതിർത്തു. അതുപോലെ ഇവരും സത്യത്തോട് എതിർക്കുന്നു. ഇവർ ദൂഷിതമനസ്ക്കരും വിശ്വാസം സംബന്ധിച്ച് പരാജിതരുമാണ്.

9 ഈ വിധത്തിൽ ഇവർ അധികം മുന്നോട്ടു പോകുകയില്ല; കാരണം, മുൻപറഞ്ഞ ഇരുവരുടെയും കാര്യത്തിലെന്നപോലെ ഇവരുടെയും മൗഢ്യം എല്ലാവർക്കും വ്യക്തമാകും.


തിമോത്തിയോസിനുള്ള നിർദേശങ്ങൾ

10 ഞാൻ അഭ്യസിപ്പിച്ച ഉപദേശം, എന്റെ ജീവിതരീതി, ലക്ഷ്യബോധം, വിശ്വാസം, സമചിത്തത, സ്നേഹം, സഹിഷ്ണുത എന്നിവയും

11 ഞാൻ സഹിച്ച പീഡകളും അന്ത്യോക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്കുണ്ടായ കഷ്ടതകളും സശ്രദ്ധം നീ മനസ്സിലാക്കിയല്ലോ. ഞാൻ എല്ലാവിധത്തിലുമുള്ള പീഡകൾ സഹിച്ചു; അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷപ്പെടുത്തി.

12 ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡകൾ ഉണ്ടാകും,

13 എന്നാൽ, ദുഷ്ടമനുഷ്യരും ആൾമാറാട്ടക്കാരും മറ്റുള്ളവരെ വഞ്ചിച്ചും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടും തിന്മയിലേക്ക് കൂപ്പുകുത്തും.

14 എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്.

15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ.

16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്.

17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan