2 തിമൊഥെയൊസ് 1 - സമകാലിക മലയാളവിവർത്തനം1 ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസ്, ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിക്കുന്നവർക്കു ലഭിക്കാനിരിക്കുന്ന ജീവന്റെ വാഗ്ദാനപ്രകാരം, 2 പ്രിയപുത്രനായ തിമോത്തിയോസിന്, എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും കൃപയും കരുണയും സമാധാനവും നിനക്ക് ഉണ്ടാകുമാറാകട്ടെ. വിശ്വസ്തനായിരിക്കുക 3 എന്റെ പൂർവികരെപ്പോലെതന്നെ ഞാനും നിർമല മനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന്റെസന്നിധിയിൽ രാവും പകലും നിരന്തരം നിന്നെ ഓർത്തുകൊണ്ട് എന്റെ പ്രാർഥനയിൽ ദൈവത്തിനു സ്തോത്രംചെയ്യുന്നു. 4 നിന്റെ കണ്ണുനീർ ഓർക്കുമ്പോൾ, നിന്നെ കണ്ട് ആനന്ദപൂരിതനാകാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. 5 നിന്റെ നിർവ്യാജവിശ്വാസം എന്റെ ഓർമയിലുണ്ട്. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; ഇപ്പോൾ നിന്നിലും ഉണ്ടെന്ന് എനിക്കുറപ്പുണ്ട്. പൗലോസിനോടും സുവിശേഷത്തോടുമുള്ള പ്രതിബദ്ധത 6 അതുകൊണ്ട് എന്റെ കൈവെപ്പിലൂടെ, നിനക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനം പുനരുജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ ഓർമിപ്പിക്കുന്നു. 7 ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്. 8 അതുകൊണ്ട് നമ്മുടെ കർത്താവിനെ സാക്ഷിക്കുന്നതിനെക്കുറിച്ചോ അവിടത്തെ തടവുകാരനായ എന്നെക്കുറിച്ചോ നീ ലജ്ജിക്കരുത്. പിന്നെയോ, സുവിശേഷം അറിയിക്കുമ്പോൾ ഉണ്ടാകുന്ന ക്ലേശങ്ങളിൽ ദൈവം നൽകുന്ന ശക്തിക്കനുസൃതമായി നീയും പങ്കാളിയാകുക. 9 കർത്താവ് നമ്മെ രക്ഷിക്കുകയും ഒരു വിശുദ്ധജീവിതത്തിനായി വിളിക്കുകയും ചെയ്തു. ഇത് നമ്മുടെ പ്രവൃത്തികളുടെ ഫലമല്ല; പിന്നെയോ, കൃപയിലധിഷ്ടിതമായ ദൈവിക നിർണയമനുസരിച്ചാണ്. ഈ കൃപ കാലാരംഭത്തിനു മുമ്പുതന്നെ ക്രിസ്തുയേശുവിൽ ദൈവം നമുക്കു നൽകിയതാണെങ്കിലും 10 നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ ഇപ്പോൾ നമുക്കു വെളിപ്പെട്ടിരിക്കുന്നു. അവിടന്ന് മരണത്തെ ഇല്ലാതാക്കുകയും സുവിശേഷം മുഖാന്തരം ജീവനും അമർത്യതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 11 ആ സുവിശേഷത്തിന്റെ പ്രഘോഷകനും അപ്പൊസ്തലനും ഉപദേഷ്ടാവുമായി ദൈവമാണ് എന്നെ നിയമിച്ചത്. 12 അതിനാൽ ഞാൻ ഇപ്പോൾ ഈ ക്ലേശങ്ങൾ എല്ലാം സഹിച്ചിട്ടും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്ന് എനിക്കറിയാം. ഞാൻ നിക്ഷേപിച്ചവയെല്ലാം ആ ദിവസംവരെ കാത്തുസൂക്ഷിക്കുന്നതിന് അവിടന്നു പ്രാപ്തനാണെന്ന് എനിക്കുറപ്പുണ്ട്. 13 എന്നിൽനിന്നു കേട്ട നിർമലവചനത്തെ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിനും സ്നേഹത്തിനും ഒരു മാതൃകയാക്കി നീ സൂക്ഷിക്കുക. 14 നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ സഹായത്താൽ നിന്നിലെ നല്ല നിക്ഷേപങ്ങൾ സംരക്ഷിക്കുക. വിധേയത്വത്തിന് ഉദാഹരണം 15 ഫുഗലൊസും ഹെർമോഗനേസും ഉൾപ്പെടെ ഏഷ്യാപ്രവിശ്യയിലുള്ള എല്ലാവരും എന്നെ പരിത്യജിച്ചു എന്നു നിനക്കറിയാമല്ലോ. 16 ഒനേസിഫൊരൊസിന്റെ കുടുംബത്തോട് കർത്താവ് കരുണകാണിക്കട്ടെ; അയാൾ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ എന്നെ മിക്കപ്പോഴും ആശ്വസിപ്പിച്ചിട്ടുണ്ട്. 17 അയാൾ റോമിൽ ആയിരുന്നപ്പോൾ എന്നെ കണ്ടെത്തുന്നതുവരെ വളരെ ക്ലേശപൂർവം അന്വേഷിച്ചു. 18 ആ ദിവസത്തിൽ കർത്താവിൽനിന്ന് കരുണ ലഭിക്കാൻ കർത്താവ് അയാളെ സഹായിക്കട്ടെ! എഫേസോസിൽവെച്ചും അയാൾ ഏതെല്ലാം തരത്തിൽ എന്നെ ശുശ്രൂഷിച്ചെന്നു നിനക്കു നന്നായി അറിയാമല്ലോ. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.