Biblia Todo Logo
Bìoball air-loidhne

- Sanasan -

2 തെസ്സലൊനീക്യർ 1 - സമകാലിക മലയാളവിവർത്തനം

1 പൗലോസും സില്വാനൊസും തിമോത്തിയോസും, നമ്മുടെ പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലോനിക്യ സഭയ്ക്ക്, എഴുതുന്നത്:

2 പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.


സ്തോത്രാർപ്പണവും പ്രാർഥനയും

3 സഹോദരങ്ങളേ, നിങ്ങളുടെ വിശ്വാസം തഴച്ചുവളരുകയും നിങ്ങൾക്കെല്ലാവർക്കും പരസ്പരമുള്ള സ്നേഹം വർധിച്ചുവരികയും ചെയ്യുന്നതിനാൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യാൻ കടപ്പെട്ടിരിക്കുന്നു; അതു തികച്ചും ഉചിതംതന്നെ.

4 അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകലപീഡനങ്ങളിലും പരിശോധനകളിലും നിങ്ങൾക്കുള്ള സഹിഷ്ണുതയെയും വിശ്വാസത്തെയുംകുറിച്ചു ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ പ്രശംസിക്കുന്നു.

5 നിങ്ങൾ ഏതൊരു ദൈവരാജ്യത്തിനുവേണ്ടി കഷ്ടം അനുഭവിക്കുന്നോ ആ രാജ്യം നിങ്ങൾക്ക് അവകാശമായിത്തീരും. ദൈവത്തിന്റെ നീതിയുക്തമായ ന്യായവിധിക്ക് ഇതു വ്യക്തമായ തെളിവാണ്.

6-7 ദൈവം നീതിമാനാണ്: നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് അവിടന്ന് പീഡനം നൽകുകയും പീഡിതരായ നിങ്ങൾക്കും ഞങ്ങൾക്കും ആശ്വാസം പകരം നൽകുകയും ചെയ്യും. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗത്തിൽനിന്ന്, കത്തിജ്വലിക്കുന്ന അഗ്നിയിൽ പ്രത്യക്ഷനാകുമ്പോഴാണ് ഇതു സംഭവിക്കാനിരിക്കുന്നത്.

8 ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരോടും അവിടന്ന് പ്രതികാരംചെയ്യും.

9-10 ഇക്കൂട്ടർ കർത്താവിന്റെ സന്നിധിയിൽനിന്നും അവിടത്തെ മഹത്ത്വകരമായ തേജസ്സിൽനിന്നും മാറ്റപ്പെട്ട് നിത്യനാശം എന്ന ശിക്ഷ അനുഭവിക്കും. കർത്താവ് പ്രത്യക്ഷനാകുന്ന ആ നാളിൽ തന്റെ വിശുദ്ധരിൽ അവിടന്ന് മഹത്ത്വപ്പെടുകയും അവർക്ക് തന്നെ അവിടന്ന് ഒരു അത്ഭുതവിഷയമായി മാറുകയും ചെയ്യും. ഞങ്ങൾ നിങ്ങളോട് അറിയിച്ച സാക്ഷ്യത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതുമൂലം നിങ്ങളും വിശുദ്ധരുടെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.

11 ദൈവവിളിക്കു യോഗ്യമായ ജീവിതം നയിക്കാൻ നിങ്ങൾക്കു സാധ്യമാകേണ്ടതിനും നന്മപ്രവർത്തിക്കാനുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും വിശ്വാസത്താൽ പ്രചോദിതമായിട്ടുള്ള നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ദൈവം അവിടത്തെ ശക്തിയാൽ പരിപൂർണമാക്കട്ടെ എന്നും നിങ്ങൾക്കുവേണ്ടി ഞാൻ നിരന്തരം പ്രാർഥിക്കുന്നു.

12 നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപനിമിത്തം നിങ്ങളുടെ ജീവിതങ്ങളിലൂടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം നിങ്ങളിലും നിങ്ങൾ കർത്താവിനോടൊപ്പവും മഹത്ത്വീകരിക്കപ്പെടും.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan