Biblia Todo Logo
Bìoball air-loidhne

- Sanasan -

2 ശമൂവേൽ 9 - സമകാലിക മലയാളവിവർത്തനം


ദാവീദും മെഫീബോശെത്തും

1 ഞാൻ യോനാഥാനെപ്രതി ദയകാണിക്കേണ്ടതിന്, “ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു.

2 ശൗലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു. ദാവീദിന്റെ സേവകർ അയാളെ ദാവീദിന്റെ മുമ്പാകെ ഹാജരാകാൻ കൊണ്ടുവന്നു. “നീയാണോ സീബാ,” എന്നു ദാവീദ് അയാളോടു ചോദിച്ചു. “അതേ അടിയൻതന്നെ,” എന്ന് അയാൾ മറുപടി പറഞ്ഞു.

3 “ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ഇനി ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് അയാളോടു ചോദിച്ചു. “യോനാഥാന്റെ ഒരു മകൻ, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; അയാൾക്കു രണ്ടുകാലിലും മുടന്താണ്,” എന്ന് സീബാ മറുപടി പറഞ്ഞു.

4 “അവൻ എവിടെ?” എന്നു രാജാവ് ചോദിച്ചു. “ലോ-ദേബാരിൽ, അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്,” എന്നു സീബാ മറുപടി പറഞ്ഞു.

5 അപ്പോൾ ദാവീദ് രാജാവ് ആളയച്ച് ലോ-ദേബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്നും അയാളെ വരുത്തി.

6 ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ മുമ്പാകെ എത്തിയപ്പോൾ അദ്ദേഹത്തെ ആദരപൂർവം താണുവണങ്ങി. “മെഫീബോശെത്തേ!” എന്നു ദാവീദ് വിളിച്ചപ്പോൾ, “അടിയൻ ഇതാ,” എന്ന് അയാൾ വിളികേട്ടു.

7 ദാവീദ് അയാളോട്: “ഭയപ്പെടേണ്ട, നിന്റെ പിതാവായ യോനാഥാനെപ്രതി ഞാൻ തീർച്ചയായും നിന്നോടു കരുണകാണിക്കും. നിന്റെ വലിയപ്പനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്റെ മേശയിങ്കൽനിന്നു നിത്യവും ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.

8 മെഫീബോശെത്ത് നമസ്കരിച്ചുകൊണ്ട്: “എന്നെപ്പോലെ ഒരു ചത്ത നായെ കടാക്ഷിക്കാൻ അടിയൻ എന്തുള്ളൂ?” എന്നു പറഞ്ഞു.

9 ഇതിനുശേഷം രാജാവ് സീബായെ വിളിച്ചുവരുത്തി, ശൗലിന്റെ കാര്യസ്ഥൻ അയാളോടു പറഞ്ഞു: “ശൗലിനും കുടുംബത്തിനും ഉണ്ടായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനന്റെ പൗത്രനായ മെഫീബോശെത്തിനു തിരിച്ചു നൽകിയിരിക്കുന്നു.

10 നീയും നിന്റെ പുത്രന്മാരും സേവകരും അവനുവേണ്ടി അവന്റെ നിലങ്ങൾ കൃഷി ചെയ്യണം. നിന്റെ യജമാനന്റെ പൗത്രനായ അവന് ഉപജീവനത്തിനുള്ള വക ലഭിക്കത്തക്കവിധം നിങ്ങൾ നിലത്തിലെ വിളവുകൾ ശേഖരിച്ചുകൊടുക്കണം. നിന്റെ യജമാനന്റെ പൗത്രനായ മെഫീബോശെത്ത് എപ്പോഴും എന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കും.” (സീബായ്ക്ക് പതിനഞ്ചു പുത്രന്മാരും ഇരുപതു ദാസന്മാരും ഉണ്ടായിരുന്നു).

11 അപ്പോൾ സീബാ രാജാവിനോടു മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവു കൽപ്പിക്കുന്നതെല്ലാം അവിടത്തെ ദാസനായ, അടിയൻ ചെയ്തുകൊള്ളാം.” അപ്രകാരം മെഫീബോശെത്ത് രാജകുമാരന്മാരിൽ ഒരാളെപ്പോലെ ദാവീദുരാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.

12 മെഫീബോശെത്തിന്, മീഖാ എന്നു പേരുള്ള ഒരു ചെറിയ മകനുണ്ടായിരുന്നു. സീബായുടെ ഭവനത്തിലുണ്ടായിരുന്നവരെല്ലാം മെഫീബോശെത്തിനു ഭൃത്യന്മാരായിത്തീർന്നു.

13 ഇങ്ങനെ മെഫീബോശെത്ത് ജെറുശലേമിൽത്തന്നെ താമസിച്ചു. അദ്ദേഹം നിത്യവും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു. അദ്ദേഹത്തിന്റെ രണ്ടുകാലിലും മുടന്തായിരുന്നു.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan