Biblia Todo Logo
Bìoball air-loidhne

- Sanasan -

2 രാജാക്കന്മാർ 3 - സമകാലിക മലയാളവിവർത്തനം


മോവാബ് മത്സരിക്കുന്നു

1 ആഹാബിന്റെ മകനായ യോരാം, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷത്തിൽ ശമര്യയിൽ ഇസ്രായേലിന്റെ രാജാവായി അധികാരമേറ്റു; അദ്ദേഹം പന്ത്രണ്ടുവർഷം ഇസ്രായേലിൽ ഭരണംനടത്തി.

2 യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ളത് അദ്ദേഹം പ്രവർത്തിച്ചു; എങ്കിലും, തന്റെ മാതാപിതാക്കളെപ്പോലെ ആയിരുന്നില്ല. തന്റെ പിതാവു നിർമിച്ച ബാലിന്റെ ആചാരസ്തൂപം അദ്ദേഹം തകർത്തുകളഞ്ഞു.

3 എന്നിരുന്നാലും, നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു പ്രവർത്തിപ്പിച്ച പാപങ്ങളെ അദ്ദേഹം അനുകരിച്ചു; അവയിൽനിന്ന് പിന്തിരിഞ്ഞതുമില്ല.

4 മോവാബ് രാജാവായ മേശെ ആടുകളെ വളർത്തിയിരുന്നു. അദ്ദേഹം ഇസ്രായേൽരാജാവിന് ഒരുലക്ഷം ആട്ടിൻകുട്ടികളെയും ഒരുലക്ഷം ആട്ടുകൊറ്റന്മാരുടെ രോമവും കപ്പമായി നൽകണമായിരുന്നു.

5 എന്നാൽ, ആഹാബിന്റെ നിര്യാണശേഷം മോവാബ് രാജാവ് ഇസ്രായേൽരാജാവായ യെഹോരാമിനെതിരേ മത്സരിച്ചു.

6 ആ സമയം യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ട് ഇസ്രായേൽസൈന്യത്തെ മുഴുവനും ശേഖരിച്ച് മോവാബ്യർക്കെതിരേ അണിനിരത്തി.

7 അദ്ദേഹം, യെഹൂദാരാജാവായ യെഹോശാഫാത്തിന് ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “മോവാബ് രാജാവ് എനിക്കെതിരേ മത്സരിച്ചിരിക്കുന്നു; മോവാബിനോടു യുദ്ധത്തിനായി അങ്ങ് എന്നോടൊപ്പം വരുമോ?” യെഹോശാഫാത്ത് മറുപടികൊടുത്തു: “ഞാൻ അങ്ങയുടെകൂടെ വരാം; ഞാൻ അങ്ങയെപ്പോലെ; എന്റെ സൈന്യം അങ്ങയുടെ സൈന്യത്തെപ്പോലെ; എന്റെ കുതിരകളും അങ്ങയുടെ കുതിരകളെപ്പോലെതന്നെ.”

8 “എന്നാൽ, ഏതു മാർഗത്തിലൂടെയാണ് നാം ആക്രമിക്കേണ്ടത്?” എന്നു യെഹോശാഫാത്ത് ചോദിച്ചു. “ഏദോം മരുഭൂമിയിലൂടെ,” എന്നു യെഹോരാം മറുപടി നൽകി.

9 അങ്ങനെ, യെഹൂദാരാജാവിനോടും ഏദോംരാജാവിനോടും സഖ്യംചേർന്ന് ഇസ്രായേൽരാജാവ് മോവാബിനെതിരേ യുദ്ധത്തിനു പുറപ്പെട്ടു. അവരുടെ യാത്ര ഏഴുദിവസത്തോളം തുടർന്നു. എന്നാൽ, അപ്പോഴേക്കും സൈന്യത്തിനും അവരുടെ മൃഗങ്ങൾക്കും വെള്ളം ലഭിക്കാതെയായി.

10 “എന്ത്! യഹോവ, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിനാണോ കൂട്ടിവരുത്തിയത്?” എന്ന് ഇസ്രായേൽരാജാവ് ആശ്ചര്യത്തോടെ ചോദിച്ചു.

11 അപ്പോൾ, യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാടു ചോദിച്ചറിയുന്നതിന് യഹോവയുടെ ഒരു പ്രവാചകൻ ഇവിടെ ഇല്ലേ?” എന്നു ചോദിച്ചു. അതിന് ഇസ്രായേൽരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാൾ: “ഏലിയാവിന്റെ സഹായിയായിരുന്ന ശാഫാത്തിന്റെ മകനായ എലീശാ എന്നൊരാൾ ഇവിടെയുണ്ട്” എന്നു മറുപടി പറഞ്ഞു.

12 “യഹോവയുടെ വചനം അദ്ദേഹത്തിന്റെ പക്കലുണ്ട്,” എന്ന് യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവും യെഹോശാഫാത്തും ഏദോംരാജാവും ചേർന്ന് എലീശയുടെ അടുക്കലേക്കുപോയി.

13 എലീശ ഇസ്രായേൽരാജാവിനോട്: “നമുക്കുതമ്മിൽ പൊതുവായിട്ടു കാര്യമൊന്നുമില്ലല്ലോ. നിങ്ങളുടെ പിതാവിന്റെയും മാതാവിന്റെയും പ്രവാചകന്മാരുടെ അടുക്കലേക്കു പൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു. ഇസ്രായേൽരാജാവ് മറുപടി പറഞ്ഞു: “അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കുന്നതിനു യഹോവ ഞങ്ങളെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.”

14 അപ്പോൾ എലീശാ: “ഞാൻ സേവിക്കുന്ന സർവശക്തനായ യഹോവയാണെ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ സാന്നിധ്യം നിന്നോടുകൂടെ ഇല്ലായിരുന്നെങ്കിൽ, ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യുമായിരുന്നില്ല.

15 എന്നാൽ, ഇപ്പോൾ ഒരു വീണവാദകനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. വീണക്കാരൻ വായിച്ചുകൊണ്ടിരുന്നപ്പോൾ യഹോവയുടെ ശക്തി എലീശയുടെമേൽ വന്നു.

16 അദ്ദേഹം പറഞ്ഞു: “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ഈ താഴ്വര നിറയെ ജലസംഭരണികൾ നിർമിക്കുക.

17 യഹോവ അരുളിച്ചെയ്യുന്നു: നിങ്ങൾ കാറ്റോ മഴയോ കാണുകയില്ല. എങ്കിലും, ഈ താഴ്വര വെള്ളംകൊണ്ട് നിറയും. നിങ്ങളും നിങ്ങളുടെ കന്നുകാലികളും മറ്റു മൃഗങ്ങളും അതു കുടിക്കും.

18 യഹോവയുടെ ദൃഷ്ടിയിൽ ഇതൊരു നിസ്സാരകാര്യം; അതിലുപരി, അവിടന്നു മോവാബ്യരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരികയും ചെയ്യും.

19 കോട്ടകെട്ടി ബലപ്പെടുത്തിയ എല്ലാ നഗരവും പ്രധാനപ്പെട്ട എല്ലാ പട്ടണവും നിങ്ങൾ കീഴടക്കും. നിങ്ങൾ എല്ലാ ഫലവൃക്ഷങ്ങളും വെട്ടിക്കളയും, സകല ഉറവുകളും മലിനമാക്കും, എല്ലാ നല്ലനിലവും കല്ലുകൾവിതറി ഉപയോഗശൂന്യമാക്കും.”

20 പിറ്റേന്നു പ്രഭാതത്തിൽ, യാഗത്തിന്റെ സമയത്ത്, ഏദോംവഴിയായി വെള്ളം ഒഴുകിവരുന്നതു കണ്ടു! ദേശം വെള്ളംകൊണ്ടുനിറഞ്ഞു.

21 ഇതിനിടയിൽ, രാജാക്കന്മാർ തങ്ങളോടു യുദ്ധംചെയ്യാൻ വന്നെത്തിയ വിവരം മോവാബ്യരെല്ലാം കേട്ടു. അപ്പോൾ അവർ പ്രായഭേദമെന്യേ, ആയുധമേന്താൻ കഴിവുള്ള സകലരെയും കൂട്ടിവരുത്തി അതിർത്തിയിൽ അണിനിരത്തി.

22 മോവാബ്യസൈന്യം രാവിലെ എഴുന്നേറ്റുനോക്കിയപ്പോൾ, സൂര്യപ്രകാശം വെള്ളത്തിന്മേൽ പതിച്ചിരുന്നു; അവരുടെനേരേയുള്ള വെള്ളം, രക്തംപോലെ ചെമന്നിരിക്കുന്നത് അവർ കണ്ടു.

23 “ഹൊ! അതു രക്തമാണ്, ആ രാജാക്കന്മാരുടെ സൈന്യം പരസ്പരം പൊരുതി കൊന്നിട്ടുണ്ടായിരിക്കണം; അതിനാൽ, കൊള്ളയ്ക്കുവരിക,” എന്ന് അവർ വിളിച്ചുപറഞ്ഞു.

24 എന്നാൽ, മോവാബ്യർ ഇസ്രായേൽ പാളയത്തിലെത്തിയപ്പോൾ അവർ മോവാബ്യരെ ആക്രമിച്ചു. അവർ പിൻചെന്നു മോവാബ്യദേശവും കടന്നാക്രമിച്ചു കൂട്ടക്കൊല നടത്തി.

25 അവർ നഗരങ്ങൾ നശിപ്പിച്ചു. ഓരോ നല്ല വയലും അവർ കല്ലിട്ടു നികത്തി. അവർ എല്ലാ നീരുറവകളും മലിനമാക്കി; ഫലമുള്ള വൃക്ഷങ്ങളെല്ലാം വെട്ടിക്കളഞ്ഞു. ഒടുവിൽ, കീർ-ഹരേശേത്തിലെ കന്മതിലുകൾമാത്രം ശേഷിച്ചു. എന്നാൽ, കവിണക്കാർ അതിനെ വളഞ്ഞുനിന്ന് ആക്രമിച്ചു.

26 യുദ്ധഗതി തനിക്കെതിരായി തിരിയുന്നതു കണ്ടപ്പോൾ, മോവാബ് രാജാവ് എഴുനൂറ് വാൾക്കാരെയും കൂട്ടി യുദ്ധമുന്നണി ഭേദിച്ച് ഏദോംരാജാവിനെതിരേ മുന്നേറുന്നതിനുള്ള ഒരു ശ്രമംനടത്തി; പക്ഷേ, അവർ പരാജയപ്പെട്ടു.

27 അപ്പോൾ, അദ്ദേഹം തനിക്കുശേഷം രാജാവാകേണ്ടിയിരുന്ന തന്റെ ആദ്യജാതനെ പിടിച്ച് നഗരത്തിന്റെ മതിലിന്മേൽ ബലികഴിച്ചു. അങ്ങനെ, ഇസ്രായേലിനെതിരേ ഉഗ്രകോപം ജ്വലിച്ചതിനാൽ അവർ യുദ്ധത്തിൽനിന്നു പിൻവാങ്ങി സ്വന്തനാട്ടിലേക്കു മടങ്ങി.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan