Biblia Todo Logo
Bìoball air-loidhne

- Sanasan -

2 ദിനവൃത്താന്തം 4 - സമകാലിക മലയാളവിവർത്തനം


ദൈവാലയ ഉപകരണങ്ങൾ

1 ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും പത്തുമുഴം ഉയരവുമുള്ള വെങ്കലംകൊണ്ടുള്ള ഒരു യാഗപീഠവും ഹൂരാം-ആബി ഉണ്ടാക്കി.

2 പിന്നീട്, അദ്ദേഹം വെങ്കലംകൊണ്ടു വൃത്താകൃതിയിലുള്ള വലിയൊരു ജലസംഭരണി വാർത്തുണ്ടാക്കി. അതിനു വക്കോടുവക്ക് പത്തുമുഴം വ്യാസവും അഞ്ചുമുഴം ഉയരവുമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് മുപ്പതുമുഴം ആയിരുന്നു.

3 വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു പത്തുവീതം കാളകളുടെ പ്രതിരൂപങ്ങൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ കാളകളുടെ പ്രതിരൂപങ്ങൾ രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു.

4 പന്ത്രണ്ടു കാളകളുടെ പുറത്താണ് ഈ വലിയ ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും പരസ്പരം പുറംതിരിഞ്ഞുനിന്നിരുന്നു. അവയുടെ പുറത്തായിരുന്നു ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. ആ കാളകളുടെ പൃഷ്ഠഭാഗങ്ങൾ ഉള്ളിലേക്കായിരുന്നു തിരിഞ്ഞിരുന്നത്.

5 ജലസംഭരണിയുടെ ഭിത്തി ഒരു കൈപ്പത്തിയോളം ഘനമുള്ളതായിരുന്നു. അതിന്റെ അഗ്രം പാനപാത്രത്തിന്റെ അഗ്രംപോലെ, ഒരു വിടർന്ന ശോശന്നപ്പുഷ്പത്തിന്റെ ആകൃതിയിലായിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം സംഭരിക്കാം.

6 അദ്ദേഹം പിന്നെ പത്തു ക്ഷാളനപാത്രങ്ങൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തും വെച്ചു. ഹോമയാഗത്തിനുള്ള വസ്തുക്കൾ അതിൽ കഴുകിയിരുന്നു. എന്നാൽ വലിയ ജലസംഭരണി പുരോഹിതന്മാർക്കു കഴുകുന്നതിന് ഉള്ളതായിന്നു.

7 അദ്ദേഹം തങ്കംകൊണ്ടു പത്തു വിളക്കുതണ്ടുകൾ—അവയെപ്പറ്റി പ്രത്യേകമായുള്ള നിർദേശങ്ങൾ അനുസരിച്ചുതന്നെ—ഉണ്ടാക്കി. അവയിൽ അഞ്ചെണ്ണം ദൈവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും സ്ഥാപിച്ചു.

8 അദ്ദേഹം പത്തുമേശകൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തുമായി ദൈവാലയത്തിൽ സ്ഥാപിച്ചു. കോരിത്തളിക്കുന്നതിനുള്ള നൂറു സ്വർണത്താലങ്ങളും ഉണ്ടാക്കിവെച്ചു.

9 അദ്ദേഹം പുരോഹിതന്മാർക്കുള്ള അങ്കണം ഉണ്ടാക്കി, വലിയ അങ്കണവും അങ്കണത്തിനുള്ള വാതിലുകളും ഉണ്ടാക്കി. ആ വാതിലുകൾ വെങ്കലംകൊണ്ടു പൊതിഞ്ഞു.

10 വെങ്കലംകൊണ്ടു വാർത്തുണ്ടാക്കിയ വലിയ ജലസംഭരണി അദ്ദേഹം മന്ദിരത്തിൽ തെക്കുഭാഗത്ത്, തെക്കുകിഴക്കേ മൂലയിൽ സ്ഥാപിച്ചു.

11 പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹൂരാം നിർമിച്ചു. അങ്ങനെ, ദൈവത്തിന്റെ ആലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി തന്നെ ഏൽപ്പിച്ചിരുന്ന ജോലികൾ ഹീരാം പൂർത്തീകരിച്ചു:

12 രണ്ടു സ്തംഭങ്ങൾ; സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ; സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ;

13 സ്തംഭങ്ങളുടെ മുകളിലെ ഗോളാകൃതിയിലുള്ള മകുടങ്ങളെ അലങ്കരിക്കാൻ ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴങ്ങൾ; രണ്ടുകൂട്ടം വലപ്പണികൾക്കുംകൂടി നാനൂറു മാതളപ്പഴങ്ങൾ;

14 പീഠങ്ങളും അവയോടുകൂടെയുള്ള ക്ഷാളനപാത്രങ്ങൾ;

15 വലിയ ജലസംഭരണിയും അതിന്റെ അടിയിലായി പന്ത്രണ്ടു കാളകളും;

16 കലങ്ങൾ, കോരികകൾ, മാംസം എടുക്കുന്നതിനുള്ള മുൾക്കരണ്ടികൾ, ഇതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികൾ. യഹോവയുടെ ആലയത്തിലെ ഉപയോഗത്തിനായി, ശലോമോൻ രാജാവിനുവേണ്ടി ഹൂരാം-ആബി നിർമിച്ച ഈ ഉപകരണങ്ങളെല്ലാം മിനുക്കിയ വെങ്കലംകൊണ്ടുള്ളവയായിരുന്നു.

17 യോർദാൻ സമതലത്തിൽ, സൂക്കോത്തിനും സെരേദാനും മധ്യേ, കളിമൺ അച്ചുകളിൽ രാജാവ് ഇവയെല്ലാം വാർപ്പിച്ചു.

18 ശലോമോൻ ഈ ഉപകരണങ്ങളെല്ലാം വളരെയധികമായി ഉണ്ടാക്കിച്ചു. അതിനാൽ അവയ്ക്കു ചെലവായ വെങ്കലത്തിന്റെ കണക്കു തിട്ടപ്പെടുത്താൻ കഴിയുമായിരുന്നില്ല.

19 ദൈവത്തിന്റെ ആലയത്തിലെ സകലവിധ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കിച്ചു: സ്വർണയാഗപീഠം; കാഴ്ചയപ്പം വെക്കുന്നതിനുള്ള മേശകൾ;

20 നിയമപ്രകാരം അന്തർമന്ദിരത്തിനുമുമ്പിൽ കത്തുന്നതിനുള്ള തങ്കവിളക്കുകളും വിളക്കുകാലുകളും;

21 സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കത്രികകൾ (അവ മേൽത്തരമായ തങ്കംകൊണ്ടുള്ളവ ആയിരുന്നു).

22 തിരികൾ വെടിപ്പാക്കുന്നതിനു തങ്കംകൊണ്ടുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ, ആലയത്തിന്റെ സ്വർണക്കതകുകൾ, അതിവിശുദ്ധസ്ഥലത്തേക്കുള്ള അകത്തെ കതകുകൾ, വിശാലമായ മുറിയുടെ കതകുകൾ എന്നിവയെല്ലാം അദ്ദേഹം ഉണ്ടാക്കി.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan